
ബെർലിൻ: പുതുവത്സരാഘോഷത്തിനിടെ ജർമനിയിൽ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. തെലങ്കാന സ്വദേശിയായ ഹൃതിക് റെഡ്ഡിക്കാണ് (25) ദാരുണാന്ത്യം സംഭവിച്ചത്. തീ ആളിപ്പടരുന്നതുകണ്ട് പരിഭ്രാന്തനായ ഹൃതിക് അപ്പാർട്ട്മെന്‍റിന്‍റെ മുകളിലത്തെ നിലയിൽ നിന്ന് ചാടുകയായിരുന്നു.
സംക്രാന്തി ഉത്സവത്തിനായി ഹൃതിക് റെഡ്ഡി ഇന്ത്യയിലേക്ക് വരാനിരിക്കുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വീട്ടുകാരുടെ മുൻപിലേക്ക് ഹൃതിക് ഇനി എത്തുക ജീവനറ്റാണ്. പുതുവത്സര ദിനത്തിലാണ് അപകടം സംഭവിച്ചത്. ഹൃത്വിക് താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റിൽ തീ പടർന്നതോടെ കട്ടിയുള്ള പുക ഉയരാൻ തുടങ്ങി. പ്രാണരക്ഷാർത്ഥമാണ് ഹൃത്വിക് മുകളിലത്തെ നിലയിൽ നിന്ന് ചാടിയത്. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
2022 ൽ വാഗ്ദേവി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് ഹൃത്വിക് ജർമനിയിലേക്ക് പോയത്. എംഎസ് ബിരുദം നേടുന്നതിനായി 2023 ജൂണിലാണ് ഹൃതിക് റെഡ്ഡി ജർമനിയിലെ മാഗ്ഡെബർഗിൽ എത്തിയത്. ജനുവരി രണ്ടാം വാരത്തിൽ സംക്രാന്തി ഉത്സവത്തിനായി വീട്ടിലേക്ക് വരാനിരിക്കെയാണ് ദാരുണ സംഭവമുണ്ടായത്.
തീപിടിത്തത്തിന്‍റെ കാരണം അധികൃതർ അന്വേഷിച്ചു വരികയാണ്. തെലങ്കാനയിലുള്ള ഹൃതിക്കിന്‍റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിദേശകാര്യ മന്ത്രാലയത്തെയും ജർമനിയിലെ ഇന്ത്യൻ എംബസിയെയും സമീപിച്ച് മൃതദേഹം അന്ത്യകർമങ്ങൾക്കായി സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam