കുവൈത്തിൽ ആക്രമണം തുടർന്ന് ഇറാൻ, ഓയിൽ പ്ലാന്‍റിൽ തുടർച്ചയായ ആക്രമണം; വ്യാപക നാശനഷ്ടം, ജീവനക്കാർക്കും ഫയർഫോഴ്‌സ് അംഗങ്ങൾക്കും പരിക്ക്

Published : Jul 18, 2026, 04:08 PM IST
iran attacked kuwait

Synopsis

കുവൈത്തിലെ ഓയിൽ പ്ലാന്റിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ വൻ തീപിടിത്തവും നാശനഷ്ടങ്ങളുമുണ്ടായി. ആക്രമണത്തെ തുടർന്ന്  അഗ്നിശമന സേനാംഗങ്ങൾക്കും നിരവധി തൊഴിലാളികൾക്കും പരിക്കേറ്റു. കുവൈത്ത് വ്യോമാതിർത്തിയിൽ പ്രവേശിച്ച ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സൈന്യം തകർത്തു.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഓയിൽ പ്ലാന്‍റിന് നേരെ ഇറാന്‍റെ തുടർച്ചയായ ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷനെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ആക്രമണത്തെത്തുടർന്ന് പ്ലാന്‍റിൽ ഉണ്ടായ വൻ തീപിടിത്തം അണയ്ക്കുന്നതിനിടയിൽ നിരവധി അഗ്നിശമന സേനാംഗങ്ങൾക്കും ഒരു തൊഴിലാളിക്കും പരിക്കേറ്റു. തുടർന്ന് അടിയന്തരമായി ഒഴിപ്പിക്കൽ നടപടികളും രക്ഷാപ്രവർത്തനവും നടത്തി. രാജ്യത്ത് രണ്ടിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. ആദ്യത്തെ പ്ലാന്റിൽ തീ പടർന്നതോടെ ജീവനക്കാരുടെയും രക്ഷാപ്രവർത്തകരുടെയും സുരക്ഷ മുൻനിർത്തി പ്രദേശം അടിയന്തരമായി ഒഴിപ്പിച്ചു. പരിക്കേറ്റവർക്ക് പ്ലാന്‍റിൽ വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷ നൽകുകയും തുടർന്ന് കൂടുതൽ വൈദ്യസഹായത്തിനായി ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കുവൈത്ത് ജനറൽ ഫയർഫൈറ്റിംഗ് ഫോഴ്‌സും മറ്റ് സുരക്ഷാ വിഭാഗങ്ങളും വിവിധ സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് സംയുക്ത നീക്കം നടത്തിവരികയാണ്. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ ഉണ്ടായ ഈ ആക്രമണത്തെ രാജ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

ശനിയാഴ്ച പുലർച്ചെ മുതൽ കുവൈത്ത് വ്യോമാതിർത്തിയിൽ പ്രവേശിച്ച ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും കുവൈത്ത് സായുധസേന കണ്ടെത്തി വിജയകരമായി തകർത്തതായി പ്രതിരോധ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇറാന്റെ ആക്രമണത്തിൽ കുവൈത്ത് സൈന്യത്തിന്റെ നിരവധി ക്യാമ്പുകളും സൈനിക കേന്ദ്രങ്ങളും ഡ്രോണുകൾ ഉപയോഗിച്ച് ലക്ഷ്യമിട്ടതിനെ തുടർന്ന് കുവൈത്ത് ലാൻഡ് ഫോഴ്‌സിലെ നിരവധി സൈനികർക്ക് ഡ്യൂട്ടിക്കിടെ പരിക്കേറ്റു. 

പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഭൗതിക നാശനഷ്ടമുണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്‍റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി കുവൈത്ത് സായുധസേന എല്ലാ സുരക്ഷാ സംവിധാനങ്ങളുമായും ഏകോപനം നടത്തി ഉയർന്ന ജാഗ്രതയോടെയും പൂർണ സജ്ജതയോടെയും പ്രവർത്തനം തുടരുകയാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വരാനിരിക്കുന്നത് ചുട്ടുപൊള്ളുന്ന ദിനങ്ങൾ, സൗദിയിൽ ഉഷ്ണതരംഗത്തിന് തുടക്കം; മുൻകരുതൽ പാലിക്കാൻ നിർദ്ദേശം
യുഎസ്-ഇറാൻ സംഘർഷം ഗൾഫിലേക്ക് പടരുന്നു, ദുബായും തൊഴിൽ പ്രതിസന്ധിയിലേക്കോ? ഇന്ത്യക്കാരടക്കമുള്ള പ്രവാസികൾ ആശങ്കയിലെന്ന് റിപ്പോർട്ട്