
ന്യൂയോർക്ക്: അമേരിക്കയിലേക്ക് തവളകളുടെ ഭ്രൂണം കടത്തിയെന്നാരോപിച്ച് ഹാർവാർഡ് ശാസ്ത്രജ്ഞയെ നാടുകടത്താനുള്ള ശ്രമത്തിൽ അമേരിക്ക. അമേരിക്കയിലെ ഇമിഗ്രേഷന്‍ ഡീറ്റെന്‍ഷന്‍ കേന്ദ്രത്തിൽ കഴിയുന്ന ശാസ്ത്രജ്ഞയ്ക്കെതിരെ ബുധനാഴ്ചയാണ് കുറ്റകൃത്യങ്ങൾ ചുമത്തിയത്. ജീവികളുടെ ഭ്രൂണം രാജ്യത്തേക്ക് എത്തിക്കുന്നതിന് പ്രത്യേക അനുമതി വേണമെന്ന് അറിയാമായിരുന്നിട്ടും അതിന് ശ്രമിക്കാതെ ഭ്രൂണം അമേരിക്കയിലെത്തിച്ചുവെന്നാണ് ആരോപണം. നാടുകടത്തൽ നടപടി നേരിടാൻ പ്രാപ്തമായ കുറ്റമാണ് ശാസ്ത്രജ്ഞയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.
സെനിയ പെട്രോവ എന്ന റഷ്യൻ ശാസ്ത്രജ്ഞനാണ് ഫെബ്രുവരിയിലാണ് കുടിയേറ്റ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന വിഭാഗം കസ്റ്റഡിയിൽ എടുത്തത്. ബോസ്റ്റൺ ലോഗൻ വിമാനത്താവളത്തിൽ നിന്നായിരുന്നു ഇവരെ കസ്റ്റഡിയിൽ എടുത്തത്. മെയ് 14ന് പുറത്തിറക്കിയ പ്രസ്താവനയിൽ മസാച്യുസെറ്റ്സ് അറ്റോർണി കള്ളക്കടത്ത് അടക്കമുള്ള കുറ്റങ്ങളാണ് യുവ ശാസ്ത്രജ്ഞയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഭ്രൂണം രാജ്യത്ത് എത്തിക്കുന്നതിന് മുൻപ് സ്വീകരിക്കേണ്ട നിയമ നടപടികളേക്കുറിച്ച് സെനിയ പെട്രോവയ്ക്ക് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളും പുറത്ത് വന്നിട്ടുണ്ട്.
കസ്റ്റംസ് നിയമ ലംഘനത്തിന് കേസ് ഫയൽ ചെയ്യാൻ മൂന്ന് മാസം കാലതാമസം വന്നതിലെ അസ്വാഭാവികതയേയാണ് സെനിയ പെട്രോവയുടെ അഭിഭാഷകൻ ചോദ്യം ചെയ്യുന്നത്. യുക്രൈൻ യുദ്ധത്തിൽ റഷ്യയ്ക്കെതിരായി പ്രതിഷേധിച്ചതിന് പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ട ശേഷമാണ് സെനിയ പെട്രോവ റഷ്യ വിട്ടത്. ഹാവാർഡ് സർവ്വകലാശാലയിൽ റഷ്യയ്ക്കെതിരായ നടന്ന സമരങ്ങളിലും ഇവർ പങ്കെടുത്തിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളും ഇവർ പങ്കുവച്ചിരുന്നു. രാഷ്ട്രീയ നിലപാടുകൾ നിമിത്തം തിരികെ റഷ്യയിലേക്ക് എത്തുന്നത് ശാസ്ത്രജ്ഞയുടെ ജീവന് ആപത്തുണ്ടാകുമെന്ന സാഹചര്യമുണ്ടാവുമെന്ന ആശങ്കയാണ് സെനിയ പെട്രോവയുടെ അഭിഭാഷകൻ പങ്കുവയ്ക്കുന്നത്.
കോശങ്ങളുടെ പ്രായവർധനയേക്കുറിച്ചും അൽഷിമേഴ്സ്, ക്യാൻസർ രോഗങ്ങളെ തടയാൻ കോശങ്ങളുടെ പ്രായ വർധന നിയന്ത്രിക്കാനുള്ള ഗവേഷണങ്ങളാണ് സെനിയ പെട്രോവ ചെയ്യുന്നത്. സെനിയ പെട്രോവയുടെ സഹായമില്ലാത്തതിനാൽ ഹാവാർഡിൽ മികച്ച രീതിയിൽ മുന്നോട്ട് പോയിരുന്ന ഗവേഷണം ഏറെക്കുറെ നിലച്ച നിലയിലാണെന്നാണ് ഹവാർഡ് മെഡിക്കൽ സ്കൂൾ വിശദമാക്കുന്നത്. 20 വർഷത്തിനിടെ ഹവാർഡിൽ കണ്ട മികച്ച ശാസ്ത്രജ്ഞരിലൊരാളാണ് സെനിയ പെട്രോവയെന്നാണ് സർവ്വകലാശാല അധികൃതരും വിശദമാക്കുന്നത്. ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലേറിയതിന് പിന്നാലെ കസ്റ്റഡിയിൽ എടുക്കപ്പെട്ട നിരവധി വിദേശ വിദ്യാർത്ഥികളിലൊരാൾ കൂടിയാണ് സെനിയ പെട്രോവ. എന്നാൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ഗാസയിലെ ഇസ്രയേൽ ആക്രമണത്തിനെതിരായ പ്രതിഷേധമല്ല സെനിയ പെട്രോവയെ കസ്റ്റഡിയിലേക്ക് നയിച്ചതെന്നത് മാത്രമാണ് വ്യത്യാസമെന്നാണ് ദി ഗാർഡിയൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം