'എങ്ങനെ വജ്രം കണ്ടെത്താം'എന്ന വീഡിയോ കാണുന്നതിനിടെ യുവതിയുടെ കാലിനടിയില്‍ വജ്രം

By Web TeamFirst Published Aug 22, 2019, 3:10 PM IST
Highlights

പാര്‍ക്കിലെത്തിയതിന് ശേഷം ഒരുമണിക്കൂറായി വജ്രം തെരയുകയായിരുന്നു മിറാന്‍റ...

അര്‍ക്കനാസ്: എങ്ങനെ വജ്രം കണ്ടെത്താമെന്ന യൂട്യൂബ് വീഡിയോ കണ്ടുകൊണ്ടിരിക്കുന്നതിനിടെ യുവതിയുടെ കയ്യില്‍ കിട്ടിയത് 3.72 ക്യാരറ്റ് വജ്രം. അര്‍ക്കന്‍സാസിലെ ഡയമണ്ട് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്നാണ് വജ്രം ലഭിച്ചത്. ടെക്സസില്‍ നിന്നുള്ള 27കാരിയായ മിറാന്‍റ ഹോളിംഗ്സ് ഹെഡിനാണ് വജ്രം കിട്ടിയത്. 

പാര്‍ക്കിലെത്തിയതിന് ശേഷം ഒരുമണിക്കൂറായി വജ്രം തെരയുകയായിരുന്നു മിറാന്‍റ. '' ഞാന്‍ ഒരു തണലില്‍ ഇരിന്ന് എങ്ങനെ വജ്രം കണ്ടെത്താമെന്ന യൂട്യൂബ് വീഡിയോ കാണുകയായിരുന്നു. എന്‍റെ കുഞ്ഞിനെ ഒന്നുനോക്കിയ ശേഷം താഴേക്ക് നോക്കിയപ്പോഴാണ് അത് കണ്ടത്.'' - മിറാന്‍റ പറഞ്ഞു. 

കിട്ടിയ വജ്രവുമായി മിറാന്‍റ പാര്‍ക്കിലെ ഡയമണ്ട് ഡിസ്കവറി സെന്‍ററിലെത്തി. അവിടെ വച്ചാണ് ഇത് 3.72 ക്യാരറ്റുള്ള യെല്ലോ ഡയമണ്ടെന്ന് കണ്ടെത്തിയത്. മഴ വജ്രം കണ്ടെത്താന്‍ സഹായിച്ചിരിക്കാമെന്നും സെന്‍ററിലെ അധികൃതര്‍ വ്യക്തമാക്കി. 

2013 ന് ശേഷം ആ പാര്‍ക്കില്‍ നിന്ന് കണ്ടെത്തുന്ന രണ്ടാമത്തെ യെല്ലോ ഡയമണ്ടാണ് ഇത്. ആ വജ്രം താന്‍ വില്‍ക്കുന്നില്ലെന്നും മോതിരത്തില്‍ സൂക്ഷിക്കുമെന്നും മിറാന്‍റ പറഞ്ഞു. പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടുള്ള, ഡയമണ്ട് ലഭിക്കുന്ന ലോകത്തിലെ ഓരേ ഒരു പാര്‍ക്കാണ് അര്‍ക്കന്‍സാസിലെ ഡയമണ്ട് സ്റ്റേറ്റ് പാര്‍ക്ക്. 

click me!