
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുന്നു. ഡിസംബർ 4, 5 തീയതികളിൽ പുടിൻ ഇന്ത്യയിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 23 -ാമത് ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ‘തന്ത്രപരമായ പങ്കാളിത്തം’ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ ദിശാബോധം നൽകാനും ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്താനും പുടിന്‍റെ സന്ദർശനം ഗുണം ചെയ്യുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. രാഷ്ട്രപതി ദ്രൗപദി മുർമു റഷ്യൻ പ്രസിഡന്റിനെ സ്വീകരിക്കുകയും രാഷ്ട്രപതി ഭവനിൽ വിരുന്ന് നൽകുകയും ചെയ്യും. ശേഷം പ്രധാനമന്ത്രി മോദിയുമായി പുടിൻ ചർച്ച നടത്തും.
പ്രാദേശിക-ആഗോള വിഷയങ്ങളിലും ഇരുരാജ്യങ്ങളും ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യ - യുക്രെയിൻ സംഘർഷത്തിനു ശേഷമുള്ള പുടിന്‍റെ ആദ്യ ഇന്ത്യ സന്ദർശനം അതീവ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന താരീഫ് ഭീഷണികളടക്കം പുടിന്‍റെ ഇന്ത്യ സന്ദർശനത്തിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്. റഷ്യൻ എണ്ണ വാങ്ങുന്നതിന്‍റെ പേരിലുള്ള ഉപരോധങ്ങളും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തും.
അതേസമയം 3 വർഷം പിന്നിട്ട റഷ്യ - യുക്രൈൻ യുദ്ധം അവസാനിക്കുന്നുവെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാര്‍ അംഗീകരിക്കുമെന്ന് യുക്രൈൻ പ്രസിഡന്‍റ് സെലൻസ്കി വ്യക്തമാക്കിയതോടെയാണ് പ്രതീക്ഷകൾ സജീവമായത്. യു എസ് മുന്നോട്ടുവെച്ച 28 കാര്യങ്ങളടങ്ങിയ സമാധാന പദ്ധതിക്ക് റഷ്യയും അനുകൂല നിലപാടിലാണെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞയാഴ്ച ജെനീവയിൽ നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് അമേരിക്കയുടെയും യുക്രൈന്‍റെയും ഉദ്യോഗസ്ഥര്‍ സമാധാന കരാരിന് അന്തിമരൂപം നൽകിയത്. രണ്ട് രാജ്യങ്ങളിൽ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് അന്തിമ സമാധാന കരാറിന് രൂപം നൽകിയതെന്ന് യുഎ സ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു. ഉചിതമായ സമാധാന പദ്ധതിയാണിതെന്നും റഷ്യയിലും യുക്രൈനിലും ഉടൻ പ്രതിനിധികളെ അയക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. സമാധാന കരാര്‍ യുക്രൈൻ അംഗീകരിച്ചതോടെ റഷ്യയുമായി ചര്‍ച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. സമാധാന പദ്ധതി അംഗീകരിക്കാൻ ധാരണയായെന്ന് വ്യക്തമാക്കിയ സെലന്‍സ്കിയാകട്ടെ, ദിവസങ്ങൾക്കകം അമേരിക്കയിലെത്തി ട്രംപിനെ നേരിട്ട് കാണുമെന്നും അറിയിച്ചിട്ടുണ്ട്. ഇതോടെ മൂന്ന് വർഷം പിന്നിട്ട റഷ്യ - യുക്രൈൻ യുദ്ധം അവസാനിക്കാനുള്ള വഴിയാണ് തെളിയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam