മണിക്കൂറുകൾക്കുള്ളിൽ മൃതദേഹം മൃദുവായ അസ്ഥികളും ദ്രാവകവുമായി മാറും. ഈ ദ്രാവകം തണുപ്പിച്ച് ശുദ്ധീകരിച്ച ശേഷം സാധാരണ മലിനജലം പോലെ ഓടകളിലേക്ക് വിടും
ബ്രിട്ടൻ: മൃതദേഹം സംസ്കരിക്കുന്നത് പുതിയ മാർഗവുമായി സ്കോട്ട്ലാൻഡ്. വെറും രണ്ട് മണിക്കൂറിൽ മൃതദേഹം ജലചക്രത്തിന്റെ ഭാഗമാവുന്ന തരത്തിലുള്ള മൃതസംസ്കാര രീതി 2026 മുതൽ നടപ്പിലാക്കാനാണ് സ്കോട്ട്ലാൻഡ് തയ്യാറെടുക്കുന്നതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരമ്പരാഗത രീതിയിലെ സംസ്കാരത്തിന് പ്രകൃതി വാതകം അടക്കമുള്ളവ വലിയ രീതിയിൽ ചെലവിടേണ്ടി വരുന്നുണ്ട്. ഇതിൽ വിപ്ലവകരമായ മാറ്റം വരുത്താൻ ജല സംസ്കാരത്തിന് സാധിക്കുമെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ശാസ്ത്രീയമായി ആൽക്കലൈൻ ഹൈഡ്രോളിസിസ് എന്നറിയപ്പെടുന്ന ബോയിൽ ഇൻ എബാഗ് ശവസംസ്കാര രീതിയാണ് അവതരിപ്പിച്ചത്. യുണൈറ്റഡ് കിംഗ്ഡത്തിൽ ഈ രീതി നടപ്പിലാക്കുന്ന ആദ്യ പ്രദേശമാണ് സ്‌കോട്ട്ലൻഡ്.
ഈ രീതിയിൽ മൃതദേഹം ഒരു പ്രത്യേക കണ്ടെയ്‌നറിൽ വെച്ച് വെള്ളവും ആൽക്കലൈൻ രാസവസ്തുക്കളും ഉപയോഗിച്ച് ലയിപ്പിക്കുന്നു. പ്രകൃതിദത്തമായ അഴുകൽ പ്രക്രിയയ്ക്ക് ഏകദേശം രണ്ട് പതിറ്റാണ്ട് എടുക്കുമെങ്കിൽ ഈ സാങ്കേതികവിദ്യയിലൂടെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അത് സാധ്യമാകും. പട്ടോ അല്ലെങ്കിൽ കമ്പിളിയോ കൊണ്ടുള്ള തുണിയിൽ പൊതിഞ്ഞ മൃതദേഹം ഉയർന്ന മർദ്ദമുള്ള സ്റ്റീൽ ചേമ്പറിൽ വെക്കുന്നു. ഇതിലേക്ക് 95 ശതമാനം വെള്ളവും 5 ശതമാനം പൊട്ടാസ്യം ഹൈഡ്രോക്സൈഡ് പോലുള്ള ആൽക്കലൈൻ രാസവസ്തുക്കളും ചേർന്ന മിശ്രിതം ടാങ്കിൽ നിറയ്ക്കുന്നു. ഇത് 150 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ചൂടാക്കുന്നു. ഉയർന്ന മർദ്ദം ഉള്ളതിനാൽ ചേംബറിനുള്ളിൽ വെള്ളം തിളയ്ക്കുന്നില്ല. മണിക്കൂറുകൾക്കുള്ളിൽ മൃതദേഹം മൃദുവായ അസ്ഥികളും ദ്രാവകവുമായി മാറും. ഈ ദ്രാവകം തണുപ്പിച്ച് ശുദ്ധീകരിച്ച ശേഷം സാധാരണ മലിനജലം പോലെ ഓടകളിലേക്ക് വിടുന്നു.
പരമ്പരാഗത ശ്മശാനങ്ങളിൽ ധാരാളം പ്രകൃതിവാതകം ഉപയോഗിക്കുമ്പോൾ, ജലസംസ്കാര രീതി ഒരു പരിസ്ഥിതി സൗഹൃദ ബദലാണെന്നാണ് വിദഗ്ധർ അവകാശപ്പെടുന്നത്. അവശേഷിക്കുന്ന അസ്ഥികൾ ഉണക്കി പൊടിച്ച് ചിതാഭസ്മത്തിന് സമാനമായ വെളുത്ത പൊടിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.ഈ രീതിക്ക് പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും ചില വിവാദങ്ങളും ഉയരുന്നുണ്ട്. മൃതദേഹം ലയിപ്പിച്ച ദ്രാവകം സാധാരണ ജലസ്രോതസ്സുകളിലേക്ക് തിരികെ വിടുന്നതാണ് പ്രധാന തർക്കവിഷയമാവുന്നത്. എന്നാൽ ഈ ദ്രാവകത്തിൽ ഡിഎൻഎ അടങ്ങിയിട്ടില്ലെന്നും ഇത് പൂർണ്ണമായും അണുവിമുക്തമാണെന്നും ഇതിനാവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുന്ന കൈൻഡ്ലി എർത്ത് എന്ന കമ്പനി അവകാശപ്പെടുന്നുണ്ട്. ഇതിൽ പ്രോട്ടീനുകൾ, പഞ്ചസാര, ലവണങ്ങൾ എന്നിവ മാത്രമേ ഉണ്ടാകൂവെന്നും കമ്പനി കൂട്ടിച്ചേർക്കുന്നത്.
ഒരു ജലസംസ്കാരത്തിന് 1,500 ഡോളർ മുതൽ 5,000 ഡോളർ വരെ (ഏകദേശം 1.25 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ) ചെലവ് വരാനാണ് സാധ്യത. ജലസംസ്കാരവുമായി ബന്ധപ്പെട്ട് 2023ൽ നടത്തിയ ഒരു സർവേയിൽ 84 ശതമാനം പേരും ഇതിനെ പിന്തുണച്ചതിനാലാണ് സ്‌കോട്ട്ലൻഡ് ഈ രീതി ആദ്യം നടപ്പിലാക്കുന്നത്. പ്രാദേശിക ഭരണകൂടങ്ങളിൽ നിന്നും വാട്ടർ അതോറിറ്റികളിൽ നിന്നും അനുമതി ലഭിച്ച ശേഷം 2026 വേനൽക്കാലത്ത് ആദ്യത്തെ ജലദഹനം നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്.


