
വാഷിങ്ടണ്‍: തനിക്ക് ലഭിച്ച നൊബേല്‍ പുരസ്‌കാരം യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് കൂടി സമര്‍പ്പിക്കുന്നതായി വെനസ്വേലന്‍ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവര്‍ത്തകയുമായ മരിയ കൊറീന മച്ചാഡോ. 'ദുരിതമനുഭവിക്കുന്ന വെനസ്വേലയിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ ലക്ഷ്യത്തിന് നിര്‍ണായക പിന്തുണ നല്‍കിയ പ്രസിഡന്‍റ് ട്രംപിനും ഞാന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു.' എന്നാണ് മരിയ കൊറീന മച്ചാഡോയുടെ പ്രതികരണം.
'ഞങ്ങള്‍ വിജയത്തിന്‍റെ പടിവാതില്‍ക്കലാണ്. സ്വാതന്ത്ര്യവും ജനാധിപത്യവും കൈവരിക്കാന്‍, എന്നത്തേക്കാളുമുപരി ഇന്ന്, പ്രസിഡന്‍റ് ട്രംപിനെയും യുഎസിലേയും ലാറ്റിന്‍ അമേരിക്കയിലെയും ജനങ്ങളെയും ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളെയും പ്രധാന സഖ്യകക്ഷികളായി ഞങ്ങള്‍ ആശ്രയിക്കുന്നു'-മരിയ കൊറീന മച്ചാഡോ പ്രതികരിച്ചു.
മദുറോ സർക്കാരിനെ ഭയന്ന് ഒളിവിൽ കഴിയുമ്പോൾ ആണ് മച്ചാഡോയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്. നിക്കോളാസ് മദുറോ നയിക്കുന്ന സോഷ്യലിസ്റ്റ് പാർട്ടി സർക്കാരിനെതിരായ പ്രക്ഷോഭങ്ങളിലൂടെയാണ് മച്ചാഡോയെ ലോകം അറിയുന്നത്. ''ബുള്ളറ്റിനേക്കാൾ ബാലറ്റിന് വേണ്ടി നില്കുന്നതിനുള്ള ശ്രമത്തെ ആദരിക്കുന്നു. ഏകാധിപത്യത്തിനെതിരെ ജനാധിപത്യത്തിന്‍റെ ജ്വാലകൾ സംരക്ഷിക്കുന്നതിനുള്ള ആദരമായി പുരസ്‌കാരം സ്വീകരിക്കണം" - നൊബേൽ സമിതി മച്ചാഡോയോട് അഭ്യർത്ഥിച്ചു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ മുഖം ആയിരിക്കുമ്പോഴും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മച്ചാഡോയെ സർക്കാർ അനുകൂല കോടതി അയോഗ്യയാക്കിയിരുന്നു. സർക്കാറിന്റെ വേട്ടയാടൽ ഭയന്ന് ഒളിവിൽ കഴിയുന്ന മച്ചാഡോ പുരസ്‌കാരം അപ്രതീക്ഷിതം എന്ന് പ്രതികരിച്ചു
ഡോണൾഡ് ട്രംപിന്‍റെ പരസ്യ അവകാശവാദങ്ങൾ തള്ളിയപ്പോഴും വെനസ്വേലയിലെ അമേരിക്കൻ താല്പര്യങ്ങൾക്കായി വാദിക്കുന്ന വ്യക്തിക്ക് പുരസ്‌കാരം നൽകുന്നതിൽ വിമർശനം ഉയർന്നിട്ടുണ്ട്. വെനസ്വലൻ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക ഇടപെടണം എന്ന് വാദിക്കുന്ന മച്ചാഡോ, കടുത്ത ഷാവേസ് വിരോധിയും മുതലാളിത്തതിന്‍റെ വക്താവും ആണ്. അതേസമയം ട്രംപിനെ തഴഞ്ഞ നോർവീജിയൻ സമിതിയോടുള്ള അമർഷം വൈറ്റ് ഹൗസ് പരസ്യമാക്കി. യുദ്ധങ്ങൾ ഇല്ലാതാക്കുന്നതും സമാധാനക്കരാറുകൾ ഉണ്ടാക്കുന്നതും മനുഷ്യ ജീവൻ രക്ഷിക്കുന്നതും ട്രംപ് തുടരും എന്നും നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കാൻ മറ്റൊരാൾ ഉണ്ടാകില്ലെന്നും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചങ് പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam