പ്രതീക്ഷിച്ചതിലും ഭീകരം! അമേരിക്കയിൽ ട്രംപിന്‍റെ താരിഫ് യുദ്ധം തിരിച്ചടിച്ച് തുടങ്ങി, ഹോൾസെയിൽ വില കുതിച്ചുയരുന്നു; കണക്കുകൾ പുറത്ത്

Published : Aug 15, 2025, 12:03 AM ISTUpdated : Aug 15, 2025, 10:00 PM IST
trump

Synopsis

ഹോൾസെയിൽ പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് ജൂലൈയിൽ കുതിച്ചത് 0.9 ശതമാനത്തിലേക്കാണ്. 0.2 ശതമാനം കൂടുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനം തെറ്റിച്ചാണ് ഈ കുതിപ്പ്

വാഷിംഗ്ടൺ: അമേരിക്കയിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫ് നയം തിരിച്ചടിച്ചു തുടങ്ങിയെന്ന് കണക്കുകൾ. ജൂൺ മാസത്തെ അപേക്ഷിച്ച് ഹോൾസെയിൽ പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് ജൂലൈയിൽ കുതിച്ചത് 0.9 ശതമാനമെന്നാണ് ലേബർ സ്റ്റാറ്റിസ്ക്സ് ഡേറ്റ പ്രസിദ്ധീകരിച്ച കണക്കുകൾ തെളിയിക്കുന്നത്. 2022 ജൂണിനുശേഷം ആദ്യമായാണ് ഹോൾസെയിൽ പ്രൈസ് ഇൻഡക്സ് ഇത്രയും പെട്ടെന്ന് കൂടുന്നത്. 0.2 ശതമാനം കൂടുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനം തെറ്റിച്ചാണ് കണക്കിലെ കുതിപ്പ്. ഹോൾസെയിൽ പ്രെയിസിലെ മാറ്റങ്ങളുടെ ഭാരം അധികം താമസിയാതെ ഉപഭോക്താക്കളിലെത്തുമെന്നാണ് ഇപ്പോഴത്തെ മുന്നറിയിപ്പ്. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം ഉപഭോക്താക്കൾക്ക് വലിയ ഭാരമാകാനാണ് സാധ്യത.

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത അലാസ്ക ഉച്ചകോടിക്ക് മുന്നോടിയായി ചേർന്ന യൂറോപ്യൻ രാജ്യങ്ങളുടെ വെർച്വൽ യോഗത്തിൽ യൂറോപ്യൻ രാജ്യങ്ങളും യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലൻസ്കിയും കടുത്ത നിലപാട് സ്വീകരിച്ചു എന്നതാണ്. യൂറോപ്യൻ രാജ്യങ്ങളുടെ വെർച്വൽ യോഗത്തിൽ പങ്കെടുത്ത സെലൻസ്കി, യുക്രൈന്‍റെ അവകാശങ്ങൾക്ക് വേണ്ടിയാണ് വാദിച്ചത്. ഇതിനെ ജർമൻ ചാൻസലർ അടക്കം ശക്തമായി പിന്തുണക്കുകയായിരുന്നു. യുക്രൈൻ - റഷ്യ വെടിനിർത്തൽ ആദ്യം വേണമെന്ന നിലപാടാണ് സെലൻസ്കി ചർച്ചയിൽ ഉയർത്തിയത്. ആദ്യം വെടിനിർത്തൽ, പിന്നെയാകാം സമാധാന കരാർ എന്ന സെലൻസ്കിയുടെ നിലപാടിനെ യൂറോപ്യൻ നേതാക്കളും പിന്തുണക്കുകയായിരുന്നു.

റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻകൈയെടുത്ത് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്താൻ തീരുമാനിച്ച അലാസ്ക ഉച്ചകോടിക്ക് മുന്നോടിയായാണ് വെർച്വൽ യോഗം ചേർന്നത്. ട്രംപിനൊപ്പം സെലെൻസ്കിയും യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും വെർച്വൽ യോഗത്തിൽ പങ്കെടുത്തു. ജർമൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസിന്റെ നേതൃത്വത്തിൽ നടന്ന വെർച്വൽ കൂടിക്കാഴ്ചയിൽ യുക്രൈന്റെയും യൂറോപ്പിന്റെയും ആശങ്കകൾ ഉന്നയിക്കപ്പെട്ടു. യുക്രൈന്റെ പരമാധികാരവും സുരക്ഷാ ഉറപ്പുകളും ഉറപ്പാക്കണമെന്നും, റഷ്യയുടെ കൈവശമുള്ള യുക്രൈൻ പ്രദേശങ്ങളുടെ നിയമപരമായ അംഗീകാരം ഉണ്ടാകരുതെന്നും മെർസ്, ട്രംപിനോട് ആവശ്യപ്പെട്ടു. യുക്രൈനെ ഒഴിവാക്കിയുള്ള ചർച്ചകൾ ഫലപ്രദമാകില്ലെന്ന് സെലെൻസ്കിയും മുന്നറിയിപ്പ് നൽകി. അലാസ്ക യോഗത്തിൽ യുക്രൈനും പ്രാതിനിധ്യം വേണമെന്ന് യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടു.

വെടിനിർത്തലിന് പ്രസിഡന്റ് ട്രംപ് പിന്തുണ നൽകിയെന്നാണ് യോഗത്തിന് ശേഷം സെലൻസ്കി അഭിപ്രായപ്പെട്ടത്. യുക്രൈനും അവരുടെ യൂറോപ്യൻ സഖ്യകക്ഷികളും ആഗ്രഹിക്കുന്നത് ഒന്നുമാത്രമാണ്. അത് യുക്രൈനിൽ സമാധാനം, യൂറോപ്പിൽ സമാധാനം എന്നത് മാത്രമാണെന്നും സെലെൻസ്കി ആവർത്തിച്ചു. റഷ്യ അലാസ്കയിൽ ഒരു വെടിനിർത്തലിന് തയ്യാറാകുന്നില്ലെങ്കിൽ ഉപരോധങ്ങൾ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപരോധങ്ങളുടെ സ്വാധീനത്തെക്കുറിച്ച് പുടിൻ വെറുതെ പറയുകയാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും, ഉപരോധങ്ങൾ റഷ്യയുടെ യുദ്ധ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നുണ്ടെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം