
ന്യൂയോര്‍ക്ക്: കത്തിയുമായി വിമാനത്താവളത്തില്‍ എത്തിയ സ്ത്രീ അര മണിക്കൂറിലേറെ സമയം പരിഭ്രാന്തി പരത്തി. ഒരു പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. അമേരിക്കയിലെ ഹാര്‍ട്ഫീല്‍ഡ് - ജാക്സന്‍ അറ്റ്ലാന്റ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
സ്ത്രീ വിമാനത്താവളത്തില്‍ കത്തിയുമായി നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ നിരവധി യാത്രക്കാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഡമാറിസ് മില്‍ട്ടനെന്ന 44 വയസുകാരിയാണ് അറസ്റ്റിലായത്. വൈകുന്നേരം 4.45ഓടെയാണ് ഇവര്‍ വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് ആഭ്യന്തര സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന സൗത്ത് ടെര്‍മിനലിലെ സെക്യൂരിറ്റി ചെക് പോയിന്റിന് സമീപത്തു നിന്ന് കത്തിവീശി. ഇവിടേക്ക് വരുന്നതിന് മുമ്പ് മറ്റൊരാളെയും അതിന് മുമ്പ് വിമാനത്താവളത്തില്‍ ഇവരെ കൊണ്ടുവന്ന ടാക്സി ഡ്രൈവറെയും കുത്തിയതായി പൊലീസ് പറയുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ മുന്നോട്ട് നീങ്ങാന്‍ അനുവദിക്കാതെ തടസം സൃഷ്ടിക്കുകയും കത്തി താഴെയിടാന്‍ ആവശ്യപ്പെടുകയും ചെയ്തു.
വിമാനത്താവളത്തില്‍ ഒരു ക്ലര്‍ക്കിനും പൊലീസ് ഉദ്യോഗസ്ഥനും ഇവരുടെ കുത്തേറ്റതായി അധികൃതര്‍ അറിയിച്ചു. ടാക്സി ഡ്രൈവര്‍ ഉള്‍പ്പെടെ കുത്തേറ്റ മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍ പരിക്കേറ്റവരെ സംബന്ധിച്ചുള്ള വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ആക്രമണം നടത്തിയ സ്ത്രീയെ പിന്നീട് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. കുത്തേറ്റവരും പിടിയിലായ സ്ത്രീയും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.
ആദ്യത്തെ വ്യക്തിക്ക് കുത്തേറ്റ സമയം മുതല്‍ ഏതാണ്ട് 40 മിനിറ്റുകള്‍ കഴിഞ്ഞ്, സംഭവം നിയന്ത്രണ വിധേയമാണെന്ന് അറ്റ്ലാന്റ എയര്‍പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ഇത് ബാധിച്ചില്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കുകയും ചെയ്തു. അതേസമയം വിമാനത്താവളത്തിലുണ്ടായിരുന്ന നിരവധി യാത്രക്കാര്‍ വീഡിയോ ദൃശ്യങ്ങളും വിവരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam