ശ്യാമള ഗോപാലൻ്റെ മകൾ കമല ഹാരിസ്, അമേരിക്കൻ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വംശജയായ പ്രസിഡന്‍റ് ആകുമോ? കാത്തിരിപ്പ്!

Published : Jul 23, 2024, 12:06 AM IST
ശ്യാമള ഗോപാലൻ്റെ മകൾ കമല ഹാരിസ്, അമേരിക്കൻ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വംശജയായ പ്രസിഡന്‍റ് ആകുമോ? കാത്തിരിപ്പ്!

Synopsis

അടുത്തമാസം ചിക്കാഗോയില്‍ നടക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയസമ്മേളനത്തിലാകും നിർണായക പ്രഖ്യാപനമുണ്ടാകുക. അതുവരെ കമലക്കും സമയമുണ്ട്

ന്യൂയോർക്ക്: ഹോളിവുഡ് സിനിമ പോലെ അപ്രതീക്ഷിത ടിസ്റ്റുകളാണ് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നടക്കുന്നത്. ട്രംപിന് നേരെ വധശ്രമം, ഭാഗ്യം കൊണ്ട് മാത്രം രക്ഷപെടല്‍, പ്രസിഡന്‍റ് ബൈഡന് കൊവിഡ്, ക്വാറന്‍റൈൻ, ആനാരോഗ്യം ഒടുവില്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍വാങ്ങല്‍. എല്ലാത്തിനുമൊടുവില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായി വൈസ് പ്രസിഡന്‍റായ കമല ഹാരിസിനെ നിര്‍ദേശിച്ചിരിക്കുകയാണ് ബൈഡന്‍.

അമേരിക്കയുടെ പ്രഥമ വനിത പ്രസിഡന്‍റ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ വംശജ. അടുത്ത മാസം നടക്കുന്ന ഡെമോക്രാറ്റ് പാര്‍ട്ടി കണ്‍വന്‍ഷനിലാണ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി നാമനിര്‍ദേശം ചെയ്യുന്നത്. ഇതുവരെ ഒരു വനിത പോലും അമേരിക്കയില്‍ പ്രസിഡന്‍റായിട്ടില്ല. അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് പദവിയില്‍ എത്തുന്ന ആദ്യത്തെ ഇന്തോ - ആഫ്രിക്കന്‍ വംശജയും വനിതയെന്ന ഖ്യാതിയും നേരത്തെ തന്നെ കമല ഹാരിസിന് സ്വന്തമാണ്.

ഇന്ത്യക്കാരിയായ ശ്യാമള ഗോപാലന്‍റെയും ജമൈക്കക്കാരനായ ഡോണള്‍ഡ് ഹാരിസിന്‍റെയും മകളായി കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡിലാണ് കമല ജനിച്ചത്. സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്ര അധ്യാപകനായിരുന്നു അച്ഛന്‍. മനുഷ്യാവകാശങ്ങള്‍ക്കായി സജിവമായി പോരാടുന്ന പ്രവര്‍ത്തകരായിരുന്നു മാതാപിതാക്കള്‍. ഈ പോരാട്ടവീര്യം കമലയ്ക്കും ലഭിച്ചു. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ് പോരാടിയാണ് കമല അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് പദവിയിലേക്ക് എത്തിയത്. തമിഴ്‌നാട്ടിലെ തിരുവാരൂര്‍ തുളസേന്ദ്രപുരത്താണ് കമലയുടെ ഇന്ത്യയിലെ വേരുകള്‍ ഉളളത്.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലോയില്‍ നിന്ന് കമല നിയമ ബിരുദം നേടി. പിന്നീട് വാഷിംഗ്ടണ്‍ ഡി സിയിലെ ഹോവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചു. അലമാന്‍ഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോണി ഓഫീസിലൂടെയാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്റ്റ് അറ്റോണിയുടെ ഓഫീസിലായി പ്രവര്‍ത്തനം. 2003 ല്‍ സാന്‍ഫ്രാന്‍സിസ്‌കോയുടെ ഡിസ്ട്രിക്റ്റ് അറ്റോണിയായി തെരഞ്ഞെടുക്കപ്പെട്ടു. 2010 ല്‍ കലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ പദവിയില്‍ എത്തി. 2014 ല്‍ ഈ പദവിയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2016 ല്‍ കാലിഫോര്‍ണിയയില്‍ നിന്നും സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. അഭിഭാഷകനായ ഡഗ് എം ഹോഫിനെ 2014 ല്‍ കമല വിവാഹം ചെയ്തു.

2020 ലെ തിരഞ്ഞെടുപ്പില്‍  പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശ്രമം കമല ഹാരിസ് നടത്തിയിരുന്നു. എന്നാല്‍ പ്രൈമറി സീസണിലെ സംവാദങ്ങളില്‍ മങ്ങിയ പ്രകടനമാണ് നടത്തിയത്. ബൈഡന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വൈസ് പ്രസിഡന്‍റ് പദവിയിലേക്ക് കമല എത്തി. ആഫ്രോ - അമേരിക്കന്‍ വോട്ടര്‍മാരുടെ പിന്തുണ ഉറപ്പാക്കുകയാണ് ഇതിലൂടെ ബൈഡന്‍ ലക്ഷ്യമിട്ടത്. വഹിച്ച പദവികളില്‍ ഒക്കെ ആദ്യമായി എത്തുന്ന ഇന്തോ - ആഫ്രിക്കന്‍ വംശജയെന്ന നേട്ടം എന്നും കമലക്ക് സ്വന്തമായിരുന്നു. ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ആധുനിക മുഖമായ കമല, കുടിയേറ്റ നയങ്ങളുടെ കാര്യത്തില്‍ ട്രംപിന്റെ കടുത്ത വിമര്‍ശകയാണ്. അടിസ്ഥാന സൗകര്യ നിയമനിര്‍മ്മാണം, കുടിയേറ്റം, തോക്ക് നിയന്ത്രണം, ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ എന്നിങ്ങനെയുള്ള ബൈഡന്‍ ഭരണകൂടത്തിന്‍റെ സുപ്രധാന നയങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് കമലയാണ്.

മത്സരത്തില്‍ നിന്ന് പിന്മാറുന്ന ബൈഡന്‍, കമലയുടെ പേര് നിര്‍ദേശിച്ചെങ്കിലും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് എത്രത്തോളം പിന്തുണ ലഭിക്കും എന്നത് നിര്‍ണായകമാണ്. ട്രംപിനെതിരായ ബൈഡന്‍റെ ദുര്‍ബലമായ ആദ്യ സംവാദത്തിന് ശേഷം നടന്ന അഭിപ്രായ സര്‍വെകളില്‍ ട്രംപിനെ തോല്‍പ്പിക്കാന്‍ ബൈഡനെക്കാള്‍ കമലയ്ക്ക് സാധ്യതയുണ്ട് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പക്ഷെ പുതിയ സാഹചര്യത്തില്‍ സര്‍വേ ഫലങ്ങള്‍ മാറുമെന്നാണ് കമലയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭാവി കമലയാണ് എന്ന് വാദിക്കുന്നവര്‍ ഒരു പക്ഷത്ത് നില്‍ക്കുമ്പോള്‍, പ്രതീക്ഷക്ക് ഒത്തുയരുന്ന പ്രകടനം നടത്താന്‍ സാധിച്ചില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. അടുത്തമാസം ചിക്കാഗോയില്‍ നടക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയസമ്മേളനത്തിലാകും നിർണായക പ്രഖ്യാപനമുണ്ടാകുക. അതുവരെ കമലക്കും സമയമുണ്ട്.

വീഡിയോ സ്റ്റോറി കാണാം

എല്ലാ ശ്രദ്ധയും കമലാ ഹാരിസിലേക്ക്; നേട്ടങ്ങളേറെ, പക്ഷേ എല്ലാക്കാലത്തും ബൈഡന്‍റെ നിഴലായത് തിരിച്ചടിക്കുമോ ?

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

പ്രതാപത്തിന്റെ നെറുകയിൽനിന്ന് പടുകുഴിയിലേക്ക്; പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് തകർന്നത് എങ്ങനെ?
പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം