അമേരിക്കയിൽ താമസിച്ചത് 30 വർഷത്തിലേറെ, കുടുംബത്തോട് യാത്ര പറയാൻ പോലും അനുവദിക്കാതെ ഇന്ത്യക്കാരിയെ നാടുകടത്തിയെന്ന് അഭിഭാഷകൻ

Published : Sep 25, 2025, 10:57 PM IST
 Harjit Kaur deportation from US

Synopsis

30 വർഷമായി അമേരിക്കയിൽ താമസിച്ചിരുന്ന 73 വയസ്സുള്ള ഹർജിത് കൗർ എന്ന ഇന്ത്യൻ വംശജയെ യുഎസ് ഇമിഗ്രേഷൻ അധികൃതർ നാടുകടത്തി. കുടുംബത്തോട് യാത്ര പറയാനോ സാധനങ്ങൾ എടുക്കാനോ അനുവദിക്കാതെ കൈവിലങ്ങണിയിച്ചാണ് ഇവരെ ഇന്ത്യയിലേക്ക് അയച്ചതെന്ന് അഭിഭാഷകൻ.

വാഷിങ്ടണ്‍: 30 വർഷത്തിലേറെ അമേരിക്കയിൽ താമസിക്കുന്ന 73 വയസ്സുള്ള ഇന്ത്യക്കാരി ഹർജിത് കൗറിനെ നാടുകടത്തി. കുടുംബത്തെ കണ്ട് യാത്ര പറയാൻ പോലും അനുവദിച്ചില്ലെന്ന് അഭിഭാഷകൻ ദീപക് അഹ്ലുവാലിയ പറഞ്ഞു. സ്വന്തം സാധനങ്ങൾ എടുക്കാൻ പോലും സാവകാശം നൽകാതെയാണ് വയോധികയെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് (ഐസിഇ) ഇന്ത്യയിലേക്ക് അയച്ചതെന്നും അഭിഭാഷകൻ പറഞ്ഞു. ലോസ് ഏഞ്ചൽസിലെ ഐസിഇ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമ്പോഴും പിന്നീട് ഇന്ത്യയിലേക്ക് വിടുമ്പോഴും ഹർജിത് കൗറിന് കൈവിലങ്ങ് വെച്ചിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു.

പഞ്ചാബ് സ്വദേശിയായ ഹർജിത് കൌർ ചൊവ്വാഴ്ചയാണ് ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഞായറാഴ്ച രാത്രി ബേക്കേഴ്‌സ്‌ഫീൽഡിൽ നിന്ന് അറിയിപ്പൊന്നുമില്ലാതെ വയോധികയെ ലോസ് ഏഞ്ചൽസിലേക്ക് മാറ്റി. അവിടെ വെച്ച് ഐസിഇ ചാർട്ടേഡ് വിമാനത്തിൽ ജോർജിയയിലേക്കും തുടർന്ന് ദില്ലിയിലേക്കും നാടുകടത്തുകയായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു.

ഹർജിത് കൗർ അമേരിക്കയിലെത്തിയത് 1992ൽ

ഹർജിത് കൗറിന്‍റെ കുടുംബം സാധാരണ വിമാനത്തിൽ തിരിച്ചയക്കാൻ അഭ്യർത്ഥിച്ചിരുന്നുവെന്ന് അഭിഭാഷകൻ പറഞ്ഞു. കുടുംബാംഗങ്ങളെ കാണാൻ കുറച്ച് സമയം അനുവദിക്കണമെന്ന ആവശ്യം പോലും അംഗീകരിച്ചില്ലെന്ന് കുടുംബം പറയുന്നു. ശനിയാഴ്ച ജോർജിയയിൽ എത്തിയത് മുതൽ തിങ്കളാഴ്ച വൈകുന്നേരം പുറപ്പെടുന്നത് വരെ, താൽക്കാലിക തടങ്കൽ കേന്ദ്രത്തിലാണ് ഹർജിത് കൗറിനെ പാർപ്പിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു. ഏകദേശം 70 മണിക്കൂറോളം 73-കാരിക്ക് കട്ടിൽ പോലും നിഷേധിച്ചു. തറയിലാണ് അവർ കിടന്നതെന്നും അഭിഭാഷകൻ ആരോപിച്ചു. 

ഹർജിത് കൗർ 1992ലാണ് യുഎസിലേക്ക് കുടിയേറിയത്. രണ്ട് മക്കളോടൊപ്പമാണ് യുഎസിലേക്ക് പോയത്. അവർ 30 വർഷത്തിലേറെയായി നോർത്തേൺ കാലിഫോർണിയയിലെ ഈസ്റ്റ് ബേയിലാണ് താമസിച്ചിരുന്നത്. മതിയായ രേഖകളില്ലാതെയാണ് താമസിച്ചത് എന്നാണ് ആരോപണം. അഭയം തേടിയുള്ള അപേക്ഷ 2012-ൽ നിരസിക്കപ്പെട്ടു, എന്നാൽ അതിനുശേഷം 13 വർഷത്തിലേറെയായി അവർ എല്ലാ ആറു മാസത്തിലും സാൻഫ്രാൻസിസ്കോയിലെ ഐസിഇ ഓഫീസിൽ റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് മരുമകൾ മഞ്ജി കൗർ പറഞ്ഞു. ഒരു ഇന്ത്യൻ വസ്ത്രശാലയിലാണ് ഹർജിത് കൗർ ജോലി ചെയ്തിരുന്നത്.

സെപ്റ്റംബർ 8-നാണ് ഇമിഗ്രേഷൻ അധികൃതർ ഹർജിത് കൗറിനെ കാലിഫോർണിയയിൽ വെച്ച് തടങ്കലിലാക്കിയത്.കൗറിനെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും ഇന്ത്യൻ വംശജരും പ്രതിഷേധിച്ചിരുന്നു. അതേസമയം 2005-ൽ കോടതി അവരെ നാടുകടത്താൻ ഉത്തരവിട്ടിരുന്നുവെന്നാണ് ഐസിഇയുടെ വിശദീകരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബോർഡ് ഓഫ് പീസിൽ ചേരാൻ വിസമ്മതിച്ച ഫ്രാൻസിനും മക്രോണിനുമെതിരെ ട്രംപ്, കടുത്ത ഭീഷണി, 200 ശതമാനം തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ്
'യുദ്ധത്തിലേ അവസാനിക്കൂ'; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഡാനിഷ് എംപി; ഗ്രീൻലാൻ്റ് വിവാദം കത്തുന്നു