
ക്വലാലംപുര്‍: വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി കാമുകി. മലേഷ്യയിലെ ജോഹോറിലെ കംപുങ് ലോകെന്‍ പ്രദേശത്താണ് ‘22 ഫീമെയില്‍ കോട്ടയം’എന്ന മലയാള സിനിമയെ അനുസ്മരിക്കുന്ന സംഭവമുണ്ടായത്. തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ ബംഗ്ലാദേശി യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം എട്ടാം തീയതിയാണ് സംഭവം. ബംഗ്ലാദേശ് സ്വദേശിയായ കാമുകന്‍ നാട്ടിലുള്ള ഭാര്യയുമായി വിവാഹബന്ധം തുടരുകയാണെന്നും വിവാഹമോചനം നേടിയിട്ടില്ലെന്നും യുവതി കണ്ടെത്തിയതാണ് ഈ ക്രൂരകൃത്യത്തിലേക്കു നയിച്ചത്.
മലേഷ്യയില്‍ വെച്ചാണ് ബംഗ്ലാദേശുകാരനായ യുവാവും യുവതിയും അടുപ്പത്തിലാകുന്നത്. എന്നാൽ യുവാവ് വിവാഹിതനാണെന്ന വിവരം യുവതി വൈകിയാണ് അറിയുന്നത്. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായി. തർക്കത്തിനിടെ കത്തി ഉപയോഗിച്ച് 34 വയസുള്ള യുവതി മുപ്പത്തിമൂന്നുകാരനായ കാമുകനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ജനനേന്ദ്രിയം പൂര്‍ണ്ണമായും മുറിഞ്ഞുപോകുകയും ഇടതു കൈക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റയാള്‍ ജോഹോര്‍ ബഹ്‌റുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറ്റകൃത്യം നടന്ന് രണ്ട് മണിക്കൂറിനുള്ളിൽ പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ച കത്തി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. യുവതി നേരത്തെ കേസുകളിലൊന്നും അകപ്പെട്ടിട്ടില്ലെന്നും, ലഹരിമരുന്നോ മദ്യമോ ഉപയോഗിച്ചിരുന്നില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. പരിശോധനയിൽ യുവതിക്ക് കൃത്യമായ ഇമിഗ്രേഷന്‍ രേഖകളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ യുവതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി റിമാന്‍ഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam