ഇസ്രയേലിന്റെയും അമേരിക്കയുടെയും ആഗ്രഹം നടക്കുമോ? ഇറാൻ ഭരണം ഖമനെയിക്ക് ശേഷം എങ്ങോട്ട്? 3 സാധ്യതകൾ

Published : Mar 01, 2026, 06:50 PM IST
Khamanei

Synopsis

ഖമനെയിയുടെ മരണശേഷം ഇറാന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാണ്. ഭരണകൂടത്തിന്റെ തുടർച്ച, നിയന്ത്രിത പരിഷ്കാരങ്ങൾ, അല്ലെങ്കിൽ രാജ്യത്തിന്റെ വിഘടനത്തിലേക്ക് നയിച്ചേക്കാവുന്ന ആഭ്യന്തര സംഘർഷം എന്നിങ്ങനെ 3 സാധ്യതകളാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനെയി അമേരിക്ക–ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതോടെ, 1979 ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം രാജ്യത്ത് ഏറ്റവും നിർണായകമായ രാഷ്ട്രീയ മാറ്റങ്ങളിലൊന്നിലേക്ക് കടന്നിരിക്കുകയാണ് ഇറാൻ. ഇറാൻ ഭരണകൂടത്തിന്റെ ഭാവിയെന്താകുമെന്ന് ഉറ്റുനോക്കുകയാണ് ലോകം. താത്ക്കാലിക പിൻ​ഗാമിയായി ആയത്തൊള്ള അലിറേസ അറാഫിയെ നിയമിച്ചുവെങ്കിലും അധികാര കൈമാറ്റം ഏത് ദിശയിലേക്ക് നീങ്ങും എന്നത് സംബന്ധിച്ച് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ മൂന്ന് പ്രധാന സാധ്യതകളാണ് മുന്നോട്ട് വയ്ക്കുന്നത്.

3 സാധ്യതകൾ

ആദ്യ സാധ്യത ഭരണകൂടത്തിന്റെ തുടർച്ച തന്നെയാണ്. ഈ സാഹചര്യത്തിൽ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC)യും 88 അംഗങ്ങളുള്ള ‘അസംബ്ലി ഓഫ് എക്സ്പേർട്സ്’ എന്ന സമിതിയും ചേർന്ന് പുതിയ ഒരു പിൻഗാമിയെ കണ്ടെത്തും. ഇത് നടപ്പായാൽ, ഭരണകൂടം നിലനിൽക്കുമെങ്കിലും കൂടുതൽ കടുത്ത നിലപാടുകൾ സ്വീകരിക്കുന്ന, പ്രവചനാതീതമായ ഇറാനായി മാറാൻ സാധ്യതയുണ്ട്. യുവതലമുറ കൂടുതൽ സജീവമായ ഭരണഘടനയോടെ, രാജ്യത്തിന് നേരിട്ട ആക്രമണങ്ങൾക്ക് പ്രതികാരം ചെയ്യാനും അവശേഷിക്കുന്ന ഭൂഗർഭ ആണവ പദ്ധതികൾ കൂടുതൽ ശക്തമാക്കാനും ശ്രമിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

രണ്ടാമത്തെ സാധ്യത, നിയന്ത്രിതമായ രാഷ്ട്രീയ മാറ്റത്തിലൂടെ പരിഷ്കാരവാദ നേതൃത്തിലേക്കുള്ള നീക്കമാണ്. ലോകവുമായി ഇടപെടലും സഹകരണവുമാണ് രാജ്യത്തിന്റെ ഭാവി എന്ന് ദീർഘകാലമായി വാദിച്ചുവരുന്ന വിഭാഗങ്ങൾ ഈ അവസ്ഥയെ പ്രയോജനപ്പെടുത്തി പുതിയ ദിശയിലേക്ക് നീങ്ങാൻ ശ്രമിക്കാം. അമേരിക്കയും ഇസ്രയേലും ആഗ്രഹിക്കുന്ന തരത്തിലുളള ഒരു മാറ്റമാണിത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് സംഭവിക്കാനുള്ള സാധ്യത കുറവാണെന്നും വിശകലനങ്ങൾ പറയുന്നു. ഐആർജിസിയുടെ സൈനിക ശക്തിയും സാമ്പത്തിക നിയന്ത്രണവും ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളും തന്നെയാണ് ഇതിന് കാരണം. ഇറാഖിൽ നടത്തിയതുപോലെ ഭൂസൈനിക ഇടപെടൽ അമേരിക്ക നടത്താൻ സാധ്യതയില്ലെന്നുമാണ് വിലയിരുത്തൽ.

മൂന്നാമത്തെ സാധ്യതയാണ് ഇക്കൂട്ടത്തിൽ ഏറ്റവും അപകടകരം. രാജ്യത്തിന്റെ വിഘടനമാണ് ഈ സാധ്യതയിലുള്ളത്. ഭരണകൂടത്തിന് കൈകാര്യം ചെയ്യാനാകാത്ത രീതിയിലേക്ക് പ്രതിസന്ധി വളർന്നാൽ, ആക്രമണം ഇനിയും തുടർന്നാൽ- ജനങ്ങളുടെ അനിശ്ചിതത്വം, ദീർഘകാലമായി അടിച്ചമർത്തപ്പെട്ട ജനതയുടെ മാറ്റത്തിനായുള്ള തീവ്രമായ ആഗ്രഹം എന്നിവ ചേർന്ന് ഈ സാഹചര്യം ഒരു ആഭ്യന്തര സംഘർഷത്തിലേക്ക് നീങ്ങാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. കുർദ്, ബലൂച്ച് ന്യൂനപക്ഷ മേഖലകളിൽ പ്രാദേശിക വേർതിരിവ് ശക്തിപ്പെടാനും വിവിധ വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകൾ നടക്കാനും സാധ്യതയുണ്ട്. ഇത്തരമൊരു അവസ്ഥ ആഗോള തലത്തിൽ വരെ അസ്ഥിരതക്കും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികൾക്കും ഗുരുതരമായ ആഘാതമുണ്ടാക്കും. കൂടാതെ, ഇറാന്റെ ആണവ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള സാധ്യതകളും ഇതോടെ തകർന്നടിയും. ഇറാന്റെ ഭാവി രാഷ്ട്രീയ ദിശയെ നിർണ്ണയിക്കുന്ന നിർണായക തീരുമാനമായിരിക്കും അടുത്ത ദിവസങ്ങളിൽ ഉണ്ടാകുക. നമുക്ക് കാത്തിരിക്കാം....

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാന്‍റെ ആക്രമണ ഭീതി, അതീവ ജാഗ്രതയിൽ യുഎഇ; മൂന്ന് ദിവസത്തേക്ക് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം, പരീക്ഷകൾ മാറ്റി, സ്കൂളുകൾ തുറക്കില്ല
'ആയുധങ്ങൾ സർവനാശവും മരണവും വേദനയും മാത്രമാണ് സമ്മാനിക്കുക, യുദ്ധം അവസാനിപ്പിക്കണം': ലിയോ പതിനാലാമൻ മാർപാപ്പ