
ന്യൂയോർക്ക്: കോൾഡ്പ്ലേ ഷോക്കിടെ ചുംബിക്കുന്ന ദൃശ്യം ബാന്‍ഡിലെ പ്രമുഖന്‍ ക്രിസ് മാര്‍ട്ടിന്‍റെ ക്യാമറയിൽ പതിഞ്ഞതോടെ വാർത്തകളിൽ ഇടം നേടിയ ആസ്ട്രോണമർ സിഇഒ ആൻഡി ബൈറണിന്റെ കുടുംബത്തിൽ അസ്വാരസ്യമെന്ന് റിപ്പോർട്ട്. ആൻഡി ബൈറണും അദ്ദേഹത്തിന്റെ കമ്പനിയുടെ ചീഫ് പീപ്പിൾ ഓഫീസർ ക്രിസ്റ്റിൻ കാബോട്ടും ചുംബിക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. വീഡിയോ ലോകമാകെ വൈറലായി പ്രചരിച്ചു. എന്നാൽ സംഭവം വാർത്തയായതിന് പിന്നാലെ ബൈറണിനെ മാത്രമല്ല, അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെയും ബാധിച്ചെന്ന് പറയുന്നു.
അധ്യാപികയായ മേഗൻ കെറിഗനാണ് ബൈറന്റെ ഭാര്യ. ബന്ധത്തിൽ ഇരുവർക്കും രണ്ട് മക്കളുണ്ട്. മസാച്യുസെറ്റ്സിൽ താമസിക്കുന്ന പ്രശസ്തയായ ഒരു അധ്യാപികയാണ് മേഗൻ കെറിഗൻ. 50 കാരിയായ അവർ മസാച്യുസെറ്റ്സിലെ ബാൻക്രോഫ്റ്റ് സ്കൂളിലെ അസോസിയേറ്റ് ഡയറക്ടറാണ്. വീഡിയോ വൈറലായതിന് മണിക്കൂറുകൾക്ക് ശേഷം, അവർ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് ഭർത്താവിന്റെ കുടുംബപ്പേര് നീക്കം ചെയ്തു.
ചുംബനം ബൈറണിന്റെ മുൻ സഹപ്രവർത്തകരിൽ നിന്ന് വിമർശനത്തിന് കാരണമായിരുന്നു. സംഭവത്തിന് ശേഷം, ബൈറൺ തന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ഇനാക്ടീവാക്കി. സംഭവത്തിൽ അസ്ട്രോണമർ സിഇഒയോ കമ്പനിയോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.