
ഓസ്ലോ: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം മരിയ കൊറീന മച്ചാഡോയ്ക്ക് ലഭിക്കുമ്പോൾ കരുത്തായി മാറുന്നത് വെനസ്വേലയിലെ ജനാധിപത്യ പോരാട്ടങ്ങൾ. വെനസ്വേലയിൽ ജനാധിപത്യപരമായ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള സമാധാനപരമായ പരിവർത്തനത്തിനായി നിലകൊണ്ടതിനുമാണ് വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് 2025-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്.
വെനസ്വേലൻ പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്ന ഒരു ശക്തിയായി നോർവീജിയൻ നൊബേൽ കമ്മിറ്റി മച്ചാഡോയെ വിലയിരുത്തി. കടുത്ത ഭീഷണികളെയും ഒളിവിലിരിക്കേണ്ടിവന്ന സാഹചര്യങ്ങളെയും അതിജീവിച്ചുള്ള അവരുടെ അശ്രാന്ത പരിശ്രമം കമ്മിറ്റി എടുത്തുപറഞ്ഞു. അടിച്ചമർത്തൽ ഭരണകൂടങ്ങൾക്കെതിരെ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന വ്യക്തികളെ അംഗീകരിക്കേണ്ടതിന്‍റെ പ്രാധാന്യം കമ്മിറ്റി ചെയർ ജോർഗൻ വാറ്റ്നെ ഫ്രൈഡ്നെസ് പ്രത്യേകം സൂചിപ്പിച്ചു.
1967 ഒക്ടോബർ ഏഴിന് കാരാക്കസിലാണ് മരിയ കൊറീന മച്ചാഡോ ജനിച്ചത്. ആൻഡ്രസ് ബെല്ലോ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബിരുദവും കാരാക്കസിലെ ഇൻസ്റ്റിറ്റ്യൂട്ടോ ഡി എസ്റ്റുഡിയോസ് സൂപ്പർറേറസ് ഡി അഡ്മിനിസ്ട്രേഷനിൽ നിന്ന് ഫിനാൻസിൽ മാസ്റ്റർ ബിരുദവും അവർ നേടിയിട്ടുണ്ട്.
ജനാധിപത്യപരമായ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുക, തെരഞ്ഞെടുപ്പ് നിരീക്ഷണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെ 2002-ൽ സുമതെ (Sumate) എന്ന സംഘടന സ്ഥാപിച്ചുകൊണ്ടാണ് മച്ചാഡോ തന്‍റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. പിന്നീട് 2013ൽ അവർ സ്ഥാപിച്ച ലിബറൽ രാഷ്ട്രീയ പാർട്ടിയായ വെന്‍റേ വെനസ്വേലയുടെ ദേശീയ കോ-ഓർഡിനേറ്ററായി. ഹ്യൂഗോ ഷാവേസ്, നിക്കോളാസ് മഡുറോ ഭരണകൂടങ്ങളുടെ ശക്തമായ വിമർശകയായി അവർ പ്രവർത്തിച്ചു.
2011-ൽ ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മച്ചാഡോ, സർക്കാർ അതിക്രമങ്ങൾക്കെതിരായ ശക്തമായ നിലപാടുകളും സ്ഥാപനപരമായ അഴിമതികൾ തുറന്നുകാട്ടാനുള്ള ശ്രമങ്ങളിലൂടെയും ശ്രദ്ധേയയായി. 2014-ലെ വെനസ്വേലൻ പ്രക്ഷോഭങ്ങളിലെ പങ്കാളിത്തം കാരണം അവർ ദേശീയ അസംബ്ലിയിൽ നിന്ന് പുറത്താക്കപ്പെടുകയും തുടർന്ന് ക്രിമിനൽ അന്വേഷണങ്ങൾ നേരിടുകയും ചെയ്തു.
പ്രധാന നേട്ടങ്ങളും രാഷ്ട്രീയ വിജയങ്ങളും
2023ലെ പ്രതിപക്ഷ പ്രൈമറികളിൽ 92 ശതമാനത്തിലധികം വോട്ടുകൾ നേടി മച്ചാഡോ നിർണ്ണായക വിജയം ഉറപ്പിച്ചു. എന്നാൽ, 2024ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വെനസ്വേലൻ സർക്കാർ അവരെ അയോഗ്യയാക്കി. എങ്കിലും പതറാതെ മുന്നോട്ട് പോയ മച്ചാഡോ, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി ലഭിച്ച എഡ്മുണ്ടോ ഗോൺസാലസ് ഉറൂട്ടിയയെ പിന്തുണയ്ക്കുകയും, അദ്ദേഹം 70 ശതമാനം വോട്ടോടെ 2024 ജൂലൈ 28ലെ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. ഈ നിർണ്ണായക ഘട്ടത്തിൽ വെനസ്വേലയുടെ ജനാധിപത്യ ശക്തികളെ ഏകീകരിക്കുന്നതിൽ മച്ചാഡോയുടെ നേതൃത്വം നിർണായകമായിരുന്നു. നൊബേൽ സമ്മാനത്തിന് പുറമെ 2024ൽ അവർക്ക് മറ്റ് അന്താരാഷ്ട്ര പുരസ്കാരങ്ങളും ലഭിച്ചിരുന്നു.
സാഖറോവ് പ്രൈസ് ഫോർ ഫ്രീഡം ഓഫ് തോട്ട്: യൂറോപ്യൻ പാർലമെന്‍റ് നൽകിയ ഈ പുരസ്കാരം, വെനസ്വേലയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കായി മച്ചാഡോയെയും എഡ്മുണ്ടോ ഗോൺസാലസിനെയും അംഗീകരിച്ചു.
വാക്ലാവ് ഹാവൽ ഹ്യൂമൻ റൈറ്റ്സ് പ്രൈസ്: കൗൺസിൽ ഓഫ് യൂറോപ്പ് നൽകിയ ഈ സമ്മാനം ലഭിക്കുന്ന ആദ്യത്തെ ലാറ്റിനമേരിക്കക്കാരിയാണ് മച്ചാഡോ.
നൊബേൽ പ്രൈസും ട്രംപിന്റെ അവകാശവാദങ്ങളും
2025-ലെ നൊബേൽ സമാധാന പുരസ്‌കാര പ്രഖ്യാപനത്തിന് മുന്നോടിയായി, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്‍റെ വിവിധ അന്താരാഷ്ട്ര സമാധാനപരമായ ഇടപെടലുകൾ ചൂണ്ടിക്കാട്ടി സജീവമായി പ്രചാരണം നടത്തിയിരുന്നു. ഇസ്രായേൽ-ഹമാസ്, അർമേനിയ-അസർബൈജാൻ, ഇന്ത്യ-പാകിസ്ഥാൻ (ഓപ്പറേഷൻ സിന്ദൂർ), സെർബിയ-കൊസോവോ, ഡിആർ കോംഗോ-റുവാണ്ട, ഈജിപ്ത്-എത്യോപ്യ തുടങ്ങിയ രാജ്യങ്ങൾക്കിടയിലെ സംഘർഷങ്ങളിൽ മധ്യസ്ഥത വഹിച്ചത് താനാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ട്രംപിന്‍റെ നയതന്ത്ര ശ്രമങ്ങൾക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ള പ്രമുഖർ പിന്തുണ അറിയിച്ചിട്ടും, നൊബേൽ കമ്മിറ്റി പുരസ്‌കാരം മരിയ കൊറീന മച്ചാഡോയ്ക്ക് നൽകുകയായിരുന്നു.