ഇനി, രഹസ്യവും പരസ്യവുമായി ഒരു പിടി ചടങ്ങുകൾ; മാർപ്പാപ്പയുടെ വിയോഗാനന്തരം റോമിൽ നടക്കുക എന്തൊക്കെ?

Published : Apr 21, 2025, 04:26 PM ISTUpdated : Apr 21, 2025, 04:49 PM IST
ഇനി, രഹസ്യവും പരസ്യവുമായി ഒരു പിടി ചടങ്ങുകൾ; മാർപ്പാപ്പയുടെ വിയോഗാനന്തരം റോമിൽ നടക്കുക എന്തൊക്കെ?

Synopsis

രഹസ്യ സ്വഭാവമുള്ളതും അല്ലാത്തതുമായി മാര്‍പ്പാപ്പയുടെ മരണ ശേഷം റോമിൽ നടക്കുന്നത് നിരവധി അനവധി ചടങ്ങുകളാണ്

ഒരു പോപ്പിന്റെ മരണം നടന്നാൽ തൊട്ടു പിന്നാലെ റോമിൽ എന്തൊക്കെ സംഭവിക്കും? നേരത്തേ തന്നെ തീരുമാനിക്കപ്പെട്ട സംഭവങ്ങളുടെ ഒരു പരമ്പര തന്നെ വത്തിക്കാനിൽ നടക്കും. അതിൽ രഹസ്യ സ്വഭാവമുള്ളവയും പൊതുജനങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളും ഉണ്ട്. പല കാര്യങ്ങളും പുരാതനമായി റോം പിന്തുടർന്ന് പോരുന്ന കാര്യങ്ങൾ തന്നെയാണ്. അത് നൂറ്റാണ്ടുകളിലൂടെയും മുൻഗാമികളായ പോപ്പുമാരുടെ മരണം സംഭവിച്ചപ്പോഴുള്ള ചടങ്ങുകളിലൂടെയും പരിഷ്കരിച്ച് വന്നതും അല്ലാത്തതുമായ ചടങ്ങുകളാണ്.

പോപ്പിന്‍റെ മരണം സ്ഥിരീകരിക്കുക

പോപ്പിന്‍റെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയാണ് ആദ്യത്തെ ചടങ്ങ്. അത് ചെയ്യാൻ പ്രത്യേകം അധികാരപ്പെടുത്തിയിരിക്കുന്ന ആളുണ്ട്. വത്തിക്കാനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും ഇത് ചെയ്യുക. കാർമലെംഗോ എന്നാണ് ഈ സ്ഥാനത്തിന് പറയുന്ന പേര്. ഐറിഷ് വംശജനായ കർദ്ദിനാൾ കെവിൻ ഫാരെൽ ആണ് നിലവിൽ ആ സ്ഥാനം വഹിക്കുന്നത്. പാരമ്പര്യം അനുസരിച്ച് പോപ്പിന്‍റെ ഭൗതിക ശരീരം അദ്ദേഹത്തിന്‍റെ സ്വകാര്യ ചാപ്പലിലേക്കാവും ആദ്യം കൊണ്ടുപോവുക. ആ ഭൗതിക ശരീരത്തെ കാർമലെംഗോ സ്ഥാനത്തിരിക്കുന്ന കർദ്ദിനാൾ സന്ദർശിക്കും. 

അവിടെ വെച്ച് കാർമലെംഗോ പോപ്പിന്‍റെ പേര് വിളിച്ച് അദ്ദേഹത്തെ ഉണർത്താൻ ശ്രമിക്കും. പോപ്പ് പ്രതികരിക്കാതെയിരിക്കുന്നതോടെ പോപ്പിന്‍റെ ഔദ്യോഗിക മുദ്രയായ മോതിരം നശിപ്പിക്കുകയോ വികൃതമാക്കുകയോ ചെയ്യും. മുദ്രമോതിരം നശിപ്പിക്കപ്പെടുന്നതോടെ പോപ്പിന്‍റെ ഭരണകാലം അവസാനിക്കും. ഒപ്പം തന്നെ പോപ്പ് ഉപയോഗിച്ചിരുന്ന പാപ്പൽ അപ്പാർട്ട്മെന്റുകൾ സീൽ ചെയ്യും. പിന്നാലെ വത്തിക്കാനിലെ സഭാ ഭരണ സമിതിയായ കർദ്ദിനാൾസ് കോളേജിനെ കാ‍ർമലെംഗോ പോപ്പിന്‍റെ മരണ വിവരം അറിയിക്കും. അതിന് ശേഷമാണ് പോപ്പിന്‍റെ മരണം പ്രസ്താവനയിലൂടെ ലോകത്തെ അറിയിക്കുക.

സ്വകാര്യ ചാപ്പലിൽവെച്ച് കാ‍ർമലെംഗോ ഒരു വെള്ളിച്ചുറ്റിക കൊണ്ട് പോപ്പിന്റെ തലയിൽ പതിയെ മുട്ടി മരണം ഉറപ്പിക്കുന്ന ചടങ്ങിനെ കുറിച്ചും പറയപ്പെടുന്നുണ്ട്. പേര് വിളിച്ചിട്ടും പോപ്പ് ഉണരാത്ത സാഹചര്യത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ വത്തിക്കാൻ പലപ്പോഴും ഈ ചടങ്ങ് നിഷേധിച്ചിട്ടുണ്ട്. ആധുനിക കാലത്ത് ഈ പാരന്പര്യ ചടങ്ങുകൾക്ക് മുൻപേ ഡോക്ടർമാർ ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ പോപ്പിന്റെ് മരണം സ്ഥിരീകരിച്ചിരിക്കും.

ദുഃഖാചരണം

പോപ്പിന്റെ മരണം സ്ഥിരീകരിച്ചു കഴിഞ്ഞാൽ പുരാതന റോമൻ ആചാര പ്രകാരം വത്തിക്കാൻ ഒന്പത് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കും. അത് ആഗോള കത്തോലിക്ക സഭയ്ക്ക് ബാധകമായിരിക്കും. ഇറ്റലി സാധാരണയായി ദേശീയ ദുഃഖാചരണവും പ്രഖ്യാപിക്കും. പിന്നീട് പോപ്പിന്റെ ഭൗതിക ശരീരം ഔദ്യോഗിക വേഷം അണിയിച്ച് പൊതുദർശനത്തിനായി സെന്റ്ം പീറ്റേഴ്സ് ബസിലിക്കയിൽ വെക്കും. ലോക നേതാക്കളും പ്രമുഖരും ഉൾപ്പെടെയുള്ളവർ അവിടെയെത്തിയാകും പോപ്പിന് അന്ത്യാഞ്ജലി അർപ്പിക്കുക. മുൻ പോപ്പുകളുടെ ഭൗതിക ശരീരങ്ങൾ കാറ്റഫാൽക്ക് എന്നറിയപ്പെടുന്ന ഉയർന്ന വേദിയിലാണ് പൊതുദർശനത്തിനായി വെച്ചിരുന്നത്. 

എന്നാൽ സാധാരണ രീതിയിൽ ആർഭാടമോ ആഡംബരമോ ഇല്ലാതെ തുറന്ന പെട്ടിയിൽ  ആവണം തന്റെ ഭൗതിക ശരീരം പൊതുദർശനത്തിനായി വെക്കേണ്ടതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആവശ്യപ്പെട്ടിട്ടുണ്ട്. വത്തിക്കാൻ അത് അനുസരിക്കാനാണ് സാധ്യത. പിന്നാലെ വത്തിക്കാനിലും ലോകമെന്പാടുമുള്ള കത്തോലിക്ക ദേവാലയങ്ങളിലും പോപ്പിനായി വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് വത്തിക്കാൻ "സീറ്റ് ഒഴിഞ്ഞുകിടക്കുന്നു" എന്നർത്ഥം വരുന്ന ‘സെഡെ വാക്കന്റെ’ എന്ന കാലഘട്ടത്തിലേക്ക് പ്രവേശിക്കും, ഈ കാലയളവിൽ സഭയുടെ ഭരണം താൽക്കാലികമായി കാർഡിനൽസ് കോളേജിന് കൈമാറും. പക്ഷേ ഒരു പുതിയ പോപ്പിനെ തെരഞ്ഞെടുക്കുന്നതുവരെ കാർഡിനൽസ് കോളേജിന് പ്രധാന തീരുമാനങ്ങളൊന്നും എടുക്കാൻ കഴിയില്ല.

ചരിത്രപരമായി മാർപ്പാപ്പമാരുടെ ഭൗതിക ശരീരങ്ങൾ എംബാം ചെയ്ത് സൂക്ഷിക്കുകയാണ് പതിവ്. ആന്തരിക അവയവങ്ങൾ എടുത്തുമാറ്റും. റോമിലെ ട്രെവി ഫൗണ്ടന് സമീപമുള്ള ഒരു ചാപ്പലിൽ ഇരുപതിലധികം പോപ്പുമാരുടെ ഹൃദയങ്ങൾ മാർബിൾ കലശത്തിൽ സൂക്ഷിച്ചിട്ടുണ്ട്.അവ വിശുദ്ധ തിരുശേഷിപ്പുകളായി സംരക്ഷിക്കപ്പെടുന്നു. എന്നാൽ ഈ രീതി ഇപ്പോഴില്ല.

മാർപ്പാപ്പയുടെ സംസ്കാരം

പാപ്പയുടെ മരണശേഷം നാല് മുതൽ ആറ് ദിവസങ്ങൾക്കുള്ളിൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ അദ്ദേഹത്തിന്റെ ശവസംസ്‌കാരം നടക്കണം. കർദ്ദിനാൾമാരുടെ ഡീൻ ആണ് സംസ്കാര ശ്രുശ്രൂഷകൾക്ക് നേതൃത്വം നൽകേണ്ടത്. 91 വയസുള്ള ഇറ്റലിക്കാരമായ കർദ്ദിനാൾ ജിയോവനി ബാറ്റിസ്റ്റ റീ ആണ് ഇപ്പോൾ ആ സ്ഥാനത്തുള്ളത്. ശുശ്രൂഷകൾ പൂർത്തിയായ ശേഷം വത്തിക്കാൻ ഗ്രോട്ടോസിൽ, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് താഴെ ഭൂഗർഭ അറയിൽ ഉള്ള കല്ലറിയിലാണ് പോപ്പുമാരെ അടക്കം ചെയ്യുന്നത്. 2013ൽ സ്ഥാനം ഒഴിഞ്ഞ് 2022ൽ അന്തരിച്ച മരിച്ച പോപ്പ് എമിരെറ്റിസ് ബെനഡിക്ട് പതിനാറാമൻ ഉൾപ്പെടെ ഏകദേശം 100 പോപ്പുമാരെ അടക്കം ചെയ്തിട്ടുള്ളത് അവിടെയാണ്. എന്നാൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട റോമിലെ സാന്താ മരിയ മാഗിയോർ ബസിലിക്കയാണ് തന്റെ അന്ത്യവിശ്രമ സ്ഥലമായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ 2023ൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. റോമിലെത്തുന്ന വിശ്വാസികളിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഇടമാണ് സാന്താ മരിയ മാഗിയോർ ബസിലിക്ക. അങ്ങനെയാണെങ്കിൽ ഒരു നൂറ്റാണ്ടിനിടയിൽ വത്തിക്കാന് പുറത്ത് സംസ്കരിക്കപ്പെടുന്ന ആദ്യ മാർപ്പാപ്പയാകും പോപ്പ് ഫ്രാൻസിസ്.

സാധാരണ മൂന്ന് ലെയറുള്ള പേടകത്തിലാണ് മാർപ്പാപ്പമാരെ അടക്കം ചെയ്യാറ്. സൈപ്രെസ് തടി കൊണ്ടുള്ള ഒരു ലെയർ, സിങ്ക് കൊണ്ടുള്ള മറ്റൊരു ലെയർ, എൽമ് തടി കൊണ്ടുള്ള മൂന്നാമത്തെ ലെയർ എന്നിങ്ങനെയാണ് പേടകം നിർമ്മിക്കുന്നത്. എന്നാൽ രണ്ട് ലെയറുള്ള ശവപേടകം മതി തനിക്കെന്നും ഫ്രാൻസിസ് മാർപ്പാപ്പ മുൻപേ വ്യക്തമാക്കിയിട്ടുണ്ട്. പോപ്പുമാരുടെ ഭരണകാലത്ത് അച്ചടിച്ച നാണയങ്ങളും, അദ്ദേഹത്തിന്റെ ജീവിതവും ഭരണവും രേഖപ്പെടുത്തിയ 1,000 വാക്കുകളുള്ള റോജിറ്റോ എന്നറിയപ്പെടുന്ന പേപ്പർ ചുരുൾ ഉൾക്കൊള്ളുന്ന ഒരു ലോഹ ട്യൂബും ശവപേടകത്തിൽ നിക്ഷേപിക്കും. പോപ്പ് ഫ്രാൻസിസിന്റെപ കാര്യത്തിലും ഇത്തരത്തിൽത്തന്നെ ചെയ്യാനാണ് സാധ്യത.

പുതിയ പോപ്പിന്റെ തെരഞ്ഞെടുപ്പ്

പോപ്പിന്റെ സംസ്കാരത്തിന് ശേഷം മൂന്നോ നാലോ ആഴ്ചകൾക്ക് ശേഷമാകും പുതിയ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയകൾക്ക് വത്തിക്കാൻ തുടക്കം കുറിക്കുന്നത്. അതീവ രഹസ്യ സ്വഭാവമുള്ള പ്രക്രിയയാണ് ഇത്. ഇതിനായി വോട്ടവകാശമുള്ള കാർഡിനൽസ് കോളേജ് സിസ്റ്റൈൻ ചാപ്പലിൽ ഒത്തുകൂടും. സൈദ്ധാന്തികമായി മാമോദിസ സ്വീകരിച്ച കത്തോലിക്ക വിശ്വാസിയായ ഏതൊരു പുരുഷനും മാർപ്പാപ്പ സ്ഥാനത്തേക്ക് എത്താം. എന്നാൽ കഴിഞ്ഞ 700 വർഷമായി ‘കോളേജ് ഓഫ് കാർഡിനൽസി’ൽ നിന്നാണ് മാർപ്പാപ്പയെ തെരഞ്ഞെടുത്തിരുന്നത്. ഇതുവരെയുള്ള 266 മാർപ്പാപ്പമാരിൽ ഭൂരിപക്ഷവും യൂറോപ്പിൽ നിന്നുള്ളവരാണ്. കത്തോലിക്ക സഭയുടെ 1300 വർഷത്തെ ചരിത്രത്തിൽ ആദ്യമായി യൂറോപ്പിന് പുറത്തു നിന്നുള്ള സഭാതലവനാണ് പോപ്പ് ഫ്രാൻസിസ്. 
 
മാർപ്പാപ സ്ഥാനത്തേത്ത് എത്തുന്നതിനായി കർദിനാൾമാർ മറ്റ് കർദിനാൾമാരോട് വോട്ട് അഭ്യർത്ഥിക്കുകയോ പരസ്യമായി സ്ഥാർനാർത്ഥിത്വ പ്രചാരണം നടത്തുകയോ ചെയ്യില്ല. പകരം മാ‍ർപ്പാപ്പ സ്ഥാനത്തേക്ക് എത്താൻ സാധ്യതയുള്ളവരെ വത്തിക്കാൻ കണ്ടെത്തുകയാണ് പതിവ്. അത് വളരെ നീണ്ട, അവർ പോലും അറിയാത്ത പരീക്ഷണ, നിരീക്ഷണങ്ങളുടെ ശേഷമാകും. വോട്ടെടുപ്പ് ദിവസം, പ്രശസ്തമായ സിസ്റ്റൈൻ ചാപ്പൽ അടച്ചിടുകയും രഹസ്യ സത്യപ്രതിജ്ഞ ചെയ്ത ശേഷം കർദ്ദിനാൾമാരെ അകത്തേക്ക് കടത്തിവിട്ട ശേഷം പുറത്ത് നിന്ന് പൂട്ടുകയും ചെയ്യും. 80 വയസിൽ താഴെയുള്ള കർദിനാൾമാർക്ക് മാത്രമേ പേപ്പൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ഇത്തവണ 120 പേർ തങ്ങളുടെ തെരഞ്ഞെടുത്ത സ്ഥാനാർത്ഥിക്ക് രഹസ്യമായി വോട്ട് ചെയ്യും, ഒരു ബാലറ്റിൽ അവരുടെ പേര് എഴുതി അൾത്താരയ്ക്ക്  മുകളിൽ ഒരു പാത്രത്തിൽ നിക്ഷേപിക്കും.

ഒരു സ്ഥാനാർത്ഥിക്കും മാർപ്പാപ്പ ആകുന്നതിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ, വീണ്ടും മറ്റൊരു റൗണ്ട് വോട്ടെടുപ്പ് നടക്കും. പ്രതിദിനം നാല് റൗണ്ടുകൾ വരെ വോട്ടെടുപ്പ് പോകാം. 2013ൽ ഫ്രാൻസിസ് മാർപാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവിന് ഏകദേശം 24 മണിക്കൂറും അഞ്ച് റൗണ്ട് വോട്ടെടുപ്പും വേണ്ടി വന്നു. പതിമൂന്നാം നൂറ്റാണ്ടിലെ ഒരു കോൺക്ലേവിന് ഏകദേശം മൂന്ന് വർഷമെടുത്തു, അതേസമയം 18ആം നൂറ്റാണ്ടിലെ മറ്റൊരു കോൺക്ലേവിന് നാല് മാസമെടുത്തുവെന്നുമാണ് ചരിത്രം.

വോട്ടെടുപ്പ് പൂർത്തിയായിക്കഴിഞ്ഞാൽ ബാലറ്റുകൾ എണ്ണും. മാർപ്പാപ്പയെ തെരഞ്ഞെടുത്താലും ഇല്ലെങ്കിലും എണ്ണിയ ബാലറ്റുകൾ കത്തിച്ച് കളയും. കറുത്ത പുകയാണ് സിസ്റ്റെൻ ചാപ്പലിന്റെം പുകക്കുഴലിൽ നിന്ന് പുറത്തേക്ക് വരുന്നതെങ്കിൽ ആഗോള കത്തോലിക്ക സഭയ്ക്ക് പുതിയ മാർപ്പാപ്പയെ കിട്ടിയിട്ടില്ല എന്നർത്ഥം. മാർപ്പാപ്പയെ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ ബാലറ്റുകൾക്കൊപ്പം രാസവസ്തുക്കൾ ഉപയോഗിച്ച് കത്തിച്ച് വെളുത്ത പുകയുണ്ടാക്കും. സിസ്റ്റെൻചാപ്പലിൽ നിന്ന് വെളുത്ത പുക പുറത്തേക്ക് വന്നാൽ ആഗോള കത്തോലിക്കാ സഭാ വിശ്വാസികൾക്ക് പുതിയ തലവനെ കിട്ടിയിരിക്കുന്നു എന്നർത്ഥം.

പോപ്പിനെ തെരഞ്ഞെടുത്തുകഴിഞ്ഞാൽ, കാർഡിനൽസ് കോളേജിൽ നിന്നുള്ള ഒരു പ്രതിനിധി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രധാന ബാൽക്കണിയിൽ വന്ന് താഴെ ആകാംഷയോടെ കാത്തിരിക്കുന്ന ആയിരക്കണക്കിന് വിശ്വാസികളോടായി "നമുക്ക് ഒരു പോപ്പുണ്ട്" എന്നർത്ഥമുള്ള പ്രഖ്യാപനം സഭയുടെ ഔദ്യോഗിക ഭാഷയായ ലാറ്റിനിൽ നടത്തും.തുടർന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പോപ്പ് ഔദ്യോഗിക നാമം സ്വീകരിക്കും. മിക്കപ്പോഴും അത് ഏതെങ്കിലും ഒരു വിശുദ്ധന്റെോയോ തന്റെ് മുൻഗാമികളായ ഏതെങ്കിലും പോപ്പിന്റെകയോ പേരാകും സ്വീകരിക്കുക.പിന്നാലെ വെളുത്ത കുപ്പായം ധരിച്ച് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പോപ്പ് തന്റെ ആദ്യ പ്രസംഗം നടത്താൻ  ബാൽക്കണിയിലേക്ക് എത്തും. മിക്ക മാർപ്പാപ്പമാരും മരിക്കുന്നതുവരെ ആ സ്ഥാനത്ത് തുടരും. ആരോഗ്യം ക്ഷയിച്ചതിനാൽ 2013ൽ 85 വയസ്സുള്ളപ്പോൾ സ്ഥാനത്യാഗം ചെയ്ത പോപ്പ് ബെനഡിക്റ്റ് പതിനാറാമൻ, 600 വർഷത്തിനിടെ സ്ഥാനമൊഴിഞ്ഞ ആദ്യത്തെ മാർപ്പാപ്പയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'ഭാര്യ ഉഷയെയും മക്കളെയും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുമോ?' കുടിയേറ്റ വിരുദ്ധ പരാമർശം നടത്തിയ ജെ ഡി വാൻസിന് ചുട്ടമറുപടി
ദാരുണം, സഹജക്ക് പിന്നാലെ അൻവേഷും; വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ യുഎസിൽ രണ്ടാമത്തെ ഇന്ത്യക്കാരൻ മരിച്ചു