നാസയുടെ ആർട്ടിമിസ് 2 വിക്ഷേപണം മാർച്ചിലേക്ക് മാറ്റി. വിക്ഷേപണ വാഹനമായ എസ് എൽ എസ് റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ഹൈഡ്രജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. അറ്റകുറ്റപ്പണികൾക്ക് ശേഷം പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിക്കും

വാഷിംഗ്ടൺ: ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ മടക്കയാത്രയ്ക്കായി ഇനിയും കാത്തിരിക്കണം. ആർട്ടിമിസ് രണ്ട് വിക്ഷേപണം മാർച്ചിലേക്ക് മാറ്റുകയാണെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ അറിയിച്ചു. ഫെബ്രുവരിയിൽ ദൗത്യം നടത്താൻ ശ്രമിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. വിക്ഷേപണത്തിന് മുന്നോടിയായി റോക്കറ്റിൽ ഇന്ധനമടക്കം നിറച്ച് എല്ലാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പിക്കുന്ന വെറ്റ് ഡ്രെസ് റിഹേഴ്സലിനിടെ കണ്ടെത്തിയ സാങ്കേതിക പ്രശ്നങ്ങളാണ് ദൗത്യം നീട്ടാനുള്ള തീരുമാനത്തിന് പിന്നിൽ. വിക്ഷേപണ വാഹനമായ എസ് എൽ എസ് റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ഹൈഡ്രജൻ ചോർച്ച കണ്ടെത്തി. ഒറൈയോൺ യാത്രാ പേടകത്തിലെ മർദ്ദ നിയന്ത്രണ വാൾവിലും ചെറിയ പ്രശ്നം കണ്ടെത്തി. വാൾവ് മാറ്റിവച്ച് പ്രശ്നം പരിഹരിച്ചു. പക്ഷേ ഹൈഡ്രജൻ ചോർച്ച പൂർണ്ണമായി നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് ആർട്ടിമിസ് രണ്ട് വിക്ഷേപണം മാർച്ചിലേക്ക് മാറ്റാൻ നാസ തീരൂമാനിച്ചത്.

വെറ്റ് ഡ്രെസ് റിഹേഴ്സലിന് ശേഷം തീയതി പ്രഖ്യാപിക്കും

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഹൈഡ്രജൻ ചോർച്ച പ്രശ്നം പൂർണമായും പരിഹരിച്ച ശേഷം വീണ്ടുമൊരു വെറ്റ് ഡ്രെസ് റിഹേഴ്സൽ നടത്തിയ ശേഷമാകും അന്തിമ വിക്ഷേപണ തീയതി പ്രഖ്യാപിക്കുക. പത്ത് ദിവസം നീളുന്ന ആർട്ടിമിസ് 2 ദൗത്യത്തിലൂടെ നാല് പേരാണ് ചന്ദ്രനെ ചുറ്റി തിരിച്ചുവരിക. നാസയുടെ റീഡ് വൈസ്മാനാണ് ദൗത്യത്തിന്റെ കമാൻഡർ, നാസയുടെ തന്നെ വിക്ടർ ഗ്ലോവർ മിഷൻ പൈലറ്റും, ക്രിസ്റ്റീന കോച്ച് മിഷൻ സ്പെഷ്യലിസ്റ്റുമാണ്. മിഷൻ സ്പെഷ്യലിസ്റ്റായ കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറമി ഹാൻസെണാണ് സംഘത്തിലെ നാലാമൻ.