
ബുഡാപെസ്റ്റ്: ഹംഗറിയുടെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി വിക്ടർ ഒർബന്റെ 16 വർഷം നീണ്ട ഭരണത്തിന് തിരശ്ശീല വീണു. ഒർബന്റെ മുൻ വിശ്വസ്തനും ശിഷ്യനുമായിരുന്ന പീറ്റർ മഗ്യാറിന്റെ നേതൃത്വത്തിലുള്ള 'ടിസ' (TISZ) പാർട്ടിയാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ അവിശ്വസനീയമായ വിജയം നേടിയത്. "ഇന്ന് രാത്രി, കള്ളങ്ങൾക്കുമേൽ സത്യം വിജയിച്ചു" - വിജയത്തിന് ശേഷം ബുഡാപെസ്റ്റിലെ ഡാന്യൂബ് നദീതീരത്ത് തടിച്ചുകൂടിയ പതിനായിരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മഗ്യാർ പ്രഖ്യാപിച്ചത് ഇങ്ങനെയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെയോടെ 97.35 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ, 199 അംഗ പാർലമെന്റിൽ 138 സീറ്റുകൾ നേടി മഗ്യാറിന്റെ സെന്റർ-റൈറ്റ് പാർട്ടി അധികാരമുറപ്പിച്ചു. 53.6 ശതമാനം വോട്ടുകളാണ് അവർക്ക് ലഭിച്ചത്. അതേസമയം, ഒർബന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ പാർട്ടിയായ 'ഫിഡെസ്' (Fidesz) 37.8 ശതമാനം വോട്ടുകളോടെ 55 സീറ്റുകളിലേക്ക് ഒതുങ്ങി.
ബുഡാപെസ്റ്റിലെ ഡാന്യൂബ് നദീതീരത്ത് തടിച്ചുകൂടിയ പതിനായിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് 45 വയസ്സുകാരനായ മഗ്യാർ പറഞ്ഞത് "ഇന്ന് രാത്രി, കള്ളങ്ങൾക്കുമേൽ സത്യം വിജയിച്ചു" എന്നാണ്.
ഹംഗേറിയൻ ഭാഷയിൽ 'മഗ്യാർ' എന്നാൽ 'ഹംഗേറിയൻ' എന്നാണ് അർത്ഥം. 1981 മാർച്ചിൽ ബുഡാപെസ്റ്റിലെ ഒരു അഭിഭാഷക കുടുംബത്തിലാണ് പീറ്റർ മഗ്യാർ ജനിച്ചത്. 2000-2005 കാലഘട്ടത്തിൽ ഹംഗറി പ്രസിഡന്റായിരുന്ന ഫെറൻക് മാഡ്ലിന്റെ ചെറുമകൻ കൂടിയാണ് ഇദ്ദേഹം. സോവിയറ്റ് യൂണിയനെതിരെയുള്ള ജനാധിപത്യ പോരാട്ടങ്ങളിൽ ഒർബൻ കാണിച്ച നേതൃപാടവമാണ് തന്നെ രാഷ്ട്രീയത്തിലേക്ക് ആകർഷിച്ചതെന്ന് അദ്ദേഹം പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
2006നാണ് മഗ്യാർ വിവാഹം കഴിക്കുന്നത്. ജൂഡിറ്റ് വർഗയെയാണ് വിവാഹം കഴിച്ചത്. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. ഈ കാലയളവനിലാണ് ഒർബൻ സർക്കാരിൽ നീതിന്യായ മന്ത്രിയായി സേവനമനുഷ്ഠിച്ചത്. 2023-ൽ ഇവർ വിവാഹമോചിതരാവുകയും ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിലും ബ്രസ്സൽസിലെ യൂറോപ്യൻ യൂണിയനിലും ഉദ്യോഗസ്ഥനായിരുന്നു മഗ്യാർ. പിന്നീട് പല സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളുടെയും തലവനായി പ്രവർത്തിച്ചുിട്ടുണ്ട്.
വർഷങ്ങളോളം വിശ്വസ്തനായിരുന്ന മഗ്യാർ 2024-ലെ ഒരു വിവാദത്തെ തുടർന്നാണ് പാർട്ടിയുമായി തെറ്റിയത്. കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലെ ലൈംഗിക പീഡനക്കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ച ഒരാൾക്ക് ഹംഗറി പ്രസിഡന്റ് കാറ്റലിൻ നോവാക് മാപ്പ് നൽകിയത് വലിയ വിവാദമായിരുന്നു. ഇതിൽ മഗ്യാറിന്റെ മുൻഭാര്യയായ ജൂഡിറ്റ് വർഗയ്ക്കും പങ്കുണ്ടായിരുന്നു. ഈ സംഭവത്തെത്തുടർന്ന് വർഗയ്ക്കും പ്രസിഡന്റിനും രാജിവെക്കേണ്ടി വന്നു.
ഇതിനുപിന്നാലെ, ഒർബൻ സർക്കാരിലെ അഴിമതികൾ മഗ്യാർ പുറത്തുകൊണ്ടുവന്നു. തന്റെ മുൻഭാര്യയുമായുള്ള ഒരു സംഭാഷണത്തിന്റെ റെക്കോർഡിംഗ് അദ്ദേഹം പുറത്തുവിട്ടു. സർക്കാർ അഴിമതി കേസുകളിൽ ഇടപെടുന്നു എന്നതിന്റെ തെളിവായിരുന്നു അത്. ഇതോടെ മഗ്യാർ ജനങ്ങൾക്കിടയിൽ വലിയ തരംഗമായി മാറുകയായിരുന്നു.
വിജയങ്ങൾക്കിടയിലും മഗ്യാർ പല വിവാദങ്ങളിലും പെട്ടിട്ടുണ്ട്. മുൻഭാര്യ ജൂഡിറ്റ് വർഗ അദ്ദേഹത്തിനെതിരെ ഗാർഹിക പീഡന ആരോപണം ഉന്നയിച്ചിരുന്നു. മയക്കുമരുന്ന് ഉപയോഗവും ലൈംഗിക വിവാദങ്ങളും ഉന്നയിച്ചുകൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് തന്നെ കുടുക്കാൻ ഒർബന്റെ പാർട്ടി ഒരുക്കിയ ചതിക്കുഴിയാണെന്ന് ആരോപിച്ച് ജനങ്ങൾക്കിടിയലേക്ക് വീണ്ടും ഇറങ്ങി ചെല്ലുകയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഹംഗറിയുടെ തകർച്ച നേരിടുന്ന സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന വാഗ്ദാനം. ഒർബന്റെ കാലത്ത് യുൂറോപ്യൻ യൂണിയനുമായി ഉണ്ടായ മോശമായ ബന്ധം മെച്ചപ്പെടുത്താൻ അദ്ദേഹം ശ്രമിക്കുമെന്നാണ് കരുതുന്നത്. റഷ്യയുമായുള്ള ഊർജ്ജാശ്രിതത്വം 2035-ഓടെ കുറയ്ക്കുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്. യുക്രെയ്ൻ ഉടൻ യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ഹംഗറിയിലെ യുവാക്കളെ സംബന്ധിച്ചിടത്തോളം മഗ്യാറിന്റെ വിജയം വലിയൊരു പ്രതീക്ഷയാണ്. 16 വർഷത്തെ ഒരേ ഭരണരീതിയിൽ നിന്ന് രാജ്യത്തിന് ലഭിച്ച മോചനമായാണ് പലരും ഇതിനെ കാണുന്നത്. ഒരു ജനാധിപത്യം കെട്ടിപ്പടുക്കുക എന്നത് തകർക്കുന്നതിനേക്കാൾ പ്രയാസകരമായ ജോലിയാണെന്നും അവർ വിശ്വസിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam