'ആന്റിഫ'യുടെ പേരിൽ വ്യാജ ഐഡിയുണ്ടാക്കി കലാപത്തിന് ആഹ്വാനം; വംശവെറി ഗ്രൂപ്പുകളെ നീക്കം ചെയ്ത് ട്വിറ്റർ

By Web TeamFirst Published Jun 2, 2020, 3:14 PM IST
Highlights

 ആന്റിഫയുടേത് എന്നുംപറഞ്ഞുണ്ടാക്കിയ ട്വിറ്റർ ഹാൻഡിൽ യഥാർത്ഥത്തിൽ എവ്‌റോപ(Evropa) എന്നറിയപ്പെടുന്ന ഒരു വൈറ്റ് സുപ്രിമസിസ്റ്റ്  ഗ്രൂപ്പിന്റേതായിരുന്നു

ആന്റിഫ എന്ന പേരിൽ അറിയപ്പെടുന്ന ആന്റിഫാസിസ്റ്റ് മുന്നേറ്റത്തിന്റെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ടുണ്ടാക്കി അമേരിക്കയിൽ കലാപത്തിന് ശ്രമം. സമയത്തിന് പ്രസ്തുത വ്യാജ ഐഡി കണ്ടെത്തി അത് നീക്കം ചെയ്ത് ട്വിറ്ററിന്റെ ഭാഗത്തുനിന്ന് സത്വര നടപടികൾ ഉണ്ടായതോടെ ഒഴിവായത് വലിയൊരു ലഹള തന്നെയാണ്. 

ഇപ്പോൾ നടക്കുന്ന കലാപങ്ങൾക്ക് പിന്നിൽ ആന്റിഫ എന്ന മുന്നേറ്റമാണെന്നും അതിനെ താൻ ഉടനടി ഭീകരവാദ പ്രസ്ഥാനമായി പ്രഖ്യാപിക്കും എന്നുമൊക്കെ പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റ് വന്നതിനു തൊട്ടുപിന്നാലെയാണ് രാജ്യത്തെ അറിയപ്പെടുന്ന വൈറ്റ് സുപ്രിമസിസ്റ്റ് ഗ്രൂപ്പുകളിൽ ഒന്നിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമവും നടന്നിരിക്കുന്നത്.  

@ANTIFA_US എന്ന പേരിലുള്ള വ്യാജ ട്വിറ്റർ ഹാന്ഡിലിൽ നിന്ന് ഞായറാഴ്ച വന്ന ട്വീറ്റ് ഇപ്രകാരമായിരുന്നു.  "ALERT Tonight's the night, Comrades Tonight we say "F**k The City" and we move into the residential areas... the white hoods.... and we take what's ours #BlacklivesMaters #F**kAmerica." - " ഇന്ന് രാത്രി എല്ലാവരും അലേർട്ട് ആയി ഇരിക്കണം. ഇന്ന് നമുക്ക് ഈ നഗരത്തെ അലങ്കോലമാക്കണം. വെള്ളക്കാർ ഒന്നിച്ച് താമസിക്കുന്ന പ്രദേശങ്ങളിലേക്ക് നമുക്ക് ഇരച്ചു കയറണം. അവിടെ ചെന്ന് കറുത്തവരുടെ ജീവിതങ്ങൾക്കും വിലയുണ്ട് എന്ന് അവരെ ബോധ്യപ്പെടുത്തണം. #F**kAmerica." 

നാട്ടിലെ കറുത്തവർഗക്കാരെ വെളുത്തവർഗക്കാർക്കെതിരായ അക്രമങ്ങൾക്ക് പ്രേരിപ്പിച്ച് നാട്ടിൽ ലഹളകൾ സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഇത്തരത്തിലുള്ള വ്യാജ ട്വിറ്റർ ഹാൻഡിലുകളിലൂടെയുള്ള ആഹ്വാനങ്ങളും പ്രചാരണങ്ങളും. ഒരേസമയം ഇരു ഗ്രൂപ്പുകളിലൂടെ ഭാഗത്തു നിന്നും അക്രമങ്ങൾ ക്ഷണിച്ചു വരുത്താനാകും എന്നതാണ് ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങളുടെ ദോഷം. 

എന്നാൽ ആന്റിഫയുടേത് എന്നുംപറഞ്ഞുണ്ടാക്കിയ ട്വിറ്റർ ഹാൻഡിൽ യഥാർത്ഥത്തിൽ എവ്‌റോപ(Evropa) എന്നറിയപ്പെടുന്ന ഒരു വൈറ്റ് സുപ്രിമസിസ്റ്റ്  ഗ്രൂപ്പിന്റേതായിരുന്നു. ആ ഗ്രൂപ്പ് ഇപ്പോൾ സജീവമല്ല എന്നും പിരിച്ചു വിടപ്പെട്ട ആ കൂട്ടം വീണ്ടും American Identitarian Movement  എന്നപേരിൽ പുനഃസംഘടിപ്പിക്കപ്പെട്ടു എന്നുമാണ് അധികൃതർ പറയുന്നത്. അത് ഒരു സ്വത്വാധിഷ്ഠിത ഗ്രൂപ്പ് എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത് എങ്കിലും ഫലത്തിൽ അതൊരു വംശവെറി ഗ്രൂപ്പ് മാത്രമാണ്. എവ്‌റോപയുമായി ബന്ധമുള്ള മറ്റു പല ഗ്രൂപ്പുകളും തങ്ങൾ നീക്കം ചെയ്തു കഴിഞ്ഞു എന്നും ട്വിറ്റർ അറിയിച്ചിട്ടുണ്ട്. 

 . 

click me!