
റോം: ജൂൺ 8-9 തീയതികളിൽ നടക്കാനിരിക്കുന്ന ഹിതപരിശോധനയിൽ ഇറ്റലി പുതിയ നിയമം പാസാക്കിയാൽ, യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവരല്ലാത്ത 14 ലക്ഷത്തിലധികം പേർക്ക് ഇറ്റാലിയൻ പൗരത്വത്തിന് അർഹതയുണ്ടാകുമെന്ന് ഗവേഷണ കേന്ദ്രമായ ഇഡോസ് നടത്തിയ പഠനം പറയുന്നു. നിലവിൽ, യൂറോപ്യൻ യൂണിയൻ പൗരന്മാരല്ലാത്തവർ ഇറ്റലിയിൽ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് 10 വർഷം രാജ്യത്തെ താമസക്കാരാകണം. എന്നാൽ നിർദ്ദിഷ്ട പരിഷ്കരണത്തിൽ ഇത് അഞ്ച് വർഷമായി കുറയ്ക്കും. ബിൽ പാസായാൽ ഏകദേശം 1.14 ദശലക്ഷം മുതിർന്നവരും 2.29 ലക്ഷം കുട്ടികളും പൗരത്വത്തിന് യോഗ്യത നേടും.
മാതാപിതാക്കൾ പൗരന്മാരാകുകയാണെങ്കിൽ മറ്റൊരു 55,000 കുട്ടികൾക്ക് സ്വയമേവ പൗരത്വം ലഭിച്ചേക്കാം. അതേസമയം, വരുമാന മാനദണ്ഡം പാലിക്കാത്തതിനാൽ ഏകദേശം 7 ലക്ഷം പേർ യോഗ്യതക്ക് പുറത്താകും. പൗരത്വത്തിന് അപേക്ഷിക്കാൻ, പ്രതിവർഷം കുറഞ്ഞത് €8,263.31 ( ₹ 8 ലക്ഷം) വരുമാനം നേടണം. വിവാഹിതനാണെങ്കിൽ, €11,362.05 ( ₹ 11 ലക്ഷം) വാർഷിക വരുമാനം ആവശ്യമാണ്. ഓരോ കുട്ടിക്കും, അവരുടെ വാർഷിക വരുമാനം €516 ( ₹ 50,000) ആയിരിക്കണം. ഈ വരുമാന നിയമങ്ങളിൽ മാറ്റം വരുത്തില്ല. അപേക്ഷകര്‍ ഇറ്റാലിയന്‍ ഭാഷയിലുള്ള പ്രാവീണ്യം തെളിയിക്കാൻ ബി1 ലെവല്‍ പാസാകാണം.
റഫറണ്ടം സാധുവാകണമെങ്കിൽ, 50%-ത്തിലധികം വോട്ടർമാർ പങ്കെടുക്കണം. ഇറ്റലിയിൽ സാധാരണയായി വോട്ടർമാരുടെ എണ്ണം കുറവായതിനാൽ ഇത് സംഭവിക്കാനിടയില്ലെന്ന് പ്രാദേശിക വാർത്താ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 1995 മുതൽ, ഇറ്റലിയിൽ നടന്ന 29 റഫറണ്ടങ്ങളിൽ നാലെണ്ണം മാത്രമേ ആവശ്യമായ വോട്ടർമാരുടെ എണ്ണം പാലിച്ചിട്ടുള്ളൂ. ഇറ്റലിയിലെ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ സർക്കാർ റഫറണ്ടത്തെ അനുകൂലിക്കുന്നിസ്സ. സെനറ്റ് സ്പീക്കർ ഇഗ്നാസിയോ ലാ റുസ്സ ആളുകൾ വീട്ടിൽ തന്നെ ഇരിക്കണമെന്നും വോട്ടുചെയ്യരുതെന്നും പറഞ്ഞതായി ദി ലോക്കൽ റിപ്പോർട്ട് ചെയ്യുന്നു.