
ഇസ്ലാമബാദ്: പ്രതിഷേധകരുടെ ന്യായമായ ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കാമെന്നും എന്നാല്‍ രാജിവയ്ക്കില്ലെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇമ്രാന്‍ ഖാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ അഞ്ച് ദിവസമായി പാക്കിസ്താനില്‍ പ്രതിപക്ഷം പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ താന്‍ രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം മാത്രം അംഗീകരിക്കാനാവില്ലെന്നും മറ്റ് ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നുമാണ് ഇമ്രാന്‍ ഖാന്‍റെ നിലപാട്. പ്രതിരോധമന്ത്രി പര്‍വേസ് ഖട്ടക് നയിക്കുന്ന അനുരഞ്ജന സംഘവുമായി നടത്തിയ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്ലാമാബാദില്‍ ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന മാര്‍ച്ചിന്‍റെ ഭാഗമായ പ്രതിപക്ഷപാര്‍ട്ടികളുമായാണ് യോഗം ചേര്‍ന്നത്.
ജാമിയത്ത് ഉലമ ഇ ഇസ്ലാം ഫസല്‍ നേതാവ് ഫസല്‍ ഉല്‍ റഹ്മാന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ചൊവ്വാഴ്ചയോടെ പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. 2018 ലെ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ചാണ് പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നത്. പ്രതിപക്ഷ പാര്‍ട്ടികളായ പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് നവാസ്, പാക്കിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി എന്നിവരും ഭരണവിരുദ്ധ റാലിയില്‍ പിന്തുണ നല്‍കുന്നുണ്ട്.
പ്രധാനമന്ത്രി രാജിവയ്ക്കുന്നതിന് പുറമെ സൈന്യത്തിന്‍റെ മേല്‍നോട്ടമില്ലാതെ, രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. പ്രതിഷേധം തുടരുമെന്നും പിന്നോട്ടില്ലെന്നുമാണ് റെഹ്മാന്‍ വ്യക്തമാക്കുന്നത്. രാജിവയ്ക്കാന്‍ രണ്ട് ദിവസത്തെ കാലാവധിയാണ് റെഹ്മാന്‍ വെള്ളിയാഴ്ച പ്രധാനമന്ത്രിക്ക് നല്‍കിയത്. പാക്കിസ്ഥാന്‍റെ ഗോര്‍ബച്ചേവ് എന്നാണ് അദ്ദേഹം ഇമ്രാന്‍ ഖാനെ വിശേഷിപ്പിച്ചത്. ഖാന്‍ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ഇവരുടെ പക്ഷം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam