
കാബൂൾ: ഇന്ത്യയുമായി രാഷ്ട്രീയ ബന്ധം ആഗ്രഹിക്കുന്നു എന്ന് പ്രഖ്യാപിച്ച് താലിബാൻ. താലിബാൻറെ നിർദ്ദേശത്തോട് തല്ക്കാലം പ്രതികരിക്കുന്നില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അതേസമയം ഇന്ത്യയിലുള്ള അഫ്ഗാൻ പൗരൻമാരുടെ വീസ രണ്ടു മാസത്തേക്ക് കൂടി നീട്ടി നല്കാൻ സർക്കാർ തീരുമാനിച്ചു. ഇപ്പോൾ സർക്കാർ രൂപീകരണത്തെക്കുറിച്ച് വ്യക്തതയില്ല. അതുകൊണ്ട് താലിബാനെ അംഗീകരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാറായിട്ടില്ലെന്നാണ് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി പ്രതികരിച്ചത്.
ഈ മാസം പതിനഞ്ചിന് കാബൂൾ പിടിച്ച ശേഷം ഇതാദ്യമായാണ് താലിബാൻ ഇന്ത്യയുമായുള്ള ബന്ധം പരാമർശിക്കുന്നത്. ദോഹയിലെ താലിബാൻ ഉപമേധാവി ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റേനക്സായി നല്കിയ സന്ദേശത്തിലാണ് നിർദ്ദേശം. ഇന്ത്യയുമായി വാണിജ്യ സാംസ്കാരിക രാഷ്ട്രീയ ബന്ധം താലിബാൻ ആഗ്രഹിക്കുന്നു. പാകിസ്ഥാനിലൂടെ ഇന്ത്യയിലേക്കുള്ള വ്യാപാരം തുടരാൻ ആഗ്രഹിക്കുന്നു എന്ന് താലിബാൻ നേതാവ് പറഞ്ഞു. ഇന്ത്യയെ മേഖലയിലെ പ്രധാന പങ്കാളിയായി കാണുന്നു എന്ന സന്ദേശവും താലിബാൻ നല്കി. എന്നാൽ അഫ്ഗാനിൽ ഏതു തരത്തിലുള്ള സർക്കാർ താലിബാൻ രൂപീകരിക്കുന്നു എന്നത് നിരീക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ജമ്മുകശ്മീരിനെക്കുറിച്ച് താലിബാൻ സ്വീകരിക്കുന്ന നിലപാടും അറിയേണ്ടതുണ്ട്. ഇന്ത്യയ്ക്ക് ധൃതിയില്ല എന്ന സൂചന കഴിഞ്ഞ ദിവസം വിദേശകാര്യവക്താവ് നല്കിയിരുന്നു.
അമേരിക്ക നാളെ പിൻമാറുന്നതോടെ അവിടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് വിദേശകാര്യമന്ത്രാലയത്തിനു മുന്നിലുള്ള വെല്ലുവിളി. ഇതിന് താലിബാൻറെ സഹായം വേണ്ടി വരും. തുടക്കത്തിൽ രക്ഷാദൗത്യത്തിന് ഇന്ത്യ ഹമീദ് കർസായി, അബ്ദുല്ല അബ്ദുല്ല എന്നിവരുടെയും റഷ്യയുടെയും സഹകരണം കൂടി തേടിയിരുന്നു എന്ന റിപ്പോർട്ടും പുറത്തു വന്നു. ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരൻമാരെ സ്വീകരിക്കും എന്ന നയം നാളെയ്ക്കു ശേഷവും തുടരാനാണ് തീരുമാനം. ഇപ്പോൾ ഇന്ത്യയിലുള്ള അഭയാർത്ഥികൾക്കെല്ലാം വിസ കാലാവധി നീട്ടി നല്കുമെന്ന പ്രഖ്യാപനവും ഈ നയത്തിൻറെ ഭാഗമാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam