
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട യുവാവിന്‍റെ നേരെ ആൾക്കൂട്ടം നടത്തിയ ആക്രമണത്തിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ. ശരിയത്ത്പൂർ സ്വദേശിയായ ഖോകോൺ ചന്ദ്ര ദാസിനെ വീട്ടിലേക്കുള്ള യാത്രാമധ്യേ ആൾക്കൂട്ടം ക്രൂരമായി മർദിക്കുകയും പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തുകയുമായിരുന്നുവെന്ന് ഭാര്യ സീമ ദാസ് പറഞ്ഞു. തന്നെ മർദിച്ച രണ്ടു പേരെ ദാസ് തിരിച്ചറിഞ്ഞിരുന്നുവെന്നും പിന്നാലെയാണ് അദ്ദേഹത്തിന്‍റെ തലയിലും മുഖത്തും പെട്രോൾ ഒഴിച്ച് അക്രമികൾ തീകൊളുത്തിയതെന്നും സീമ ദാസ് പറഞ്ഞു. ദാസ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ആരുമായും ശത്രുതയില്ലാത്ത ദാസിനെ ആക്രമിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് സീമ ദാസ് എൻഡിടിവിയോട് പറഞ്ഞു- "ഞങ്ങൾ ആരോടും ഒരു പ്രശ്നത്തിനും പോയിട്ടില്ല. എന്നിട്ടും എന്‍റെ ഭർത്താവിനെ ലക്ഷ്യം വച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഞങ്ങൾ ഹിന്ദുക്കളാണ്. ഞങ്ങൾക്ക് സമാധാനപരമായി ജീവിക്കണം.ഞാൻ സർക്കാരിനോട് സഹായം അഭ്യർത്ഥിക്കുന്നു" സീമ ദാസ് പറഞ്ഞു. ഖോകോൺ ദാസിന്‍റെ ഒരു കണ്ണിന്‍റെ ശസ്ത്രക്രിയ പൂർത്തിയാക്കിയെന്നും ഉടൻ തന്നെ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുമെന്നും വിവരം ലഭിച്ചു.
തലസ്ഥാനമായ ധാക്കയിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് ഖോകോൺ ദാസിന്‍റെ സ്ഥാപനം. ബുധനാഴ്ച വീട്ടിലേക്ക് മടങ്ങുമ്പോൾ അക്രമികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. അക്രമികൾ പെട്രോൾ ഒഴിച്ചതോടെ അദ്ദേഹം പ്രാണരക്ഷാർത്ഥം സമീപത്തെ കുളത്തിലേക്ക് ചാടി. പിന്നാലെ അക്രമികൾ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. പ്രദേശവാസികളാണ് ദാസിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി ധാക്കയിലേക്ക് മാറ്റി.
സീമ ദാസിനും ഖോകോൺ ദാസിനും മൂന്ന് മക്കളുണ്ട്. ദാസിനെ ആശുപത്രിയിൽ എത്തിച്ചവരിൽ ഒരാളായ മുസ്ലിം യുവാവ് പറഞ്ഞത് കുടുംബത്തെ സഹായിക്കാൻ താൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നാണ്. മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്‍റെ കീഴിൽ ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് ബംഗ്ലാദേശ് സർക്കാർ പ്രസ്താവനയിറക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam