
കാബൂൾ: അഫ്ഗാനിസ്ഥാന് മേലുള്ള അധിനിവേശം വെച്ചുപൊറുപ്പിക്കില്ലെന്ന് താലിബാൻ (Taliban). കഴിഞ്ഞ ദിവസം പാകിസ്ഥാൻ (Pakistan) നടത്തിയ വ്യോമാക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു താലിബാൻ. അയൽരാജ്യങ്ങളിൽ നിന്നുള്ള ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് അഫ്ഗാനിസ്ഥാൻ ആക്ടിംഗ് പ്രതിരോധ മന്ത്രി പറഞ്ഞു. ഞങ്ങൾ ലോകത്തിൽ നിന്നും അയൽക്കാരിൽ നിന്നും വെല്ലുവിളികൾ നേരിടുകയാണ്. കുനാറിൽ പാകിസ്ഥാൻ നടത്തിയ അധിനിവേശം ഉദാഹരണമാണ്. അഫ്ഗാന് മേലുള്ള അധിനിവേശം സഹിക്കില്ല. കഴിഞ്ഞ തവണത്തെ സംഭവം ദേശീയ താൽപ്പര്യം മുൻനിർത്തി ഞങ്ങൾ സഹിച്ചു. ഇനി അതുണ്ടാകില്ല- പ്രതിരോധമന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് പറഞ്ഞു. താലിബാൻ സ്ഥാപകനായ മുല്ല മുഹമ്മദ് ഒമറിന്റെ ചരമവാർഷികത്തിൽ കാബൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു താലിബാൻ മന്ത്രി.
കഴിഞ്ഞ ദിവസമാണ് കുനാർ, ഖോസ്റ്റ് പ്രവിശ്യകളിൽ പാകിസ്ഥാൻ മിന്നലാക്രമണം നടത്തിയത്. 30ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ആക്രമണം നടത്തിയതായി ഇതുവരെ പാകിസ്ഥാൻ സ്ഥിരീകരിച്ചിട്ടില്ല. ഇരു രാജ്യങ്ങളും സഹോദര രാജ്യങ്ങളാണെന്നാണ് പാകിസ്ഥാന്റെ നിലപാട്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സഹോദര രാജ്യങ്ങളാണ്. രണ്ട് രാജ്യങ്ങളും തീവ്രവാദത്തെ ഗുരുതര ഭീഷണിയായി കണക്കാക്കുന്നു. തീവ്രവാദ വിപത്തി കഷ്ടപ്പെടുന്ന രാജ്യങ്ങളാണ് അഫ്ഗാനും പാകിസ്ഥാനും. അതിർത്തി കടന്നുള്ള ഭീകരവാദത്തെ ചെറുക്കുന്നതിനായി ഇരു രാജ്യങ്ങളും ഇടപെടണമെന്നും പാകിസ്ഥാൻ വക്താവ് വ്യക്തമാക്കി.
പാകിസ്ഥാൻ അതിർത്തി കടന്ന് നടത്തിയ ആക്രമണത്തിൽ പ്രതിഷേധമറിയിക്കാൻ താലിബാൻ ഭരണകൂടം പാകിസ്ഥാൻ അംബാസഡറെ വിളിച്ചുവരുത്തിയിരുന്നു. ഏപ്രിൽ 16നാണ് ആക്രമണം നടന്നത്. വ്യോമാക്രമണത്തിൽ 20 കുട്ടികൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam