മനുഷ്യരിലെ പരീക്ഷണത്തിന്റെ ഭാഗമായി ഒന്നാംഘട്ടത്തിൽ 60പേരെയാണ് ഉൾപ്പെടുത്തുക. രണ്ടാംഘട്ട ക്ലിനിക്കല്‍ ട്രയലിലുള്ള ഈ വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമാകുന്നത് പതിനെട്ട് വയസിനും 55 വയസിനും ഇടയിലുള്ള 300 പേരാണ്.

ടോക്യോ: മാരകമായ നിപ നിപ വൈറസിനെതിരെ വാക്‌സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍. ടോക്യോ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് വാക്സിൻ വികസിപ്പിച്ചത്. വരുന്ന ഏപ്രിൽ മാസത്തോടെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങുമെന്ന് ജപ്പാനിലെ നിക്കെയ് ഏഷ്യാ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. ബെൽജിയത്തിൽ ആണ് മനുഷ്യരിലുള്ള ക്ലിനിക്കൽ ട്രയലിന് തുടക്കമിടുക. നിലവിൽ നിപ വൈറസിനെ പ്രതിരോധിക്കാൻ ലൈസൻസുള്ള വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല. നിപാ വൈറസിന്റെ ജനിതക ഘടകങ്ങളുടെ ഒരുഭാഗം മീസിൽസ് വൈറസിലേക്ക് ചേർത്താണ് പുതിയ വാക്സിൻ വികസിപ്പിക്കുന്നതെന്നാണ് വിവരം.

മനുഷ്യരിൽ വാക്സിൻ പ്രവേശിക്കുമ്പോൾ നിപാ വൈറസിന് സമാനമായ ആന്റിജെൻ പ്രോട്ടീൻ ഉത്പാദിപ്പിക്കപ്പെടും. ഇത് യഥാർഥ വൈറസിനെ തിരിച്ചറിയാൻ പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയും രോഗതീവ്രത കുറയ്ക്കാനും രോഗത്തെ പ്രതിരോധിക്കാനും സഹായിക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. നേരത്തേ എലികളിൽ നടത്തിയ പരീക്ഷണത്തിൽ വാക്സിന്റെ ഫലപ്രാപ്തിയും സുരക്ഷയും തെളിയിച്ചതാണെന്ന് വാക്സിൻ വികസിപ്പിച്ച ഗവേഷകർ പഞ്ഞു. മനുഷ്യരിലെ പരീക്ഷണത്തിന്റെ ഭാഗമായി ഒന്നാംഘട്ടത്തിൽ 60പേരെയാണ് ഉൾപ്പെടുത്തുക. രണ്ടാംഘട്ട ക്ലിനിക്കല്‍ ട്രയലിലുള്ള ഈ വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമാകുന്നത് പതിനെട്ട് വയസിനും 55 വയസിനും ഇടയിലുള്ള 300 പേരാണ്.

ജനുവരിയിൽ പശ്ചിമബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജപ്പാനിൽ നിന്നുള്ള വാക്സീൻ പരീക്ഷണ വാർത്ത പുറത്തുവരുന്നത്. രണ്ട് കേസുകളാണ് പശ്ചിമബംഗാളില്‍ സ്ഥിരീകരിച്ചത്. സമ്പർക്കത്തിൽ വന്ന 196 പേരുടെ പരിശോധന ഫലം നെ​ഗറ്റീവായിരുന്നു. മൃഗങ്ങളിൽനിന്നു മൃഗങ്ങളിലേക്കു പടരുന്ന രോഗമായ നിപ കേരളത്തിൽ മനുഷ്യരിൽ ആദ്യമായി സ്ഥിരീകരിച്ചത് 2018ൽ കോഴിക്കോട് പേരാമ്പ്രയിലാണ്. ഇതുവരെ 21 പേരാണ് നിപ ബാധിച്ച് കേരളത്തിൽ മരണപ്പെട്ടത്. തൊണ്ടയിൽനിന്നും മൂക്കിൽനിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് എന്നിവയിൽനിന്ന് റിയൽ ടൈം പോളിമറൈസ് ചെയിൻ റിയാക്ഷൻ (ആർടിപിസിആർ) വഴിയാണ് നിപ വൈറസിനെ തിരിച്ചറിയുന്നത്. എലീസ പരിശോധനയിലൂടെയും തിരിച്ചറിയാം. മരണ സാധ്യത കൂടുതലുള്ള വൈറസായതിനാൽ നിപയെ അതീവ ജാഗ്രതയോടെ വേണം നേരിടാൻ.

നിപ രോഗ ലക്ഷണങ്ങള്‍

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍.ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്.