
ദില്ലി: ബംഗ്ലാദേശിൽ നിന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ആരോപിച്ച് ബംഗ്ലാദേശ് കോടതി വധശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വീണ്ടും ത്രിശങ്കുവിൽ. ഹസീനയെ ഉടൻ കൈമാറണമെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഇന്ത്യയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെ തുടർന്ന് ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്തതിനുശേഷം ഹസീന ഇന്ത്യയിലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യയിലുണ്ടെന്ന് കരുതപ്പെടുന്ന മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാലിനൊപ്പം ഹസീനയെയും നേരത്തെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മനുഷ്യരാശിക്കെതിരായ അഞ്ച് കുറ്റകൃത്യങ്ങൾ ചുമത്തി ഹസീനയെ കുറ്റക്കാരിയെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്.
പ്രകോപനപരമായ പരാമർശങ്ങൾ നടത്തുകയും ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, മാരകായുധങ്ങൾ എന്നിവ ഉപയോഗിച്ച് വിദ്യാർത്ഥി പ്രതിഷേധക്കാരെ ഉന്മൂലനം ചെയ്യാൻ ഉത്തരവിടുകയും ചെയ്തതിന് മരണം വരെ തടവിന് ശിക്ഷിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് ധാക്കയിലെ ചങ്കർപുൾ പ്രദേശത്ത് ആറ് പ്രതിഷേധക്കാരെ വെടിവച്ച് കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് അവർക്ക് വധശിക്ഷ വിധിച്ചത്. കലാപകാലത്ത് എല്ലാ കുറ്റകൃത്യങ്ങളും നടന്നതിന്റെ കേന്ദ്രബിന്ദു ഹസീനയാണെന്ന് ചീഫ് പ്രോസിക്യൂട്ടർ താജുൽ ഇസ്ലാം പറഞ്ഞു. അതേസമയം, മുഹമ്മദ് യൂനുസ് ആഭ്യന്തരയുദ്ധം ആഗ്രഹിക്കുന്നുവെന്നായിരുന്നു ഹസീനയുടെ പ്രതികരണം. ആരോപണങ്ങൾ നീതീകരിക്കാനാവാത്തതാണെന്നും താനും ഖാനും നല്ല വിശ്വാസത്തോടെയാണ് പ്രവർത്തിച്ചതെന്നും ജീവഹാനി കുറയ്ക്കാൻ ശ്രമിച്ചെന്നും അവർ വാദിച്ചു.
ഹസീനയെ കൈമാറാന്‍ ഇന്ത്യക്ക് ബാധ്യതയുണ്ടോ….
വിധി വന്ന് 30 ദിവസത്തിനുള്ളിൽ കീഴടങ്ങുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ലെങ്കിൽ 78 കാരിയായ ഹസീനയ്ക്ക് വിധിക്കെതിരെ അപ്പീൽ നൽകാൻ കഴിയില്ല. അധികാരം എത്രയായാലും ആരും നിയമത്തിന് അതീതരല്ലെന്നാണ് യൂനുസിന്റെ നിലപാട്. കുറ്റക്കാരായ ഈ രണ്ട് വ്യക്തികളെയും ഉടൻ ബംഗ്ലാദേശ് അധികാരികൾക്ക് കൈമാറാൻ ഞങ്ങൾ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള നിലവിലെ ഉഭയകക്ഷി കൈമാറ്റ കരാർ പ്രകാരം രണ്ട് കുറ്റവാളികളെയും കൈമാറ്റം ചെയ്യുന്നത് ഉത്തരവാദിത്തമാണെന്നും ബംഗ്ലാദേശ് പറയുന്നു.
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അഭയം നൽകുന്നത് സൗഹൃദപരമല്ലാത്ത പ്രവൃത്തിയായും നീതിയെ അവഗണിക്കുന്നതായി കണക്കാക്കുമെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, ഹസീനയ്‌ക്കെതിരായ ധാക്ക കോടതി വിധിയോട് ഇന്ത്യ പ്രതികരിച്ചു. അയൽരാജ്യത്തെ സമാധാനം, ജനാധിപത്യം, സ്ഥിരത എന്നിവ കണക്കിലെടുത്ത് എല്ലാ പങ്കാളികളുമായും ക്രിയാത്മകമായി ഇപെടുമെന്ന് ബംഗ്ലാദേശിന് ഉറപ്പ് നൽകുകയും ചെയ്തു. ബംഗ്ലാദേശിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കായി ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. എന്നാൽ ഹസീനയെ കൈമാറണമെന്ന ആവശ്യത്തിൽ വ്യക്തമായ ഉത്തരം നൽകിയില്ല.
ഹസീനയെ കൈമാറാനുള്ള സാധ്യത വളരെ കുറവാണെന്ന് രാഷ്ട്രീയ വിദഗ്ധർ പറയുന്നു. ഇന്ത്യൻ നിയമവും ഉഭയകക്ഷി ഉടമ്പടിയും ഇക്കാര്യത്തിൽ ഇന്ത്യക്ക് വിവേചനാധികാരം നൽകുന്നു. രാഷ്ട്രീയ പ്രേരിതമോ അന്യായമോ ആണെന്ന് വിധിക്കാവുന്ന സന്ദർഭങ്ങളിൽ, ഇന്ത്യക്ക് വിവേചനപരമായി തീരുമാനമെടുക്കാമെന്നാണ് പറയുന്നത്.
2013ലാണ് അതിർത്തികളിലെ കലാപവും ഭീകരതയും തടയുന്നതിനുള്ള തന്ത്രപരമായ നടപടിയുടെ ഭാഗമായി ഇന്ത്യയും ബംഗ്ലാദേശും കൈമാറൽ ഉടമ്പടിയിൽ ഒപ്പുവച്ചത്. മൂന്ന് വർഷത്തിന് ശേഷം, 2016-ൽ, ഇരു രാജ്യങ്ങളും ഒളിച്ചോടിയവരുടെ കൈമാറ്റം എളുപ്പമാക്കുന്നതിനായി ഉടമ്പടിയിൽ ഭേദഗതി വരുത്തി. ആവശ്യപ്പെടുന്ന കുറ്റവാളികളുടെ കുറ്റകൃത്യം രണ്ട് രാജ്യങ്ങളിലും ശിക്ഷാർഹമായിരിക്കണമെന്നും കരാറിൽ വ്യക്തമാക്കുന്നു.
അതുകൊണ്ടുതന്നെ ഹസീനക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ഇന്ത്യയുടെ ആഭ്യന്തര നിയമത്തിന്റെ മാതൃകക്ക് ചേരുന്നില്ലെന്ന് വ്യാഖ്യാനിക്കാം. മാത്രമല്ല, പ്രതിക്ക് രാജ്യത്തിന്റെ ആവശ്യം അന്യായമോ അടിച്ചമർത്തലോ ആണെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ, കൈമാറൽ അപേക്ഷ നിരസിക്കാമെന്നും ഉടമ്പടിയുടെ ആർട്ടിക്കിൾ 8 പറയുന്നു.
ആവശ്യം "രാഷ്ട്രീയ സ്വഭാവമുള്ളതാണെങ്കിൽ കൈമാറ്റം നിരസിക്കാമെന്ന് ഉടമ്പടിയുടെ ആർട്ടിക്കിൾ 6 വ്യവസ്ഥ ചെയ്യുന്നു. എന്നിരുന്നാലും, കൊലപാതകം, ഭീകരവാദം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ രാഷ്ട്രീയമായി തരംതിരിക്കാനാവില്ലെന്ന് ഉടമ്പടി വ്യക്തമാക്കുന്നു. 1962 ലെ കൈമാറൽ നിയമ പ്രകാരം, സാഹചര്യങ്ങൾക്കനുസരിച്ച്, ആവശ്യപ്പെടുന്ന വ്യക്തിയെ കൈമാറുന്നത് നിഷേധിക്കാനോ, നടപടികൾ സ്റ്റേ ചെയ്യാനോ, വിട്ടയക്കാനോ ഇന്ത്യൻ സർക്കാരിന് അധികാരം നൽകുന്നു.