ജയ്ഷെ മുഹമ്മദിനെതിരെ നടപടിയെന്ന് പാകിസ്ഥാൻ, സമയപരിധി ഇന്ത്യ പറയേണ്ടെന്ന് മന്ത്രി

By Web TeamFirst Published Mar 4, 2019, 12:14 PM IST
Highlights

ഭീകരസംഘടനകൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് പാക് വാർത്താ വിനിമയ മന്ത്രി ഫവാദ് ചൗധുരി പറയുന്നത്. 

ഇസ്ലാമാബാദ്: പാക് അതിർത്തി പ്രവിശ്യകളിലുള്ള ഭീകരക്യാംപുകൾക്ക് നേരെ ശക്തമായ നടപടിയെടുക്കുമെന്ന് പാക് വാർത്താ വിനിമയമന്ത്രി ഫവാദ് ചൗധുരി. പാക് വാർത്താ ചാനലായ ഡോണിന്‍റെ പ്രത്യേക പരിപാടിയിലാണ് ഫവാദ് ചൗധുരി നിലപാട് വ്യക്തമാക്കിയത്. എന്നാൽ ഇതിനുള്ള സമയപരിധി ഇന്ത്യ നിശ്ചയിക്കേണ്ടതില്ലെന്നും ഫവാദ് ചൗധുരി പറഞ്ഞു. 

ജയ്ഷെ മുഹമ്മദിനും ജമാ അത്തെ ഉദ്ദവയ്ക്കും അതിന്‍റെ സന്നദ്ധ സംഘടനയായ ഫലാ ഇ ഇൻസാനിയത്തിനുമെതിരായ നടപടിയുണ്ടാകുമെന്നും പാക് സുരക്ഷാ സേനയാണ് ഇതിനുള്ള സമയപരിധി നിശ്ചയിക്കേണ്ടതെന്നും ഫവാദ് ചൗധുരി വ്യക്തമാക്കി. ഇന്ത്യയുടെ സമ്മർദ്ദമല്ല ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ഫവാദ് ചൗധുരി പറയുന്നത്.

നേരത്തേ പാകിസ്ഥാനിൽ നിരോധിക്കപ്പെട്ട സംഘടനകളാണ് ജയ്ഷെ മുഹമ്മദും ജമാ അത്തെ ഉദ്ദവയും ഫലാ ഇ ഇൻസാനിയത്തും. 2001-ൽ ഇന്ത്യൻ പാർലമെന്‍ററിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് മൂന്ന് സംഘടനകളെയും പാകിസ്ഥാൻ നിരോധിച്ചത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന പാക് സുരക്ഷാ കൗൺസിൽ യോഗത്തിൽ ഈ മൂന്ന് സംഘടനകളുടെയും നിരോധനം തുടരാൻ തീരുമാനിച്ചതായും ഫവാദ് ചൗധുരി വ്യക്തമാക്കി.

എന്നാൽ മസൂദ് അസറിനെതിരെ ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ നാല് അംഗങ്ങൾ നിലപാട് ശക്തമാക്കുമ്പോൾ നടപടി തുടങ്ങിയെന്ന പാക് പ്രഖ്യാപനം തട്ടിപ്പാണെന്ന സംശയം ഇന്ത്യയ്ക്കുണ്ട്.

click me!