
പഹൽഗാം ആക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂർ തിരിച്ചടിയുടെയും പശ്ചാത്തലത്തിൽ പാകിസ്ഥാൻ വളർത്തുന്ന ഭീകരതക്കെതിരായ ആഗോള പോരാട്ടത്തിലാണ് ഇന്ത്യ. പാകിസ്ഥാനെ തുറന്നുകാട്ടാനായി ലോകത്തെ പ്രധാനരാജ്യങ്ങളിലേക്ക് എം പിമാരുടെ നേതൃത്വത്തിൽ പ്രതിനിധി സംഘത്തെ അയക്കുകയാണ് ഇന്ത്യ. ഇതിന്‍റെ ഭാഗമായുള്ള ആദ്യ സംഘങ്ങൾ ഇതിനകം വിവിധ ലോകരാജ്യങ്ങളിലെത്തിക്കഴിഞ്ഞു. ഏഴ് സർവകക്ഷി എംപിമാരുടെ പ്രതിനിധി സംഘത്തെ 32 രാജ്യങ്ങളിലേക്കാണ് ഇന്ത്യ അയക്കുന്നത്.
ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസിൽ (എൻഡിഎ) നിന്നുള്ള 31 എംപിമാരും പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള 20 എംപിമാരും ഉൾപ്പെടെ 59 പാർലമെന്റ് അംഗങ്ങൾ ഈ സംരംഭത്തിൽ ഉൾപ്പെടുന്നു. സന്ദർശന വേളയിൽ നയതന്ത്ര ഇടപെടലും തന്ത്രപരമായ ആശയവിനിമയവും ശക്തിപ്പെടുത്തുന്നതിനായി ഓരോ പ്രതിനിധി സംഘത്തോടൊപ്പം കുറഞ്ഞത് ഒരു മുൻ നയതന്ത്രജ്ഞനെങ്കിലും ഉണ്ടാകും.
പ്രതിനിധി സംഘങ്ങളെ നയിക്കുന്നത്
ബിജെപിയുടെ ബൈജയന്ത് ജയ് പാണ്ഡ (ഗ്രൂപ്പ് 1)
ബിജെപിയുടെ രവിശങ്കർ പ്രസാദ് (ഗ്രൂപ്പ് 2)
ജെഡിയുവിന്റെ സഞ്ജയ് ഝാ (ഗ്രൂപ്പ് 3)
ശിവസേനയുടെ ശ്രീകാന്ത് ഷിൻഡെ (ഗ്രൂപ്പ് 4)
കോൺഗ്രസ് എംപി ശശി തരൂർ (ഗ്രൂപ്പ് 5)
ഡിഎംകെ എംപി കനിമൊഴി കരുണാനിധി (ഗ്രൂപ്പ് 6)
എൻസിപി (ശരദ് പവാർ) നേതാവ് സുപ്രിയ സുലെ (ഗ്രൂപ്പ് 7)
32 രാജ്യങ്ങൾ ഏതൊക്കെ
സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, അൾജീരിയ, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ഡെൻമാർക്ക്, ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ലൈബീരിയ, കോംഗോ, സിയറ ലിയോൺ, യുണൈറ്റഡ് സ്റ്റേറ്റ്സ്, പനാമ, ഗയാന, ബ്രസീൽ, കൊളംബിയ, സ്പെയിൻ, ഗ്രീസ്, സ്ലോവേനിയ, ലാത്വിയ, റഷ്യ, ഈജിപ്ത്, ഖത്തർ, എത്യോപ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് പാകിസ്ഥാനെ തുറന്നുകാട്ടാനായി ഇന്ത്യ തെരഞ്ഞെടുത്തിരിക്കുന്നത്.
എന്തുകൊണ്ട് ഈ രാജ്യങ്ങൾ- മുൻ നയതന്ത്രജ്ഞർ പറയുന്നതിങ്ങനെ
ഇന്ത്യ തെരഞ്ഞെടുത്ത 32 രാജ്യങ്ങളും ആഗോളതലത്തിൽ ഭീകരതക്കെതിരായ പോരാട്ടത്തിൽ പ്രധാനപ്പെട്ട രാജ്യങ്ങളാണെന്നതാണ് പ്രധാന കാരണമെന്നാണ് അമേരിക്ക, ഐക്യരാഷ്ട്രസഭ, പാകിസ്ഥാൻ, ഈജിപ്ത്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള മുൻ നയതന്ത്രജ്ഞൻ അംബാസഡർ പ്രഭു ദയാൽ പറയുന്നത്. ഇന്ത്യൻ പ്രതിനിധികൾ പോകുന്ന ഈ രാജ്യങ്ങൾ നിലവിൽ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ അംഗങ്ങളോ, അല്ലെങ്കിൽ അടുത്തുതന്നെ അംഗങ്ങളാകാൻ പോകുന്ന രാജ്യങ്ങളോ ആണ്. യു എൻ സുരക്ഷാ കൗൺസിലിൽ തീരുമാനമെടുക്കുന്നവരിൽ ഈ രാജ്യങ്ങളെല്ലാം പ്രധാന പങ്കു വഹിക്കും. തീവ്രവാദത്തിന്റെ കാര്യത്തിൽ അവർക്ക് നിർണായക പങ്ക് വഹിക്കാനുണ്ടാകുമെന്നതിനാൽ ഇന്ത്യൻ സംഘം ഈ രാജ്യങ്ങളെ കാണുന്നത് വലിയ ഗുണം ചെയ്യുമെന്നും അംബാസഡർ പ്രഭു ദയാൽ കൂട്ടിച്ചേർത്തു. ചൈനയിലേക്കും പാകിസ്ഥാനിലേക്കും ഇന്ത്യൻ സംഘത്തെ അയക്കാത്തതും അദ്ദേഹം എടുത്തുകാട്ടി. ഭീകരതയെ വളർത്തുകയാണ് പാകിസ്ഥാൻ ചെയ്യുന്നതെന്നും ആ പാകിസ്ഥാനെ പിന്തുണക്കുകയാണ് ചൈന ചെയ്യുന്നതെന്നും അതുകൊണ്ടുതന്നെ ഇന്ത്യൻ സംഘം ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം വിവരിച്ചു.
ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിലെ വെല്ലുവിളികൾ
ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള എതിർപ്പാണ് യുഎൻ സുരക്ഷാ കൗൺസിലിൽ (യുഎൻഎസ്‌സി) ഇന്ത്യ നേരിടാൻ പോകുന്ന വെല്ലുവിളി. ചൈനയും പാകിസ്ഥാനും ഒഴികെയുള്ള സുരക്ഷാ കൗൺസിലിലെ 13 രാജ്യങ്ങളും ഇന്ത്യൻ സംഘം സന്ദർശിക്കുന്നത് ഗുണം ചെയ്യുമെന്ന് മുൻ നയതന്ത്ര അംബാസഡർ അനിൽ ത്രിഗുണയത്ത് ചൂണ്ടികാട്ടി. യുഎസ്, റഷ്യ, ചൈന, ഫ്രാൻസ്, യുകെ എന്നീ സ്ഥിരാംഗങ്ങൾക്ക് പുറമേ അൾജീരിയ, ഡെൻമാർക്ക്, ഗ്രീസ്, ഗയാന, പാകിസ്ഥാൻ, പനാമ, റിപ്പബ്ലിക് ഓഫ് കൊറിയ, സിയറ ലിയോൺ, സ്ലൊവേനിയ, സൊമാലിയ എന്നിവയാണ് യുഎൻ സുരക്ഷാ കൗൺസിലിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥിരമല്ലാത്ത അംഗങ്ങൾ. അതുകൊണ്ടുതന്നെ ഇന്ത്യൻ സംഘത്തിന്‍റെ 'പാകിസ്ഥാനെ തുറന്നുകാട്ടൽ' മിഷൻ യു എന്നിലടക്കം വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam