
ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ എഞ്ചിൻ തകരാറിനെ തുടർന്ന് അടിയന്തിര ലാന്‍ഡിംഗ് നടത്തിയ ചെറുവിമാനം ഹൈവേയിലൂടെ പോവുകയായിരുന്ന ടൊയോട്ട കാമ്‌റി കാറില്‍ ഇടിച്ചു. കാർ യാത്രികയ്ക്ക് നിസ്സാര പരിക്കേറ്റു. വിമാനത്തിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
തിങ്കളാഴ്ച്ച വൈകുന്നേരം ഫ്‌ളോറിഡയില്‍ മെറിറ്റ് ഐലന്‍ഡിനടുത്തുള്ള തിരക്കേറിയ ഐ-95 ഹൈവേയിലാണ് ചെറുവിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോയിൽ, വിമാനം ഫ്രീവേയിലേക്ക് ഇറങ്ങുന്നത് കാണാം. വിമാനം കാറിന് മുകളിലൂടെ തട്ടിയ ശേഷം റോഡിലൂടെ ഉരസി നീങ്ങി ഒടുവിൽ നിശ്ചലമാവുകയായിരുന്നു. വിമാനത്തിന് സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് പൈലറ്റ് വിമാനം ഹൈവേയില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് ടൊയോട്ട കാറിലിടിച്ചത്.
27 വയസ്സുള്ള പൈലറ്റും ഒരു യാത്രക്കാരനുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവർ അപകടത്തിൽ പരിക്കേൽക്കാതെ സുരക്ഷിതരാണ്. 57 വയസ്സുള്ള വനിതയാണ് കാർ ഓടിച്ചിരുന്നത്. ഇവരെ നിസ്സാര പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5: 45 നാണ് അപകടം നടന്നത്. അപകടത്തെത്തുടര്‍ന്ന് ഹൈവേ അടച്ചിട്ടു.