
വാഷിംഗ്ടണ്‍: പാകിസ്ഥാനും ചൈനയും ആണവായുധങ്ങൾ പരീക്ഷിക്കുകയാണെന്ന ഗുരുതര ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിബിഎസിന്‍റെ '60 മിനിറ്റ്‌സ്' എന്ന പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്‍റെ പരാമർശങ്ങൾ. റഷ്യയും ഉത്തരകൊറിയയും അവരുടെ ആണവായുധങ്ങൾ പരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 33 വർഷത്തെ മൊറട്ടോറിയത്തിന് ശേഷം ആണവായുധങ്ങൾ പരീക്ഷിക്കാൻ അമേരിക്കൻ സൈന്യത്തിന് താൻ നൽകിയ ഉത്തരവിനെ ന്യായീകരിക്കുന്നതിനിടെയാണ് ട്രംപിന്‍റെ ഈ വെളിപ്പെടുത്തൽ. പാകിസ്ഥാനെയും ചൈനയെയും രണ്ട് അതിർത്തികളിൽ നേരിടുന്ന ഇന്ത്യക്ക് ട്രംപിന്‍റെ ഈ പ്രസ്താവന ആശങ്കയുണ്ടാക്കുന്നതാണ്.
ഈ രാജ്യങ്ങൾ ആണവ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും, എന്നാൽ അവർ അത് പുറത്തുപറയുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ചൈനയും പാകിസ്ഥാനും ഇതിനകം രഹസ്യമായി സ്ഫോടനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. "റഷ്യ പരീക്ഷിക്കുന്നു, ചൈനയും പരീക്ഷിക്കുന്നു, പക്ഷേ അവർ അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. ഞങ്ങൾ ഒരു തുറന്ന സമൂഹമാണ്. ഞങ്ങൾ വ്യത്യസ്തരാണ്. ഞങ്ങൾ അതിനെക്കുറിച്ച് സംസാരിക്കുന്നു... അവർക്ക് അതിനെക്കുറിച്ച് എഴുതാൻ പോകുന്ന റിപ്പോർട്ടർമാർ ഇല്ല" ട്രംപ് പറഞ്ഞു. കൂടാതെ ഒരു പടി കൂടെ കടന്ന് പാകിസ്ഥാനെയും ട്രംപ് പരാമര്‍ശിച്ചു. "തീർച്ചയായും ഉത്തരകൊറിയ പരീക്ഷിക്കുന്നുണ്ട്. പാകിസ്ഥാൻ പരീക്ഷിക്കുന്നുണ്ട്" അദ്ദേഹം അവകാശപ്പെട്ടു.
ഇതേ അഭിമുഖത്തിൽ തന്നെ, മെയ് മാസത്തിൽ ഇന്ത്യയും പാകിസ്ഥാനും ഒരു ആണവയുദ്ധത്തിന്‍റെ വക്കിലായിരുന്നെന്നും, വ്യാപാരത്തിലൂടെയും തീരുവകളിലൂടെയും (ട്രേഡ് ആൻഡ് താരിഫ്സ്) താൻ അത് തടഞ്ഞുവെന്നും ട്രംപ് പറഞ്ഞു. താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ ദശലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇന്ത്യ പാകിസ്ഥാനുമായി ഒരു ആണവയുദ്ധം നടത്താൻ പോകുകയായിരുന്നു. ഡോണൾഡ് ട്രംപ് ഇടപെട്ടില്ലായിരുന്നെങ്കിൽ ദശലക്ഷക്കണക്കിന് ആളുകൾ മരിച്ചേനെ. അതൊരു മോശം യുദ്ധമായിരുന്നു. വിമാനങ്ങൾ എല്ലായിടത്തും വെടിവെച്ചിട്ടു. നിങ്ങൾ ഇത് നിർത്തിയില്ലെങ്കിൽ യുഎസുമായി ഒരു ബിസിനസും ചെയ്യില്ലെന്ന് ഞാൻ ഇരു രാജ്യങ്ങളോടും പറഞ്ഞു" സിബിഎസ് അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. "ആണവായുധങ്ങളുള്ള രാജ്യങ്ങൾ അതിനെക്കുറിച്ച് നിങ്ങളോട് പറയുന്നില്ല... കൃത്യമായി പരീക്ഷണത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ആളുകൾക്ക് അറിയാത്ത രീതിയിൽ അവർ വളരെ ആഴത്തിൽ ഭൂമിക്കടിയിൽ പരീക്ഷിക്കുന്നു. നിങ്ങൾക്ക് ഒരു ചെറിയ പ്രകമ്പനം മാത്രമേ അനുഭവപ്പെടുകയുള്ളൂ," ട്രംപ് പറഞ്ഞു.
അതിരഹസ്യമായി ഭൂമിക്കടിയിൽ നടത്തുന്ന ആണവ സ്ഫോടനങ്ങൾ മൂലം ഉണ്ടാകുന്ന ഭൂകമ്പം പോലെയുള്ള പ്രകമ്പനങ്ങൾ ആഗോള നിരീക്ഷണ കേന്ദ്രങ്ങൾ കണ്ടെത്തുന്നുണ്ട്. എന്നാൽ, അത്തരം പരീക്ഷണങ്ങൾ രഹസ്യമായി നടത്താൻ കഴിയുമെന്നും, അത് കണ്ടെത്താൻ കഴിയില്ലെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. ചൈനയും പാകിസ്ഥാനും ശരിക്കും ആണവായുധങ്ങൾ പരീക്ഷിക്കുന്നുണ്ടെങ്കിൽ, അത് ഇന്ത്യക്ക് ആശങ്ക തന്നെയാണ്. ഇന്ത്യയാകട്ടെ, ആദ്യം ഉപയോഗിക്കില്ല എന്ന നയം പിന്തുടരുകയും 1998ന് ശേഷം ആണവ പരീക്ഷണം നടത്താതിരിക്കുകയും ചെയ്യുന്ന രാജ്യമാണ്.
അതേസമയം, ഇപ്പോൾ യുഎസ് ആണവായുധങ്ങൾ പരീക്ഷിക്കാനുള്ള ട്രംപിന്‍റെ നീക്കവും, ചൈനയും പാകിസ്ഥാനും രഹസ്യമായി ഇത് ചെയ്യുന്നുവെന്ന അദ്ദേഹത്തിന്‍റെ വാദങ്ങളും, ഇന്ത്യക്ക് ഒരു പോഖ്‌റാൻ-III പരീക്ഷണം നടത്താനുള്ള അവസരം തുറന്നിടുന്നുണ്ട്. ഇത് ഇന്ത്യയുടെ ഹൈഡ്രജൻ ബോംബിന്‍റെ കാര്യക്ഷമത സാധൂകരിക്കുന്നതിനും, അഗ്നി-VI ഇന്‍റർകോണ്ടിനെന്‍റൽ ബാലിസ്റ്റിക് മിസൈലുകൾ അല്ലെങ്കിൽ കെ-5 അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കുന്ന മിസൈലുകൾ എന്നിവയ്ക്കായി പോർമുനകളുടെ വലുപ്പം കുറയ്ക്കുന്നതിനും സഹായിക്കും.