
ദില്ലി: യഹിസ സിൻവാർ കൊല്ലപ്പെട്ടതിന് പിന്നാലെ ആരാകും ഹമാസിന്റെ പുതിയ തലവനെന്ന് ചർച്ചയുയരുന്നു. മിതവാദികളായ മൂസ അബു മർസുക്കടക്കമുള്ള പേരുകൾ ഉയർന്നുവരുന്നുണ്ട്. സിൻവാറിന്റെ മുൻഗാമിയ ഇസ്മായിൽ ഹനിയയുടെ ഉപദേഷ്ടാവിയിരുന്നു അബു മർസൂക്ക. ഖത്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഖാലിദ് അൽ ഹയ്യയുടെ പേരും ഉയർന്നുവരുന്നുണ്ട്.
സിൻവാറിന്റെ അടുത്തയാളായിരുന്നു ഹയ്യ. 2017-ൽ ഹനിയക്ക് മുമ്പ് തലവനായിരുന്ന ഖാലിദ് മെഷാലിന്റെ പേരും ഉയർന്നുവരുന്നുണ്ട്. ഗസ്സയിൽ സായുധ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഓഗസ്റ്റിൽ സിൻവാറിനെ രാഷ്ട്രീയ വിഭാഗം നേതാവായി തെരഞ്ഞെടുത്തത്. യഹിയ സിൻവാറിൻ്റെ ഇളയ സഹോദരൻ മുഹമ്മദ് സിൻവാറിന്റെ പേരും ഉയർന്നു വരുന്നുണ്ട്.
ഹമാസ് നേതാവ് യഹിയ സിൻവാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് സംഘടന രംഗത്തെത്തി. ഹമാസ് ഡെപ്യൂട്ടി തലവൻ ഖാലിദ് അൽ ഹയ്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം, ഇസ്രായേൽ ബന്ദികളുടെ കാര്യത്തിലും ഹമാസ് നിലപാട് പ്രഖ്യാപിച്ചു. ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ് അറിയിച്ചു.
പലസ്തീൻ മേഖലയിൽ നിന്ന് പൂർണമായി പിൻവാങ്ങുകയും ജയിലിലുള്ള പലസ്തീനികളെ മോചിപ്പിക്കുകയും ചെയ്താലല്ലാതെ ബന്ദികളെ മോചിപ്പിക്കില്ലെന്നും ഹമാസ് വ്യക്തമാക്കി. വീഡിയോ സന്ദേശത്തിലൂടെയാണ് ഹയ്യ ഇക്കാര്യം പറഞ്ഞതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. ഗാസയിൽ നടന്ന ആക്രമണത്തിൽ കഴിഞ്ഞ ദിവസമാണ് സിൻവാർ കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന ആക്രമണത്തിന്റെ സൂത്രധാരൻ സിൻവാറെണെന്നാണ് ഇസ്രായേൽ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam