
വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ പിൻമാറിയതോടെ എല്ലാ ശ്രദ്ധയും വൈസ് പ്രസിഡന്‍റ് കമല ഹാരിസിലേക്ക് നീളുകയാണ്. യുഎസ് വൈസ് പ്രസിഡന്‍റ് ആയ ആദ്യ വനിത, ആ പദവിയിലെത്തുന്ന ആദ്യ ആഫ്രോ ഇന്ത്യൻ അമേരിക്കൻ വനിത. ചരിത്രം കുറിച്ചുകൊണ്ടായിരുന്നു കമല ഹാരിസിന്റെ തുടക്കം. ബൈഡന്റെ പിൻമാറ്റം ചർച്ചയായപ്പോൾ തന്നെ കമല ഹാരിസിന്റെ പേര് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. എന്നാൽ ഓഗസ്റ്റിലെ ഡെമോക്രാറ്റ് പാർട്ടി ദേശീയ കൺവെൻഷനിലാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.
ജമൈക്കൻ വംശജനായ അച്ഛൻ, ഇന്ത്യൻ വംശജ അമ്മ. കാലിഫോർണിയയിൽ ജനിച്ച കമലാ ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യത്തെ ആഫ്രോ അമേരിക്കൻ വനിതയാണ്. 2004 ൽ ഡിസ്ട്രിക് അറ്റോർണിയായിയിരുന്നു. ആദ്യത്തെ സ്വവർഗവിവാഹത്തിന് അധ്യക്ഷയായതും കമലാ ഹാരിസാണ്. മയക്കുമരുന്ന് കുറ്റവാളികളുടെ പുനരധിവാസത്തിനായി സംഘടന രൂപീകരിച്ചതും അക്കാലത്താണ്. 2010 കാലിഫോർണിയ അറ്റോർണി ജനറലായി. അനുചിതമായ കടമെടുപ്പിൽ രാജ്യത്തെ വൻകിട സാമ്പത്തികസ്ഥാപനങ്ങളുമായുള്ള സമവായചർച്ചകളിൽ നിന്ന് പിൻമാറി ഹാരിസ്. ശക്തമായ നടപടിയായിരുന്നു അത്.
2017ൽ സെനറ്റംഗമായി. സെനറ്റിലെത്തുന്ന ആദ്യ ഇന്ത്യൻ അമേരിക്കനും രണ്ടാമത്തെ കറുത്ത വർഗക്കാരിയും. ബൈഡനേക്കാൾ ഇടത്, പക്ഷേ പല നിർണായക പ്രശ്നങ്ങളിലും മധ്യ വലത് പക്ഷത്തായിരുന്നു കമല ഹാരിസന്‍റെ നിലപാടുകൾ. 2020 ൽ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ മത്സരിച്ചു. ജോ ബൈഡനുമായുള്ള സംവാദം ശ്രദ്ധ നേടി. ആദ്യം പിന്തുണ ലഭിച്ചെങ്കിലും പിന്നെ കുറഞ്ഞു. 2019ൽ കമല പ്രസിഡന്‍റ് പദവയിൽ നിന്നും പിൻമാറി.
കമലയെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയാക്കിയ ജോ ബൈഡന്റെ തീരുമാനം കറുത്ത വർഗക്കാരുടെ വോട്ടുറപ്പിക്കാനുള്ള തന്ത്രമായിരുന്നു. നവംബറിൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ആ തന്ത്രം വിജയിച്ചു. പക്ഷേ ഉണ്ടായിരുന്ന പിന്തുണ നിലനിർത്താൻ കമല ഹാരിസിനായില്ല. നിലപാടുകളിലോ രാഷ്ടീയത്തിലോ ഹാരിസിന്റെ ശബ്ദം കേട്ടില്ല. ജോർജ് ഫ്ലോയിഡിന്റെ മരണത്തിലടക്കം ഹാരിസ് സ്വീകരിച്ച നിലപാടുകൾ ഓർത്തിരുന്ന രാജ്യം വൈസ് പ്രസിഡന്റ് ഹാരിസിൽ നിന്ന് അത് കേട്ടില്ല. എല്ലാക്കാലത്തും ബൈഡന്റെ നിഴലായി കമല ഹാരിസ് ഒതുങ്ങി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നുള്ള ബൈഡന്റെ പിൻമാറ്റം മത്സര രംഗത്തുള്ള ട്രംപിന് ഒരേസമയം നേട്ടവും വെല്ലുവിളിയുമാണ്. കമല ഹാരിസിനാകട്ടെ അപ്രതീക്ഷിതമായ ഒരു മുന്നേറ്റവും.
Read More : അപ്രതീക്ഷിത പ്രഖ്യാപനം, പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറുകയാണെന്ന് ജോ ബൈഡൻ