
വാഷിങ്ടൺ: പാലസ്തീനും ഹമാസിനും അനുകൂലമായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് അമേരിക്കയിൽ ഇന്ത്യന്‍ ഗവേഷക വിദ്യാര്‍ത്ഥിനിയുടെ സ്റ്റുഡന്റ് വിസ റദ്ദാക്കിയത്. രഞ്ജനി ശ്രീനിവാസനാണ് നിയമ നടപടികളില്ലാതെ 'സ്വയം നാടുകടത്തൽ' സൗകര്യം ഉപയോഗപ്പെടുത്തി നാട്ടിലേക്കെത്തിയത്. കൊളംബിയ സര്‍വ്വകലാശാലയിലെ അര്‍ബന്‍ പ്ലാനിംഗ് വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ത്ഥിനിയാണ് ഞ്ജിനി ശ്രീനിവാസൻ. ഇവര്‍ അമേരിക്ക വിട്ടതായി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി വ്യക്തമാക്കിയിരുന്നു.
എഫ് 1 വിദ്യാര്‍ത്ഥി വിസയിലാണ് രഞ്ജനി അമേരിക്കയിലെത്തിയത്. മാര്‍ച്ച് 5-നാണ് രഞ്ജനിയുടെ വിസ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റദ്ദാക്കിയത്. ഹമാസ് അനുകൂല പ്രതിഷേധങ്ങളില്‍ രഞ്ജനി പങ്കാളിയായെന്ന് ആരോപിച്ചായിരുന്നു വിസ റദ്ദാക്കിയത്. ഇതിന് പിന്നാലെ മാര്‍ച്ച് 11-ന് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ ഹോം ആപ്പ് ഉപയോഗിച്ചാണ് രഞ്ജനി സ്വയം നാടുകടക്കാനുള്ള സന്നദ്ധത വ്യക്തമാക്കിയത്. ഹോം ലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയായ ക്രിസ്റ്റി നോം ഗവേഷക വിദ്യാര്‍ത്ഥിയുടെ തീരുമാനത്തില്‍ തൃപ്തി രേഖപ്പെടുത്തി. രഞ്ജനി നാടുകടത്തപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറി പുറത്തുവിടുകയും ചെയ്തു.
ആരാണ് രഞ്ജനി ശ്രീനിവാസ്
അഹമ്മദാബാദിലെ സിഇപിടി (സെന്റർ ഫോർ എൻവയോൺമെന്റൽ പ്ലാനിംഗ് ആൻഡ് ടെക്നോളജി) യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ഹാർവാഡിൽ നിന്ന് ഫുൾബ്രൈറ്റ് നെഹ്‌റു, ഇൻലാക്സ് സ്കോളർഷിപ്പുകളോടെ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയ ആളാണ് രഞ്ജനി ശ്രീനിവാസ്. കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് ആർക്കിടെക്ചർ, പ്ലാനിംഗ് ആൻഡ് പ്രിസർവേഷനിൽ (GSAPP) നിന്ന് നഗര ആസൂത്രണ എംഫിൽ നേടി. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെ ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് ഡിസൈനിൽ നിന്ന് ഡിസൈനിൽ ബിരുദാനന്തര ബിരുദവും രഞ്ജനിക്ക് സ്വന്തമായുണ്ട്. ഇന്ത്യയിലെ പെരി-അർബൻ സ്റ്റാറ്റിയൂട്ടറി പട്ടണങ്ങളിലെ ഭൂ-തൊഴിലാളി ബന്ധങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വഭാവത്തെയും കുറിച്ച് ഗവേഷണം നടത്തി വരികയായിരുന്നു അവര്‍. "കാലാവസ്ഥാ വ്യതിയാനത്തിൽ നിന്ന് അപകടസാധ്യതയുള്ള അതിർത്തി സമൂഹങ്ങൾ" എന്ന വിഷയത്തിൽ വാഷിംഗ്ടണിലെ ഒരു പരിസ്ഥിതി അഭിഭാഷക സ്ഥാപനത്തിലും, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വെസ്റ്റ് ഫിലാഡൽഫിയ ലാൻഡ്സ്കേപ്പ് പ്രോജക്റ്റിന്റെ (WPLP) ഭാഗമായും ഗവേഷകയായി അവർ പ്രവർത്തിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam