'പ്രിയപ്പെട്ട കാർണി, ബോർഡ് ഓഫ് പീസിലേക്കുള്ള ക്ഷണം പിൻവലിക്കുന്നു, ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി' എന്ന് ട്രംപ് കുറിച്ചു. പാകിസ്ഥാനും സൗദിയും അടക്കം 19 രാജ്യങ്ങൾ മാത്രമാണ് ബോർഡ് ഓഫ് പീസിൽ ചേരാൻ സന്നദ്ധത അറിയിച്ചത്.
വാഷിങ്ടൺ: ഗാസയിലെ സമാധാനവും പുനർനിർമ്മാണവും ലക്ഷ്യമിട്ട് പ്രഖ്യാപിച്ച 'ബോർഡ് ഓഫ് പീസ്' ആഗോള സമാധാന പദ്ധതിയിലേക്ക് കാനഡയ്ക്കുള്ള ക്ഷണം പിൻവലിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ലോക സാമ്പത്തിക ഫോറത്തിൽ (WEF) യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾക്ക് നേരെ ശക്തമായി പ്രതികരിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബോർഡ് ഓഫ് പീസിലേക്കുള്ള ക്ഷണം പിൻവലിക്കുന്നതായി ട്രംപ് വ്യക്തമാക്കിയത്. 'പ്രിയപ്പെട്ട കാർണി, ബോർഡ് ഓഫ് പീസിലേക്കുള്ള ക്ഷണം പിൻവലിക്കുന്നു, ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി' എന്ന് ട്രംപ് കുറിച്ചു. ട്രംപ് സ്ഥിരം മേധാവിയായി തുടരുന്ന സമിതിയിൽ ചേരാനായി അമേരിക്ക 50 ഓളം രാജ്യങ്ങൾക്ക് ക്ഷണം അയച്ചിരുന്നു.
അമേരിക്ക കാരണം മാത്രമാണ് കാനഡ നിലനിൽക്കുന്നത് എന്ന ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ മറുപടിയുമായി കാർണി രംഗത്ത് വന്നിരുന്നു. കാനഡയും അമേരിക്കയും തമ്മിൽ ശ്രദ്ധേയമായ പങ്കാളിത്തമുണ്ട്. എന്നാൽ അമേരിക്ക കാരണം മാത്രമല്ല കാനഡ ജീവിക്കുന്നത്. കാനഡ മുന്നേറുന്നത് ഞങ്ങൾ കാനഡക്കാരായതിനാലാണെന്നും കാർണി ക്യുബെക് സിറ്റിയിൽ പുതിയ സഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ അഭിസംബോധനയിൽ വ്യക്തമാക്കി. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ കാർണി നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു ഇത്.
അതേസമയം പാകിസ്ഥാനും സൗദിയും അടക്കം 19 രാജ്യങ്ങൾ മാത്രമാണ് ബോർഡ് ഓഫ് പീസിൽ ചേരാൻ സന്നദ്ധത അറിയിച്ചത്. യുഎഇ, ഖത്തർ, ഇന്തോനേഷ്യ, അർജന്റീന, തുർക്കി, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും സംഘടനിൽ ചേർന്നിട്ടുണ്ട്. എന്നാൽ ചൈന, റഷ്യ, ഫ്രാൻസ്, യുകെ എന്നീ യുഎൻ സുരക്ഷാ സമിതി സ്ഥിരാംഗങ്ങൾ ഉൾപ്പെടെ ട്രംപിന്റെ നടപടിയോട് മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പുതിയ നീക്കം നിലവിലെ ലോകക്രമത്തിന് വെല്ലുവിളിയാണെന്നാണ് വിമർശനം. ഐക്യ രാഷ്ട്ര സഭയും ട്രംപിന്‍റെ നീക്കത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നു.
