
കോവിഡ് മഹാമാരി പ്രത്യക്ഷപ്പെട്ട ശേഷമുള്ള അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് ലോകം നീങ്ങുന്നു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന രോഗവർധനയാണ് കഴിഞ്ഞ ഒരാഴ്ച ലോകത്തുണ്ടായത്. അമേരിക്കയിലും യൂറോപ്പിലും റെക്കോഡ് രോഗികൾ ഉണ്ടായതോടെയാണ് കൊവിഡ് സൂനാമി വരുന്നുവെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നൽകിയത്.
കൊവിഡിന്റെ ഏറ്റവും ഭീകരമായ ദിനങ്ങൾ വരാനിരിക്കുന്നതേയുള്ളു എന്ന് പറയുന്നു ലോകമെങ്ങുമുള്ള ആരോഗ്യ വിദഗ്ധർ. ഫ്രാൻസിൽ കഴിഞ്ഞ 24 മണിക്കൂറിൽ രണ്ടുലക്ഷത്തി എട്ടായിരം പുതിയ രോഗികളാണുണ്ടായത്. ഒരാഴ്ചത്തെ ആഗോള കണക്കുകൾ എടുത്താൽ ഓരോ ദിവസവും ശരാശരി ഒൻപതര ലക്ഷം രോഗികൾ. ഏഴു ദിവസത്തിനിടെ 65 ലക്ഷം പുതിയ രോഗികൾ. ഇതുവരെയുള്ള ഏറ്റവും ഉയർന്ന രോഗവർധനയാണിത്. മിക്ക യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഓസ്‌ട്രേലിയയും രോഗാവർധനയുടെ കൊടുമുടിയിലാണ്. ഈ ഗുരുതര സാഹചര്യം തിരിച്ചറിഞ്ഞാണ് ലോകാരോഗ്യ സംഘടനയുടെ മേധാവി മുന്നറിയിപ്പ് നൽകിയത്.
'വരുന്നത് കോവിഡ് സൂനാമിയാണ്, പല രാജ്യങ്ങളിലും ആരോഗ്യ സംവിധാനങ്ങൾ തന്നെ തകർന്നേക്കാം'
- റ്റെഡ്‌റോസ് അധാനോം (ലോകാരോഗ്യസംഘടന അധ്യക്ഷൻ )
ഒമിക്രോണും ഡെൽറ്റയും ചേർന്നുള്ള ഈ കോവിഡ് തരംഗം ലോകമെങ്ങും പുതുവത്സര ആഘോഷങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തി. ജീവൻ പോകുന്നതിലും നല്ലത് ആഘോഷം ഒഴിവാക്കുന്നതാണെന്ന് പറയുന്നു ലോകാരോഗ്യ സംഘടന. ബൂസ്റ്റർ വാക്സീൻ നൽകി പ്രതിരോധം തീർക്കാമെന്ന പ്രതീക്ഷ മാത്രമാണ് പല രാജ്യങ്ങൾക്കും ബാക്കിയുള്ളത്. അതേസമയം വാക്സീൻ എടുത്തവർക്കും ഒരിക്കൽ രോഗം വന്നുപോയവർക്കും ഒമൈക്രോൺ ബാധിക്കുമെന്നും പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്.
അതിനിടെ കോവിഡ് ചട്ടം ലംഘിച്ച നാലു പേരെ ചൈന കഴുത്തിൽ ബോർഡ് തൂക്കി തെരുവിലൂടെ നടത്തിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കുറ്റം ചെയ്യുന്നവരെ തെരുവിൽ നടത്തി അപഹസിക്കുന്നത് മുൻപ് ചൈനയിൽ പതിവായിരുന്നു. ഇടക്കാലത്ത് നിർത്തിവെച്ചിരുന്നു ഈ ശിക്ഷാരീതി കോവിഡ് സാഹചര്യത്തിൽ ചൈന പുനരാരംഭിച്ചു എന്നാണ് ഈ ദൃശ്യം തെളിയിക്കുന്നത് . ഗുവാൻഷി പ്രവിശ്യയിൽ നടപ്പാക്കിയ ഈ ശിക്ഷാരീതിയെപ്പറ്റി ചൈന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.