
വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ പേരിൽ സ്വന്തം ബ്രാന്റ് ഉയർത്താൻ ശ്രമിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മീനാ ഹാരിസിനെ വിലക്കി വൈറ്റ് ഹൗസ് നിയമവിദഗ്ധർ. നാളുകളായി കമാലാ ഹാരിസിന്റെ പേര് ഉപയോഗിച്ച് ഫോളോവേഴ്സിന്റെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ടിരുന്നതിനാണ് വൈറ്റ് ഹൗസ് വിരാമമിട്ടത്.
ചില കാര്യങ്ങൾ ചെയ്യാൻ പാടില്ലാത്തതാണ് - വൈറ്റ് ഹൗസ് വക്താവ് അറിയിച്ചതായി ദി ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ അമേരിക്കൻ സർക്കാരിനെ ബാധിക്കുന്ന തരത്തിൽ മീന ഹാരിസിന്റെ പ്രവർത്തി മുന്നോട്ട് പോയതോടെയാണ് നടപടി. പെരുമാറ്റം മാറേണ്ടതുണ്ടെന്നായിരുന്നു അധികൃതരുടെ പ്രതികരണം.
36 കാരിയായ മീന ഹാരിസ് ഇൻസ്റ്റഗ്രാമിൽ 8 ലക്ഷം ഫോളോവേഴ്സ് ഉണ്ട്. നേരത്തേ അഭിഭാഷകയായിരുന്ന മീന പിന്നീട് ബിസിനസിലേക്ക് തിരിഞ്ഞു. കമല ആന്റ് മായാസ് ബിഗ് ഐഡിയ അടക്കമുള്ള കുട്ടികളുടെ പുസ്തകങ്ങൾ മീന രചിച്ചിട്ടുണ്ട്. ഫിനോമിനൽ എന്ന ചാരിറ്റബിൾ വസ്ത്ര ബ്രാന്റിന്റെ സ്ഥാപകയുമാണ് മീന. ഏറ്റവുമൊടുവിലത്തെ പുസ്തകം അംബീഷ്യസ് ഗേൾ പ്രസിദ്ധീകരിച്ചത് കമലാ ഹാരിസ് വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്നതിന് ഒരു ദിവസം മുമ്പാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam