
ന്യൂ മെക്സിക്കോ: നിറതോക്കുമായി നിൽക്കുന്ന ഏഴും ഒൻപതും വയസുള്ള രണ്ട് കുട്ടികളുടെ ഭയാനക ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇവരുടെ സമീപം എങ്ങനെയെങ്കിലും തോക്ക് പൊട്ടാതെ കുട്ടികളിൽ നിന്ന് മാറ്റാൻ എല്ലാ വഴികളും നോക്കുന്ന പൊലീസുകാർ. എന്ത് പറഞ്ഞിട്ടും കേൾക്കാതെ മാറിമാറി തോക്ക് കൈയിൽ പിടിച്ച് നിൽക്കുകയാണ് ഇരുവരും. ഒരുവേള കാഞ്ചി വലിച്ചെങ്കിലും തോക്ക് എന്തോ കാരണം കൊണ്ട് പൊട്ടിയില്ല. ഒടുവിൽ പൊലീസ് അറ്റകൈ പ്രയോഗിച്ചു.
അമേരിക്കയിലെ ന്യൂമെക്സികോയിൽ മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണിതെന്ന് പറയപ്പെടുന്നു. അടുത്തിടെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. ഡ്രോൺ ഉപയോഗിച്ച് പൊലീസ് കുട്ടികളെ നിരീക്ഷിക്കുകയായിരുന്നു. അടുത്ത് നിന്ന് ഇവരോട് സംസാരിക്കുന്നുമുണ്ട്. അപകടം ഒഴിവാക്കാൻ എങ്ങനെ നോക്കിയിട്ടും കുട്ടികൾ തോക്ക് താഴെ വെയ്ക്കാൻ തയ്യാറാവുന്നില്ല. ഇടയ്ക്ക് വെച്ച് കുട്ടികൾ ഒളിയ്ക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇതിനിടെ പൊലീസ് കുട്ടികളെ പേടിപ്പിക്കാനായി അവർക്ക് അപകടമുണ്ടാവാത്ത തരത്തിൽ വെടിയുതിർത്തു. രണ്ട് തവണ വെടിയൊച്ചെ കേട്ടതോടെ കുട്ടികൾ പരിഭ്രാന്തരായി. ഇതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അടുത്തേക്ക് ചെന്ന് കുട്ടിയുടെ കൈയിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങുകയായിരുന്നു. ഇതിനിടെ മറ്റ് പൊലീസുകാരും ഓടിയെത്തി. കുട്ടികളുടെ കൈവശം എങ്ങനെ തോക്ക് എത്തിയെന്ന് വ്യക്തമായിട്ടില്ല. എന്നാൽ ഇവർക്കെതിരെ പൊലീസ് കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. മറിച്ച് കുടുംബത്തിന് സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് മുക്തമാവാനുള്ള പിന്തുണ ലഭ്യമാക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
വൈദ്യ സഹായം ഉൾപ്പെടെ ഇതിനായി ലഭ്യമാക്കി. തോക്ക് കൊണ്ട് കളിച്ച സംഭവത്തിന് മുമ്പ് കുറഞ്ഞത് 50 തവണയെങ്കിലും ഈ വീട്ടിലേക്ക് പൊലീസുകാരെ വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. എല്ലാം ഈ രണ്ട് കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും പ്രശ്നങ്ങളുടെ പേരിലായിരുന്നു. ഇത് ഗുരുതരമായ ഒരു സാഹചര്യമാണെന്ന് മനസിലാക്കിയാണ് കുട്ടികൾക്കും മുതിർന്നവർക്കും ജീവിത സാഹചര്യം മെച്ചപ്പെടുക്കാനുള്ള സഹായം പൊലീസ് ഒരുക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam