
ബീജിങ്: കൊവിഡ് വ്യാപനത്തെ തുടർന്ന് ചൈനീസ് നഗരമായ ഷാങ്ഹായിയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കടുത്ത നിയന്ത്രണങ്ങൾ കാരണം ജനം പ്രതിഷേധിച്ച് തുടങ്ങി. ഭക്ഷണത്തിനായി ജനലിനരികിൽ അലറിവിളിച്ച് പ്രതിഷേധിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. ഏപ്രിൽ അഞ്ച് മുതലാണ് ഷാങ്ഹായിയിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയത്. 2.6 കോടിയോളം ആളുകൾ തിങ്ങിപ്പാർക്കുന്ന ഷാങ്ഹായ് നഗരത്തിൽ ലോക്ഡൗൺ നിയന്ത്രണം കടുപ്പിച്ചത് വിമർശന വിധേയമായിരുന്നു. കൊവിഡ് റിപ്പോർട്ട് ചെയ്യുന്ന മറ്റ് രാജ്യങ്ങളിലൊന്നും ഇത്രയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.
വൈറസ് ബാധിതരായ കുട്ടികളെ കൊവിഡ് മുക്തരായ മാതാപിതാക്കളിൽനിന്ന് അകറ്റിനിർത്തുന്ന നയമാണ് കൂടുതൽ പ്രതിഷേധത്തിന് കാരണമായത്. സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ ചില നിയന്ത്രണങ്ങളിൽ അധികൃതർ അയവ് വരുത്തിയിരുന്നു. ഫ്ലാറ്റുകളിൽ ജനലുകളിലെത്തി അലറി വിളിച്ച് പ്രതിഷേധിക്കുന്നത് കുറച്ച് പേരാണ് തുടങ്ങിയത്. ഇപ്പോൾ നിരവധി പേർ ജനലിനരികിലെത്തി അലറിവിളിക്കുന്നു. സർക്കാർ വിതരണം ചെയ്യുന്ന റേഷൻ സാധനങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയതോടെ പ്രതിഷേധം കനത്തു. പലർക്കും മതിയായ ഭക്ഷ്യസാധനങ്ങൾ ലഭിക്കുന്നില്ലെന്നും ആരോപണമുയർന്നു.
ഞായറാഴ്ച മാത്രം നഗരത്തിൽ 24,943 പുതിയ കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തു. ചൈനയിലെ ആകെ കോവിഡ് കേസുകളുടെ 90 ശതമാനവും ഷാങ്ഹായ് നഗരത്തിൽനിന്നാണെന്ന് അധികൃതർ വ്യക്തമാക്കി. ചൈനയിൽ സീറോ കൊവിഡ് നയത്തിന്റെ ഭാഗമായാണ് ഇത്രയും വലിയ നഗരം അടച്ചുപൂട്ടിയത്. ഇത്രയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ ജനത്തിന് പിടിച്ചുനിൽക്കാനാകില്ലെന്ന് പ്രശസ്ത ആരോഗ്യ വിദഗ്ധൻ ഡോ. എറിക് ഫീഗൽ ഡിങ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam