നെതന്യാഹുവിനെ ബൈഡന്‍ അപമാനിച്ചോ?; മറുപടിയുമായി വൈറ്റ് ഹൗസ്

By Web TeamFirst Published Feb 13, 2021, 9:30 PM IST
Highlights

ബരാക് ഒബാമ, ഡോണള്‍ഡ് ട്രംപ് എന്നിവരുടെ കാലത്ത് ഇസ്രായേലുമായി ദൃഢമായ ബന്ധമാണ് അമേരിക്കക്ക് ഉണ്ടായിരുന്നത്. ഇരുവരും അധികാരത്തിലേറിയ തൊട്ടടുത്ത ദിവസങ്ങളില്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ ജനുവരി 20ന് അധികാരത്തിലേറിയ ബൈഡന്‍ ഇതുവരെ നെതന്യാഹുവിനെ ബന്ധപ്പെട്ടിട്ടില്ല.
 

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ അപമാനിച്ചെന്ന ആരോപണത്തിന് മറുപടിയുമായി വൈറ്റ് ഹൗസ്. അധികാരമേറ്റ ശേഷം ലോകനേതാക്കളുമായുള്ള ഫോണ്‍ സംഭാഷണത്തിന് നെതന്യാഹുവിനെ ഒഴിവാക്കിയത് അദ്ദേഹത്തെ മനപ്പൂര്‍വം അപമാനിക്കാനാണെന്നായിരുന്നു ആരോപണം.  എന്നാല്‍, ഇക്കാര്യം വൈറ്റ്ഹൗസ് നിഷേധിച്ചു.

ബൈഡന്‍ അധികാരമേറ്റ ശേഷം നെതന്യാഹുവിനെ നേരിട്ട് ഫോണില്‍ ബന്ധപ്പെടാതിരുന്നതില്‍ ഇസ്രായേലിലും മധ്യേഷ്യയിലും അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. നെതന്യാഹുവും മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുണ്ടായിരുന്ന ബന്ധത്തില്‍ പുതിയ സര്‍ക്കാറിന് അതൃപ്തിയുണ്ടെന്ന സൂചനയാണിതെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. 

നെതന്യാഹുവിനെ ബൈഡന്‍ ഫോണില്‍ ബന്ധപ്പെടുമെന്ന് വൈറ്റ്ഹൗസ് വക്താവ് ജെന്‍ സാകി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നെതന്യാഹുവിനെ ബൈഡന്‍ ഉടന്‍ ബന്ധപ്പെടും. എന്നാല്‍ അത് എന്ന്, എപ്പോള്‍ പറയാനാകില്ലെന്നും അവര്‍ പറഞ്ഞു. നെതന്യാഹുവിനെ വിളിക്കാന്‍ വൈകുന്നത് മനപ്പൂര്‍വമല്ലെന്നും അവര്‍ വ്യക്തമാക്കി.

ബരാക് ഒബാമ, ഡോണള്‍ഡ് ട്രംപ് എന്നിവരുടെ കാലത്ത് ഇസ്രായേലുമായി ദൃഢമായ ബന്ധമാണ് അമേരിക്കക്ക് ഉണ്ടായിരുന്നത്. ഇരുവരും അധികാരത്തിലേറിയ തൊട്ടടുത്ത ദിവസങ്ങളില്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ ജനുവരി 20ന് അധികാരത്തിലേറിയ ബൈഡന്‍ ഇതുവരെ നെതന്യാഹുവിനെ ബന്ധപ്പെട്ടിട്ടില്ല. ചൈന, മെക്‌സിക്കോ, ഇന്ത്യ, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, ദക്ഷിണ കൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തലവന്മാരുമായി ബൈഡന്‍ ഫോണില്‍ ബന്ധപ്പെട്ടു.
 

click me!