ഈ പുതിയ സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് അമേരിക്കയിലേക്ക് വീണ്ടും തിരികെ വരാനുള്ള അനുമതി ലഭിക്കും. നേരത്തെ നിലവിലിരുന്ന നാടുകടത്തല്‍ നിയമ വ്യവസ്ഥ ഇതായിരുന്നില്ല. പുറത്താക്കപ്പെടുന്നവര്‍ക്ക് പിന്നീടൊരിക്കലും അമേരിക്കയിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലായിരുന്നു. 

ന്യൂയോർക്ക്: പാലസ്തീന്‍ ജനതയ്ക്കും ഹമാസിനും അനുകൂലമായ പ്രതിഷേധത്തില്‍ പങ്കാളിയായി എന്ന പേരില്‍ പേരില്‍ സ്റ്റുഡന്റ് വിസ റദ്ദായ ഇന്ത്യന്‍ ഗവേഷക വിദ്യാര്‍ത്ഥിനി അമേരിക്കയില്‍നിന്നും സ്വയം നാടുകടന്നു. കൊളംബിയ സര്‍വ്വകലാശാലയിലെ അര്‍ബന്‍ പ്ലാനിംഗ് വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ത്ഥിനി രഞ്ജിനി ശ്രീനിവാസനാണ് പുതുതായി നിലവില്‍വന്ന'സ്വയം നാടുകടക്കല്‍' അവസരം ഉപയോഗിച്ച് അമേരിക്ക വിട്ടതെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി വ്യക്തമാക്കി.

അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിനുള്ള നടപടികള്‍ കടുപ്പിച്ചതിനു പിന്നാലെ മാര്‍ച്ച് 10-നാണ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ 'ഹോം ആപ്പ്' എന്നപേരില്‍ പുതിയ ആപ്പ് പുറത്തിറക്കിയത്. വീസ റദ്ദാക്കപ്പെടുന്നവര്‍ക്ക്, സ്വയംനാടുകടത്താന്‍ സൗകര്യം നല്‍കുന്നതാണ് ഈ ആപ്പ്. നാടു കടത്തപ്പെടാന്‍ തയാറാണെന്ന് ഈ ആപ്പ് വഴി അറിയിക്കുകയാണ് ചെയ്യേണ്ടത്. നിയമം അനുശാസിക്കുന്ന ശിക്ഷ ഒഴിവാക്കി ഏറ്റവും സുരക്ഷിതമായി മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള വഴിയായാണ് ട്രംപ് സര്‍ക്കാര്‍ ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

വിവിധ കാരണങ്ങളാല്‍ അമേരിക്കയിലെത്തിയവര്‍ക്ക് അമേരിക്കയില്‍ തുടരാന്‍ ആഗ്രഹമില്ലാത്ത പക്ഷം സ്വമേധയാ നാടുവിടാനുള്ള സന്നദ്ധത വ്യക്തമാക്കാനുള്ളതാണ് ഈ സംവിധാനമെന്നാണ് ട്രംപ് ഭരണകൂടം വ്യക്തമാക്കിയത്. ഈ പുതിയ സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് അമേരിക്കയിലേക്ക് വീണ്ടും തിരികെ വരാനുള്ള അനുമതി ലഭിക്കും. നേരത്തെ നിലവിലിരുന്ന നാടുകടത്തല്‍ നിയമ വ്യവസ്ഥ ഇതായിരുന്നില്ല. പുറത്താക്കപ്പെടുന്നവര്‍ക്ക് പിന്നീടൊരിക്കലും അമേരിക്കയിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലായിരുന്നു. 

എഫ് 1 വിദ്യാര്‍ത്ഥി വിസയിലാണ് രഞ്ജിനി അമേരിക്കയിലെത്തിയത്. മാര്‍ച്ച് 5-നാണ് രഞ്ജിനിയുടെ വിസ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റദ്ദാക്കിയത്. ഹമാസ് അനുകൂല പ്രതിഷേധങ്ങളില്‍ രഞ്ജിനി പങ്കാളിയായെന്ന് ആരോപിച്ചായിരുന്നു വിസ റദ്ദാക്കിയത്. ഇതിന് പിന്നാലെ മാര്‍ച്ച് 11-ന് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ ഹോം ആപ്പ് ഉപയോഗിച്ചാണ് രഞ്ജിനി സ്വയം നാടുകടക്കാനുള്ള സന്നദ്ധത വ്യക്തമാക്കിയത്.

ഹോം ലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയായ ക്രിസ്റ്റി നോം ഗവേഷക വിദ്യാര്‍ത്ഥിയുടെ തീരുമാനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. രഞ്ജനി നാടുകടത്തപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറി പുറത്തുവിട്ടു.

Scroll to load tweet…

അമേരിക്കയിലെ സർവ്വകലാശാലകളിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ നടപടികൾ ആരംഭിച്ച സാഹചര്യത്തിലാണ് രഞ്ജിനിയുടെ സ്വയം നാടുകടത്തൽ. കൊളംബിയ സർവ്വകലാശാലയിൽ ഇത്തരം പ്രതിഷേധങ്ങൾ പതിവായതിന് പിന്നാലെ ശക്തമായ നടപടി സ്വീകരിക്കാത്തതിന്റെ പേരിൽ സർവ്വകലാശാലയ്ക്ക് നൽകിയിരുന്ന 400 മില്യൺ യുഎസ് ഡോളറിന്റെ ധനസഹായം ട്രംപ് റദ്ദാക്കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം