അഫ്ഗാന്‍ സൈന്യം ചെറുത്ത് നില്‍പ്പ് പോലും ഇല്ലാതെ താലിബാന് മുന്നില്‍ കീഴടങ്ങാന്‍ കാരണമെന്ത്

By Web TeamFirst Published Aug 16, 2021, 1:23 PM IST
Highlights

അമേരിക്കന്‍ തീവ്രവാദ വിരുദ്ധ കേന്ദ്രം ജനുവരിയില്‍ 2014ലെ റിപ്പോര്‍ട്ട് പ്രകാരം പറഞ്ഞത് അഫ്ഗാനിസ്ഥാന്‍ സേനയുടെ മൊത്തം സംഖ്യയില്‍ 60 ശതമാനം എങ്കിലും യുദ്ധ രംഗത്ത് ഇറങ്ങാന്‍ സാധിക്കുന്ന സൈനികരാണ് എന്നാണ് പറയുന്നത്. അതായത് 180,000 ത്തോളം സൈനികരെ എങ്കിലും യുദ്ധ രംഗത്ത് ഇറക്കാന്‍ സാധിക്കും. 

കാബൂള്‍: അപ്രതീക്ഷിതമായാണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്നും തങ്ങളുടെ പൂര്‍ണ്ണമായ പിന്‍വാങ്ങാല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വളരെ പ്രതീക്ഷിതമായ മുന്നേറ്റത്തിലൂടെയാണ് 20 കൊല്ലത്തിനപ്പുറം താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചത്. ഒരോ പ്രവിശ്യയും, ജില്ലയും, നഗരങ്ങളും അതിവേഗത്തില്‍ പിടിച്ചടക്കി, ഇപ്പോള്‍ എടുക്കാച്ചരക്കായ 'ദോഹ സമാധാന കരാറിലെ' അധികാര കൈമാറ്റത്തിനുള്ള അവസാന ദിവസം ആഗസ്റ്റ് 30ന് മുന്‍പ് തന്നെ ഏകപക്ഷീയ വിജയമാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ നേടിയത്. ഇതിനിടയില്‍ ഒരു ചോദ്യം പ്രസക്തമാണ് ഒരു ഭീകരവാദി സംഘടനയ്ക്ക് മുന്നില്‍ മൂന്ന് ലക്ഷം അംഗബലം ഉണ്ടെന്ന് പറയുന്ന, അമേരിക്ക പതിറ്റാണ്ടുകളോളം പരിശീലിപ്പിച്ച അഫ്ഗാനിസ്ഥാന്‍റെ പ്രതിരോധ സേന തകര്‍ന്നത് എങ്ങനെയാണ്.

മൂന്ന് ലക്ഷത്തിന്‍റെ കണക്ക് അടക്കം പലതും, കടലാസിലെ കണക്കുകള്‍ ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. യുഎസ് സ്പെഷ്യല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഫോര്‍ അഫ്ഗാനിസ്ഥാന്‍ റീകണ്‍സ്ട്രക്ഷന്‍ (എസ്ഐജിഎആര്‍) എന്നത് അമേരിക്കന്‍ ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ ജൂലൈ 30ന് ഇവര്‍ അമേരിക്കന്‍ സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം അഫ്ഗാന്‍ നാഷണല്‍ സെക്യൂരിറ്റി ആന്റ് ഡിഫന്‍ ഫോര്‍സില്‍ (എഎന്‍ഡിഎസ്എഫ്) മൂന്നുലക്ഷം അംഗങ്ങളാണ് ഉള്ളത്. എന്നാല്‍ ഇത് തന്നെ പൊലീസ്, ഓഫീസ് സ്റ്റാഫ്, മറ്റു ജോലിക്കാര്‍ എന്നിങ്ങനെ അഫ്ഗാന്‍ സര്‍ക്കാറിന്‍റെ ശമ്പള ലിസ്റ്റിലുള്ള എല്ലാവരും ചേര്‍ന്നതാണ്.

അതേ സമയം അമേരിക്കന്‍ തീവ്രവാദ വിരുദ്ധ കേന്ദ്രം ജനുവരിയില്‍ 2014ലെ റിപ്പോര്‍ട്ട് പ്രകാരം പറഞ്ഞത് അഫ്ഗാനിസ്ഥാന്‍ സേനയുടെ മൊത്തം സംഖ്യയില്‍ 60 ശതമാനം എങ്കിലും യുദ്ധ രംഗത്ത് ഇറങ്ങാന്‍ സാധിക്കുന്ന സൈനികരാണ് എന്നാണ് പറയുന്നത്. അതായത് 180,000 ത്തോളം സൈനികരെ എങ്കിലും യുദ്ധ രംഗത്ത് ഇറക്കാന്‍ സാധിക്കും. ഇതില്‍ തന്നെ 96,000 സൈനികര്‍ കൃത്യമായ അമേരിക്കന്‍ സൈനത്തോടൊപ്പം പ്രവര്‍ത്തിച്ചവരാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ പൊലീസുകാരും ഉള്‍പ്പെടും.  

പക്ഷെ എസ്ഐജിഎആര്‍ ജൂലൈ റിപ്പോര്‍ട്ട് പ്രധാനമായും വിലയിരുത്തുന്നത് താലിബാന്‍ ഭീഷണിയായിരുന്നു. പക്ഷെ സൈനിക ശേഷിയിലെ വലിയൊരു പ്രശ്നം അതില്‍ ചൂണ്ടിക്കാട്ടുന്നു. 'വ്യാജ' സൈനികരാണ് അത്. അതായത് സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന സൈനികര്‍ പക്ഷെ അവര്‍ ശരിക്കും ഇല്ല, വ്യാജമായ രേഖകള്‍ ഉപയോഗിച്ച് ശന്പളം വാങ്ങുന്ന വെറും 'ഗോസ്റ്റ് സൈനികരായിരുന്നു'. 

അഫ്ഗാന്‍ പോലെ കുത്തഴിഞ്ഞ ഭരണ സംവിധാനമുള്ള രാജ്യത്ത് നടമാടുന്ന നഗ്നമായ അഴിമതിയാണ് ഇതെന്ന് സംശയമില്ല. എത്ര 'ഗോസ്റ്റ്' സൈനികര്‍ സൈന്യത്തിലുണ്ടെന്ന് വ്യക്തമായ കണക്കൊന്നും ലഭ്യമല്ലെങ്കിലും. വലിയൊരു വിഭാഗം കാണുമെന്ന് തീര്‍ച്ച. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അടക്കം ഇതിന്‍റെ പങ്കുപറ്റിയിട്ടും ഉണ്ടാകും. ഇത്തരം സംഭവങ്ങള്‍ തടയാന്‍ സൈന്യത്തില്‍ ബയോമെട്രിക്ക് സംവിധാനം നടപ്പിലാക്കാന്‍ അമേരിക്ക പലപ്പോഴും അഫ്ഗാനിസ്ഥാനോട് ആവശ്യപ്പെട്ടതുമാണ്. യഥാര്‍ത്ഥത്തില്‍ കടലാസില്‍ മാത്രമായ സൈനികരുടെ എണ്ണവും താലിബാനോട് നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ സൈന്യത്തിന്‍റെ ബലഹീനതയായിരിക്കണം.

അതേ സമയം എതിര്‍വശത്ത് താലിബാന്‍ ഭീകര സംഘടന തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുകയായിരുന്നു എന്നാണ് അമേരിക്കന്‍ തീവ്രവാദ വിരുദ്ധ കേന്ദ്രം റിപ്പോര്‍ട്ട് പറയുന്നത്. ഇവരുടെ കണക്ക് അനുസരിച്ച് 2017 ല്‍ താലിബാനില്‍ യുദ്ധ രംഗത്ത് ഇറങ്ങാന്‍ ശേഷിയുള്ള 60,000പേര്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസങ്ങളില്‍ ഇത് രണ്ട് ലക്ഷമായി വര്‍ദ്ധിച്ചു. ഇതില്‍ തന്നെ പാകിസ്ഥാനില്‍ നിന്നും മറ്റും എത്തിയ താലിബാന്‍ അനുകൂലികളും, ഭീഷണിപ്പെടുത്തി ഒപ്പം ചേര്‍ത്ത നാട്ടുകാരും എല്ലാം ഉള്‍പ്പെടുന്നുവെന്നാണ് കണക്ക്. 

അഫ്ഗാന്‍ സേനയെ അപേക്ഷിച്ച് സാങ്കേതികമായും, ആയുധ ശേഷിയിലും അത്ര മെച്ചമൊന്നും അല്ല താലിബാന്‍ എന്ന് അമേരിക്കന്‍ തീവ്രവാദ വിരുദ്ധ കേന്ദ്രം റിപ്പോര്‍ട്ട് ഉറപ്പിച്ച് പറയുന്നു. അവര്‍ക്ക് വ്യോമസേനയില്ല, വലിയ ആയുധങ്ങള്‍ ഇല്ല. സൈനിക വാഹനങ്ങള്‍ ഇല്ല. എന്നാല്‍ അവരുടെ ശേഷി എഎന്‍ഡിഎസ്എഫിനേക്കാള്‍ ഏറെ താഴെയാണ് എന്ന് വാദിക്കുന്നത് തെറ്റാണ് എന്നാണ് അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ തന്നെ പറയുന്നത്. യുഎസ് താലിബാന്‍ ചര്‍ച്ചകള്‍ തുടങ്ങിയ കാലത്ത് തന്നെ യുഎസ് പിന്‍മാറ്റം താലിബാന്‍ മനസിലാക്കിയിരുന്നു. ഇതിനാല്‍ തന്നെ വലിയ തോതില്‍ ആള്‍ബലവും ആയുധശേഷിയും അവര്‍ വര്‍ദ്ധിപ്പിച്ചിരുന്നു എന്നാണ് യുഎസ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ഇതിന് പുറമേ യുഎസ് ആയുധങ്ങളും ഉപകരണങ്ങളുമാണ് അഫ്ഗാന്‍ സൈന്യത്തിന്‍റെ കൈയ്യിലുള്ളത്. അഫ്ഗാന്‍ സൈന്യത്തിനെതിരായ ഒരോ ആക്രമണത്തിലും ഇത്തരം ആയുധങ്ങളും, ഉപകരണങ്ങളും പിടിച്ചെടുക്കുകയും അത് സോഷ്യല്‍ മീഡ‍ിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് താലിബാന്‍റെ പതിവാണ്. ഇത് മൂലം അഫ്ഗാന്‍ സൈന്യത്തിനിടയില്‍ മാനസിക ആധിപത്യം നേടാന്‍ താലിബാന്‍ ശ്രമിച്ചു. കണ്ഡഹാറില്‍ യുഎസ് സൈന്യം അഫ്ഗാന്‍ സൈന്യത്തിന് നല്‍കിയ ഹെലികോപ്റ്റര്‍ അടക്കം താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തത് ശരിക്കും അവര്‍ ആഘോഷിച്ചിരുന്നു. പെട്ടെന്നുള്ള യുഎസ് പിന്‍മാറ്റം അഫ്ഗാന്‍ സൈന്യത്തിന് വലിയ തിരിച്ചടിയും, ആത്മ വിശ്വാസ കുറവും സമ്മാനിച്ചു.

അമേരിക്കന്‍ പിന്‍മാറ്റത്തിന് പിന്നാലെ താലിബാന്‍ തങ്ങളുടെ പണി അതിവേഗത്തിലാണ് നടത്തിയത്. അഫ്ഗാന്‍ സൈന്യത്തിന്‍റെ ചെറു പോസ്റ്റുകളും, ക്യാന്പുകളും പിടിച്ചെടുത്തു. ഇതിനെതിരെ ജൂലൈ 21 യുഎസ് യുഎസ് ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. താലിബാന്‍റെ ഇത്തരം പിടിച്ചെടുക്കലുകളുടെ വേഗത കുറയ്ക്കണം എന്നായിരുന്നു ആവശ്യം, എന്നാല്‍ അത് ചെവികൊള്ളാന്‍ ആരും ഉണ്ടായിരുന്നില്ല,ശേഷിയും ഉണ്ടായിരുന്നില്ല. ആഗസ്റ്റ് 15ന് കാബൂള്‍ വീണൂ.

താലിബാന്‍ ശക്തമായി മുന്നേറി കൊണ്ടിരുന്ന സമയത്ത് തന്നെ അഫ്ഗാന്‍ സൈന്യത്തിലെ പല മുതിര്‍ന്ന ഉദ്യോഗസ്ഥരും നാട് വിട്ടിരുന്നു എന്നതാണ് സത്യം. തങ്ങളുടെ യുഎസ് സൌഹൃദങ്ങളും, ഉദ്യോഗസ്ഥതലത്തിലെ അഴിമതികളില്‍ നിന്നും സമ്പാദിച്ച പണവും അതിന് അവരെ തുണച്ചുവെന്നാണ് അഫ്ഗാന്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നത്. അതായത് ചെറുത്ത് നില്‍പ്പ് ആസൂത്രണം ചെയ്യാന്‍ പോലും അഫ്ഗാന്‍ സൈന്യത്തിന് അവസാനം നേതൃനിരയില്‍ ആളുകള്‍ കുറവായിരുന്നു. 

അതേ സമയം തന്നെ മുന്‍പ് താലിബാന്‍ അനുകൂലികളായിരുന്നു. യുഎസ് അധിനിവേശ കാലത്ത് കൂറുമാറി ഇപ്പോള്‍ സൈന്യത്തില്‍ ഉന്നതരായ ചിലരെ സ്ലിപ്പിംഗ് സെല്ലുകളായി താലിബാന്‍ ഉപയോഗിച്ചു എന്ന വാദവും ശക്തമാണ്. ഇത് പല നിര്‍ണ്ണായക സമയത്തും സൈന്യത്തെ നിര്‍വീര്യമാക്കുവാന്‍ താലിബാനെ തുണച്ചു. യുഎസ് അഫ്ഗാന്‍ വിടും മുന്‍പ് അഫ്ഗാന്‍ സൈന്യത്തിന് നല്‍കിയ ഉപദേശം പ്രധാന നഗരങ്ങളും പ്രവിശ്യകളിലും താലിബാന്‍ കടന്നുകയറ്റം പരമാവധി ദീര്‍ഘിപ്പിക്കുക എന്നതായിരുന്നു.

എന്നാല്‍ അത്തരം ഒരു തന്ത്രം പ്രായോഗികമാകത്തതില്‍ സൈന്യത്തിനുള്ളില്‍ തന്നെ താലിബാന്‍ അനുകൂല നീക്കം ഉണ്ടായോ എന്ന കാര്യവും ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. തങ്ങള്‍ പതിറ്റാണ്ടുകളോളം പരിശീലിപ്പിച്ച ഒരു വിഭാഗം സൈന്യത്തെ വിശ്വസിച്ചാണ് അമേരിക്ക അഫ്ഗാന്‍ വിട്ടത് എങ്കില്‍ അത് അവിടുത്തെ ജനങ്ങളെ ശരിക്കും നരകത്തില്‍ തള്ളിവിട്ടതിന് സമാനമായി. ഏതാണ്ട് 88 ബില്ല്യണ്‍ ഡോളര്‍ ഉപയോഗിച്ചാണ് യുഎസ് അഫ്ഗാന്‍ പ്രതിരോധ സേനയെ ഉണ്ടാക്കിയത് എന്നും ഇതിനോട് ചേര്‍ത്ത് വായിക്കണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!