14ാം വയസില്‍ പീഡിപ്പിച്ചയാളെ കൊലപ്പെടുത്തി; ജീവപര്യന്തം ശിക്ഷയില്‍ യുവതിക്ക് 15 വര്‍ഷത്തിന് ശേഷം ഇളവ്

By Web TeamFirst Published Aug 7, 2019, 9:10 PM IST
Highlights

കൗമാര പ്രായത്തിലാണ് സിന്‍റോണിയ ബ്രൗണിനെ കുത്രോട്ട് എന്നയാള്‍ പീഡിപ്പിക്കുന്നത്. സിന്‍റോണിയയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കുത്രോട്ട് ഇവരെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചു.

നാഷ്‍വില്ലെ: പതിനാലാം വയസ്സില്‍ നിരന്തരം പീഡിപ്പിച്ചയാളെ കൊലപ്പെടുത്തിയതിന് ആജീവനാന്തം ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവതിക്ക് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശിക്ഷ ഇളവ്. സിന്‍റോണിയ ബ്രൗണ്‍ എന്ന യുവതിയെ ബുധനാഴ്ചയാണ് ശിക്ഷ ഇളവ് നല്‍കി മോചിപ്പിച്ചത്. 15 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് സിന്‍റോണിയയുടെ മോചനം. സിന്‍റോണിയക്ക് ശിക്ഷ വിധിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. 

കൗമാര പ്രായത്തിലാണ് സിന്‍റോണിയ ബ്രൗണിനെ കുത്രോട്ട് എന്നയാള്‍ പീഡിപ്പിക്കുന്നത്. സിന്‍റോണിയയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കുത്രോട്ട് ഇവരെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചു. ഒടുവില്‍ നാഷ്‍വില്ലെയിലെ റിയല്‍ട്ടര്‍ ജോണി അലനെന്ന 43 കാരന് വില്‍ക്കുകയും ചെയ്തു. മുന്‍ സൈനികനായ ഇയാള്‍ മദ്യവും മയക്കുമരുന്നും നല്‍കി ബ്രൗണിനെ നിരന്തരം പീഡിപ്പിച്ചു. പീഡനം സഹിക്കാനാവാതെ അലന്‍റെ തോക്ക് മോഷ്ടിച്ച ബ്രൗണ്‍ അയാളെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

  2004- ലാണ് കൊലപാതകക്കുറ്റത്തിന് സിന്‍റോണിയക്ക് ആജീവനാന്ത തടവുശിക്ഷ വിധിച്ചത്.   51 വര്‍ഷത്തിന് ശേഷം മാത്രമെ പരോള്‍ പോലും അനുവദിക്കുകയുള്ളൂ എന്നായിരുന്നു ശിക്ഷാവിധി. ടെന്നീസിയയിലെ വനിതാ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ബ്രൗണിന്‍റെ കഥ 2011 ല്‍ ഡാനിയേല്‍ എച്ച് ബിര്‍മാന്‍ ഡോക്യുമെന്‍ററിയാക്കിയിട്ടുണ്ട്. തടവുശിക്ഷ അനുഭവിക്കുന്നതിനിടെ സിന്‍റോണിയ ബ്രൗണിന് ശിക്ഷാ കാലാവധിയില്‍ ഇളവ് നല്‍കി ജയിലില്‍ നിന്നും മോചിപ്പിക്കുകയായിരുന്നു. 

click me!