
വാഷിങ്ടൺ: കൊവിഡ് ബാധിതനായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വാൾട്ടർ റീഡ് സൈനിക ആശുപത്രിയിലേക്ക് മാറ്റി. ചെറിയ പനിയുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നും, വൈറ്റ് ഹൗസ് അറിയിച്ചു. ആശുപത്രിയിൽനിന്ന് ട്രംപ് ചുമതലകൾ നിർവഹിക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ട്രംപിന്റെ രണ്ടാഴ്ചത്തെ തെരഞ്ഞെടുപ്പ് പരിപാടികൾ മാറ്റിവച്ചു.
ഇന്നലെയാണ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചത്. ട്രംപിന്‍റെ ഉപദേഷ്ടാവ് ഹോപ് ഹിക്ക്സിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ട്രംപും ഭാര്യ മെലാനിയ ട്രംപും ക്വാറന്‍റൈനില്‍ പോയിരുന്നു. പ്രഥമ വനിത മെലാനിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
കൊവിഡ് വ്യാപനം രൂക്ഷമായ അമേരിക്കയിൽ കൊവിഡ് മരണം രണ്ട് ലക്ഷം കവിഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഹോപ് ഹിക്ക്സ് പ്രസിഡന്‍റുമായി നിരന്തര സമ്പര്‍ക്കത്തില്‍ വരുന്ന കൗണ്‍സിലറാണ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ട്രംപിനൊപ്പം സജീവമായിരുന്നു ഹോപ് ഹിക്ക്സ്. ബുധനാഴ്ച മിനസോട്ടയില്‍ നടന്ന റാലിയിലും ചൊവ്വാഴ്ച നടന്ന സംവാദത്തിലും ഹോപ് ഹിക്ക്സ് പങ്കെടുത്തിരുന്നു.
ഇതിന് മുന്‍പും വൈറ്റ് ഹൌസിലെ സുപ്രധാന ചുമതലകള്‍ വഹിക്കുന്ന നിരവധിപ്പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ ഇന്ത്യയും ചൈനയും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് കഴിഞ്ഞ ദിവസമാണ് ട്രംപ് ആരോപിച്ചത്. ജോ ബൈഡനുമായുള്ള ആദ്യ സംവാദത്തിനിടയിലായിരുന്നു ഈ ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam