വോട്ടെടുപ്പ് പൂർത്തിയായി; ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ ഇന്നറിയാം

By Web TeamFirst Published Jul 23, 2019, 7:31 AM IST
Highlights

ബ്രിട്ടന്റെ പ്രധാനമന്ത്രിയായി എത്തുന്നയാളുടെ മുന്നിൽ ബ്രക്സിറ്റ് മാത്രമല്ല വെല്ലുവിളി. ബ്രിട്ടനിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന എണ്ണക്കപ്പൽ പ്രതിസന്ധിയും പ്രധാന വെല്ലുവിളിയാകും.  

ലണ്ടൻ: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. കൺസർവേറ്റീവ് പാർട്ടി നേതാക്കളായ ലണ്ടൻ മുൻ മേയർ ബോറിസ് ജോൺസണും വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടും തമ്മിലാണ് മത്സരം. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നയാൾ നാളെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കും.

ബ്രക്സിറ്റ് ചർച്ചകളിലെ പരാജയത്തിന്റെ പ‍ശ്ചാത്തലത്തിൽ പലവട്ടം കാലിടറി രാജിവയ്ക്കുന്ന തെരേസ മേയുടെ പിൻഗാമിയെ കാത്തിരിക്കുന്നത് ബ്രക്സിറ്റ് യാഥാർഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്. എന്നാൽ, പ്രധാനമന്ത്രിയായി എത്തുന്നയാളുടെ മുന്നിൽ ബ്രക്സിറ്റ് മാത്രമല്ല വെല്ലുവിളി. ബ്രിട്ടനിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന എണ്ണക്കപ്പൽ പ്രതിസന്ധിയും പ്രധാന വെല്ലുവിളിയാകും.

ഇറാനെതിരായി നീങ്ങാൻ അന്താരാഷ്ട്ര സഹകരണം തേടുന്ന ബ്രിട്ടന് അനുകൂലമായ സാഹചര്യമല്ല നിലവിലുള്ളത്. ബ്രക്സിറ്റ് ചർച്ചകളിൽ പോറലേറ്റ യൂറോപ്യൻ ബന്ധവും ആണവകരാറും ബ്രിട്ടിഷ് അംബാസഡറുടെ ഇമെയിൽ വിവാദവും വരുത്തിവച്ച അമേരിക്കയുടെ അനിഷ്ടം തിരിച്ചടിയാകാനാണ് സാധ്യത. ആഭ്യന്തരതലത്തിലും കാര്യങ്ങൾ എളുപ്പമല്ല. ഇറാന്റെ കപ്പൽ പിടിച്ചെടുത്ത ബ്രിട്ടന്റെ നടപടിയിൽ എംപിമാർക്കുതന്നെ അഭിപ്രായവ്യത്യാസമുണ്ട്.

പ്രധാനമന്ത്രിയാകാൻ സാധ്യത കൽപ്പിക്കപ്പെടുന്ന കടുത്ത വലതുപക്ഷക്കാരനായ ബോറിസ് ജോൺസണോട് സ്വന്തം പാർട്ടിയിൽ നിന്നു തന്നെ എതിർപ്പുകളുണ്ട്. പ്രതിപക്ഷവും ഇടഞ്ഞാണ് നിൽക്കുന്നത്. അതേസമയം, പുതിയ പ്രധാനമന്ത്രി ചുമതലയേൽക്കുന്നതിന്റെ പിറ്റേന്ന് അവിശ്വാസപ്രമേയം അവതരിപ്പിക്കാനൊരുങ്ങുകയാണ് ലേബർ പാർട്ടി. എന്നാല്‍ കൺസർവേറ്റീവ് പാർട്ടിയിലെ ചുരുക്കം പേർ വിചാരിച്ചാൽ മാത്രം പ്രമേയം പരാജയപ്പെടും.

14 ദിവസത്തിനകം വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചില്ലെങ്കിൽ സർക്കാർ തന്നെ താഴെ വീഴുന്ന സ്ഥിതിയാണ്. പിന്നെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. പാർലമെന്റിന് ആറാഴ്ചത്തെ വേനലവധി തുടങ്ങുന്നത് വെള്ളിയാഴ്ചയാണ്. അതുവരെ കാത്തിരിക്കാൻ ലേബർ പാർട്ടി തീരുമാനിച്ചാൽ പുതിയ പ്രധാനമന്ത്രിക്ക് ബ്രക്സിറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. പക്ഷേ ധാരണയില്ലാത്ത ബ്രക്സിറ്റാവാം എന്ന ബോറിസ് ജോൺസന്റെ നിലപാടിനോട് ഭൂരിപക്ഷത്തിനും യൂറോപ്യൻ യൂണിയനും യോജിപ്പില്ല. 
 

click me!