
ആലപ്പുഴ: എഴുത്തച്ഛന്റെ പ്രതിമ എന്തുകൊണ്ട് മലപ്പുറത്തെ തിരൂരിൽ സ്ഥാപിക്കുന്നില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് വെള്ളാപ്പള്ളി ഇക്കാര്യം ചോദിച്ചത്. എല്ലാം ന്യായവാദികളല്ലേ. ആരാണ് തിരൂരിൽ എഴുത്തച്ഛന്റെ ഛായാചിത്രമോ പ്രതിമയോ സ്ഥാപിപിക്കാൻ തടസ്സമായി നിൽക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. ഇതൊന്നുമില്ലാതെ മാന്യമായി മുസ്ലീങ്ങളുമായി നല്ല ബന്ധത്തിൽ പോകുമ്പോൾ എന്നെയൊരു മുസ്ലിം വിരോധിയാക്കി ചിത്രീകരിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബിജെപി നേതാവും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഭാഷാ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ്റെ പ്രതിമ തിരൂരിൽ സ്ഥാപിക്കാത്തത് താലിബാൻ മനോഭാവം ഉള്ളത് കൊണ്ടാണെന്നായിരുന്നു അന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുരേന്ദ്രൻ പറഞ്ഞത്. തുഞ്ചൻ പറമ്പിൽ എഴുത്തച്ഛൻ്റെ പ്രതിമ സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി തിരൂരിൽ സത്യാഗ്രഹം നടത്തി. മലപ്പുറം ജില്ലയിലെ കോൺഗ്രസിനും മുസ്ലിം ലീഗിനും സിപിഎമ്മിനും താലിബാൻ മനസാണുള്ളതെന്നും ഇത് കൊണ്ടാണ് പ്രതിമ സ്ഥാപിക്കാത്തതെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.
നേരത്തെ വെള്ളാപ്പള്ളി മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചത് വിവാദമായിരുന്നു. തന്നെ മുസ്ലിം വിരോധിയാക്കാൻ ചിലർ നിരന്തരം ശ്രമിക്കുന്നു. ഞാൻ എപ്പോഴും സംസാരിക്കുന്നത് മതസൗഹാർദമാണ്. മാധ്യമ പ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചത് എനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും മാധ്യമപ്രവർത്തകരോട് വെള്ളാപ്പള്ളി പറഞ്ഞു. മാധ്യമപ്രവർത്തകനെ തനിക്ക് അറിയാമെന്നും അയാള്‍ മുസ്‌ലിങ്ങളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈരാറ്റുപേട്ടക്കാരനായ മാധ്യമപ്രവർത്തകൻ എംഎസ്എഫ് നേതാവും തീവ്രവാദിയുമാണ്. അയാളെ ആരോ പറഞ്ഞയച്ചതാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam