
ഇസ്ലാമാബാദ്: പിടിഐ അധ്യക്ഷൻ ഇമ്രാൻഖാനെ പ്രധാനമന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തിൻ്റെ സംയുക്ത സ്ഥാനാർത്ഥി ഷെഹബാസ് ഷെരീഫ് പാകിസ്ഥാൻ്റെ 23-ാം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് മത്സരിക്കാൻ പിടിഐ തീരുമാനിച്ചിരുന്നതിനാൽ പിടിഐയുടെ ഔദ്യോഗിക സ്ഥാനാർത്ഥി ഷാ മെഹമ്മൂദ് ഖുറേഷിക്ക് ഒരു വോട്ടും ലഭിച്ചില്ല. ഷെഹ്ബാസിന് 174 വോട്ടുകൾ ലഭിച്ചു.
ഇന്ത്യയുമായി നല്ല ബന്ധം നിലനിർത്തണം എന്നാണ് ആഗ്രഹമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ അസംബ്ലിയിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ ഷെഹബാസ് ഷെരീഫ് പറഞ്ഞു. എന്നാൽ ഇന്ത്യയുമായുള്ള ബന്ധത്തിൽ സുസ്ഥിര സമാധാനം ഉറപ്പാക്കാൻ കശ്മീർ വിഷയം രമ്യമായി പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെന്ന നിലയിൽ ദേശീയ അസംബ്ലിയിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ സർക്കാർ ജീവനക്കാരുടെ മിനിമം വേതനം 25,000 രൂപയായി ഉയർത്തുന്നതായി ഷെഹബാസ് ഷെരീഫ് പ്രഖ്യാപിച്ചു. മറ്റു ആശ്വാസ നടപടികളുടെ ഭാഗമായി യൂട്ടിലിറ്റി സ്റ്റോറുകളിൽ വില കുറഞ്ഞ ഗോതമ്പ് ലഭ്യമാകുമെന്നും യുവാക്കൾക്ക് ലാപ്പ്ടോപ്പുകൾ നൽകുമെന്നും ഷെഹബാസ് പ്രഖ്യാപിച്ചു. "അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 1 രൂപ ഉയർന്നപ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് പറഞ്ഞ വ്യക്തിയാണ് ഇമ്രാൻ ഖാൻ, ഇപ്പോൾ രൂപ ഏകദേശം 8 രൂപ വീണ്ടെടുത്തത് അദ്ദേഹം കാണണം - ഷെഹബാസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ ചേർന്ന പാകിസ്ഥാൻ ദേശീയ അംസ്ലബിയിൽ 14 മണിക്കൂറോളം നീണ്ട തർക്കത്തിന് അവസാനമാണ് ദേശീയ അംസബ്ലിയുടെ അധോസഭ ഇമ്രാൻഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാൻ അവിശ്വാസ വോട്ടെടുപ്പിലൂടെ തീരുമാനിച്ചത്. ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര ഖാസിം സൂരിയുടെ അധ്യക്ഷതയിൽ ഖുർ ആൻ പാരായണത്തിന് ശേഷമാണ് തിങ്കളാഴ്ചയത്തെ സമ്മേളനം ആരംഭിച്ചത്. പ്രധാനമന്ത്രിയെ തെരഞ്ഞെടുത്ത ശേഷം സഭ താത്കാലികമായി പിരിഞ്ഞു.
സംയുക്ത പ്രതിപക്ഷ അംഗങ്ങളുടെ നേതാക്കളുടെ കഠിനമായ പരിശ്രമവും അള്ളാഹുവിൻ്റെ അനുഗ്രഹവും കാരണമാണ് അസാധാരണ പ്രതിസന്ധിയിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാനായതെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പാക്കിസ്ഥാന്റെ ചരിത്രത്തിൽ ആദ്യമായാണ് അവിശ്വാസ പ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രിയെ പുറത്താക്കുന്നതെന്നും ഇത് ചരിത്രത്തിൽ ഇടം നേടുന്ന ദിവസമാണെന്നും പറഞ്ഞ ഷെഹബാസ് ജനങ്ങളുടെ സന്തോഷം സാമ്പത്തിക സൂചികകളിൽ കൂടി പ്രകടമാകുമെന്ന് പാകിസ്ഥാൻ രൂപയുടെ മൂല്യത്തിലുണ്ടായ വർധന ചൂണ്ടിക്കാട്ടി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam