
കെൻ്റകി: ഓൺലൈനായി മരുന്ന് ഓർഡർ ചെയ്ത സ്ത്രീക്ക് കിട്ടിയത് ഐസിൽ പൊതിഞ്ഞ നിലയിൽ മനുഷ്യ ശരീരത്തിൻ്റെ ഭാഗങ്ങൾ. മുറിച്ചുമാറ്റിയ കൈകളും വിരലുകളുമാണ് ഐസ് ഇട്ട് സൂക്ഷിച്ച നിലയിൽ കിട്ടിയത്. അമേരിക്കയിലെ കെൻ്റകിയിലുള്ള ഹോപ്‌കിൻസ്‌വില്ലിലാണ് സംഭവം. പെട്ടികൾ തുറന്നുനോക്കിയ ഉടൻ 911 ലേക്ക് വിളിച്ച് സ്ത്രീ പരാതി അറിയിച്ചു. ക്രിസ്ത്യൻ കൗണ്ടി കൊറോണർ സ്കോട്ട് ഡാനിയേൽ സംഭവസ്ഥലത്തെത്തി അവശിഷ്ടങ്ങൾ ശേഖരിച്ചു.
നാഷ്‌വില്ലയിലെ ഒരു മെഡിക്കൽ പരിശീലന കേന്ദ്രത്തിനായി ഉദ്ദേശിച്ചുള്ളതായിരുന്നു ഈ പാക്കേജ്. പക്ഷേ ഡെലിവറി തെറ്റി സ്ത്രീയുടെ വീട്ടിലേക്കെത്തിയെന്നാണ് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ശരീരഭാഗങ്ങൾ നാല് വ്യത്യസ്ത ദാതാക്കളിൽ നിന്നാണ് വന്നതെന്നും ശസ്ത്രക്രിയാ പരിശീലനത്തിന് വേണ്ടിയുള്ളതാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
എന്നാൽ ഇത്തരത്തിലൊരു സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെ പെരുമാറിയ സ്ത്രീയെ പൊലീസ് പ്രശംസിച്ചു. കൃത്യമായി പൊലീസിനെ അറിയിച്ചതും ശരീരഭാഗങ്ങൾ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ഇടപെട്ടതിനുമാണ് പ്രശംസ. ശരീര ഭാഗങ്ങൾ പൊതിഞ്ഞ രീതി കണ്ടപ്പോൾ തന്നെ അത് ശസ്ത്രക്രിയക്ക് ആവശ്യമായ മനുഷ്യ ശരീരഭാഗങ്ങളാണെന്ന് മനസ്സിലായെന്നും അതിനാലാണ് ഉടൻ 911 ൽ വിളിച്ചതെന്നുമാണ് സ്ത്രീ അറിയിച്ചത്.