
എസ്സെക്സ്: പോകരുതെന്ന് അവളെ വിലക്കിയതാണ്, എന്നാല്‍ കടങ്ങള്‍ വീട്ടണമെന്ന ഭാരിച്ച ഉത്തവാദിത്വം ഏറ്റെടുത്ത മകളെ തടയാനായില്ലെന്ന് വിതുമ്പുകയാണ് ലണ്ടനില്‍ ട്രക്കിനുള്ളില്‍ ശ്വാസം മുട്ടി മരിച്ച പെണ്‍കുട്ടിയുടെ കുടുംബം. ഫാം തി ത്രാ മെ എന്ന വിയറ്റ്നാം സ്വദേശിയായ 26 കാരിയുമുണ്ടായിരുന്നു ആ കണ്ടെയ്നറിനുള്ളില്‍ എന്നാണ് പുറത്തുവരുന്ന വിവരം.
അനധികൃതമായുള്ള ആ യാത്രയില്‍ അവള്‍ക്ക് ലഭിക്കുമെന്ന് പറഞ്ഞിരുന്നത് 27,29,512 രൂപയാണ്(30000 പൗണ്ട്). ആ യാത്ര വേണ്ടെന്ന് പിതാവ് ഫാം വാന്‍ തിന്‍ അവളെ വിലക്കിയതായിരുന്നു. ബന്ധുക്കളും അവളെ തടയാന്‍ ശ്രമിച്ചു.
ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ അവള്‍ക്ക് ആ യാത്ര ക്ലേശകരമായിരിക്കുമെന്ന് അവളോട് പറഞ്ഞിരുന്നുവെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. എന്നാല്‍ '' ഞാന്‍ ഇപ്പോള്‍ പോയില്ലെങ്കില്‍ ഭാരിച്ച കടക്കെണിയില്‍പ്പെട്ട് കുടുംബം കഷ്ടപ്പെടും'' എന്നായിരുന്നു അവളുടെ മറുപടി.
''അതുകൊണ്ട് ആ കഠിനമായ വഴി തെരഞ്ഞെടുക്കാന്‍ അവള്‍ തീരുമാനിക്കുകയായിരുന്നു'' ബന്ധുക്കള്‍ പറഞ്ഞു. ''ഈ വഴിയാണ് എന്‍റെ മകള്‍ പോകുന്നതെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ അവളെ അയക്കില്ലായിരുന്നുവെന്ന് വാന്‍ തിന്‍ കൂട്ടിച്ചേര്‍ത്തു.
തനിക്ക് ശ്വസിക്കാനാകുന്നില്ലെന്നായിരുന്നു അവള്‍ ഒടുവിലായി കുടുംബത്തിനയച്ച സന്ദേശം. " എന്നോട് പൊറുക്കണം അമ്മാ.. . ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു. ഒട്ടും ശ്വാസമെടുക്കാൻ പറ്റുന്നില്ലമ്മാ...! ഞാനിപ്പോള്‍ മരിച്ചുപോകും, സത്യം.'' എന്നായിരുന്നു ആ സന്ദേശം.
പിന്നീട് അവര്‍ക്ക് അവളുടെ ശബ്ദം കേള്‍ക്കാനോ സന്ദേശം കൈപ്പറ്റാനോ ആയിട്ടില്ല. മരിച്ച എട്ട് സ്ത്രീകളിലൊന്ന് ഫാം തി തന്നെയാണെന്ന് ഏകദേശം ഉറപ്പിച്ചിരിക്കുകയാണ്. എട്ട് സ്ത്രീകളും 31 പുരുഷന്മാരുമാണ് ട്രക്കില്‍ ഉണ്ടായിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam