
കീവ്: വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കിയുടെ കൂടിക്കാഴ്ചയിൽ അസാധാരണ രംഗങ്ങളാണുണ്ടായത്. പിന്നാലെ യുക്രൈനുള്ള എല്ലാ സൈനിക സാമ്പത്തിക സഹായങ്ങളും അമേരിക്ക മരവിപ്പിച്ചിരുന്നു. ഇപ്പോഴിതാ ട്രംപുമായുണ്ടായ വാഗ്വാദത്തിൽ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി രംഗത്തെത്തി. ശാശ്വതമായ സമാധാനത്തിന് ട്രംപിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി സെലൻസ്കി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായി കരാറിന് ആഗ്രഹിക്കുന്നുവെന്ന് സെലൻസി വ്യക്തമാക്കി. ധാതു ഖനന കരാർ ഏത് സമയത്തും ഒപ്പിടാൻ തയ്യാറാണെന്നും സെലൻസ്കി പറയുന്നു. 'യുക്രെയ്നിനെക്കാൾ സമാധാനം ആഗ്രഹിക്കുന്ന ആരും ഇല്ല. രാജ്യത്ത് സമാധാനം പുലരനായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ശക്തമായ നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കാൻ താനും തന്റെ സംഘവും തയ്യാറാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ എത്രയും വേഗത്തിൽ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണ്. തടവുകാരുടെ മോചനവും ആകാശയുദ്ധം താൽകാലികമായി നിർത്തിവയ്ക്കലുമായിരിക്കണം ആദ്യഘട്ടം. മിസൈൽ, ദീർഘദൂര ഡ്രോണുകൾ, ബോംബ് എന്നിവയുടെ നിരോധനവും കടൽമാർഗമുള്ള ആക്രമണങ്ങളും റഷ്യ അവസാനിപ്പിച്ചാൽ യുക്രെയ്നും അതുപോലെ ചെയ്യും. യുഎസുമായി സഹകരിച്ച് ശക്തമായ അന്തിമ കരാറിൽ എത്തിച്ചേരുകയും ചെയ്യാം.'-സെലൻസ്കി എക്സിൽ കുറിച്ചു.
യുക്രൈനിലെ ധാതു വിഭവങ്ങൾ സംബന്ധിച്ച് അമേരിക്കയുമായി കരാറിൽ ഒപ്പിടാൻ താൻ ഇപ്പോഴും തയ്യാറാണെന്ന് സെലൻസ്കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോകം പ്രതീക്ഷയോടെ കാത്തിരുന്ന കൂടിക്കാഴ്ചയിൽ നേതാക്കൾ തമ്മിൽ അതിരൂക്ഷമായ വാക്പോരും വാഗ്വാദവും നടന്നിരുന്നു. തർക്കത്തിനൊടുവിൽ വൈറ്റ് ഹൗസ് വിട്ട് പുറത്തുപോകാൻ സെലൻസ്കിയോട് ട്രംപ് ആജ്ഞാപിച്ചു, യുകൈനുള്ള സഹായങ്ങളും നിർത്തലാക്കി.
ഇതിന് പിന്നാലെയാണ് സെലൻസ്കി ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നത്. യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കി തയ്യാറായാൽ സഹായം തുടരും എന്നതാണ് നിലവിൽ വൈറ്റ്ഹൌസ് നൽകുന്ന സന്ദേശം. സമാധാനം ആവശ്യമെന്നുതോന്നിയാൽ സെലൻസ്കിക്ക് തിരിച്ചുവരാമെന്ന് ട്രംപും സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. ട്രംപുമായുള്ള കൂടിക്കാഴ്ചക്കിടെയുണ്ടായ സംഭവങ്ങളിൽ സെലൻസ്കിയിൽ നിന്ന് പരസ്യ ക്ഷമാപണം വന്നതോടെ അമേരിക്ക നിലപാടിൽ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷ.
Read More : യുക്രൈനുള്ള എല്ലാ സൈനിക സഹായവും മരവിപ്പിച്ച് അമേരിക്ക; 'സഹായം പ്രശ്നപരിഹാരത്തിന് യുക്രൈൻ തയ്യാറായാൽ മാത്രം'
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam