അമേരിക്കയും ലോകവും നടുങ്ങിയ ആ ദിനം, അല്‍ഖ്വയ്ദ ലോകത്തെ വിറപ്പിച്ച 9/11 ഭീകരാക്രമണത്തിന് 22 വയസ്സ്

Published : Sep 11, 2023, 10:38 AM ISTUpdated : Sep 11, 2023, 11:35 AM IST
 അമേരിക്കയും ലോകവും നടുങ്ങിയ ആ ദിനം, അല്‍ഖ്വയ്ദ ലോകത്തെ വിറപ്പിച്ച  9/11 ഭീകരാക്രമണത്തിന് 22 വയസ്സ്

Synopsis

വേൾഡ് ട്രേഡ് സെന്റർ സ്മാരക ശിലയിലെ വെള്ള റോസാപ്പൂവിനെ സാക്ഷിയാക്കി, ജനങ്ങളെ ഇനിയൊരാക്രമണത്തിൽ നിന്ന് സംരക്ഷിച്ചു കൊള്ളാം എന്ന പ്രതിജ്ഞ പുതുക്കാൻ ജോ ബൈഡൻ ഇന്ന് ഗ്രൗണ്ട് സീറോയിൽ എത്തും

ന്യൂയോര്‍ക്ക്: വേൾഡ് ട്രേഡ് സെന്‍റർ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 22 വർഷം. 3000 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ നടുക്കം അമേരിക്കക്കാരുടെ മനസിനെ ഇനിയും വിട്ടുപോയിട്ടില്ല.

ആദ്യം വന്ന റിപ്പോർട്ടുകൾ ഒരു വിമാനാപകടത്തിന്റേതായിരുന്നു. ബോസ്റ്റണിൽ നിന്നു പുറപ്പെട്ട അമേരിക്കൻ എയർലൈൻസിന്റെ പതിനൊന്നാം നമ്പർ ബോയിങ് വിമാനം രാവിലെ എട്ടേ മുക്കാലോടെ ന്യൂയോർക്ക് സിറ്റിയിലെ വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിലേക്ക് ഇടിച്ചു കയറി. അതേ കെട്ടിട സമുച്ചയത്തിന്റെ തെക്കേ ടവറിലേക്ക് 17 മിനിട്ടിനുള്ളിൽ യുണൈറ്റഡ് എയർലൈൻസിന്റെ ബോയിങ് വിമാനം കൂടി ഇടിച്ചു കയറിയതോടെ അതൊരു ഭീകരാക്രമണമാണെന്ന് അധികൃതർക്ക് ബോധ്യപ്പെട്ടു.

9.59ന് സൗത്ത് ടവറും 29 മിനിട്ടിനു ശേഷം നോർത്ത് ടവറും തകർന്നടിഞ്ഞു. വിമാനങ്ങൾ ഇടിച്ചിറങ്ങിയ നിലകളിൽ കുടുങ്ങിയ പലരും ജനാല വഴി മരണത്തിലേക്ക് എടുത്തുചാടുന്നതിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നു. അൽഖ്വയിദ സംഘം ലക്ഷ്യമിട്ടത് ന്യൂയോർക്ക് നഗരത്തെ മാത്രമായിരുന്നില്ല. ആ ഹിറ്റ് ലിസ്റ്റിൽ പെന്‍റഗണും വൈറ്റ് ഹൗസുമുൾപ്പെടും. എന്നാൽ വൈറ്റ് ഹൗസ് ആക്രമിക്കപ്പെടുന്നതിന് മുൻപ് വിമാനം ഷാങ്ക്സ്‌വില്ലയിലെ ആളൊഴിഞ്ഞ ഒരിടത്തേക്ക് കൂപ്പുകുത്തി.

നാലിടങ്ങളിലുമായി കൊല്ലപ്പെട്ടത് 3000ല്‍ അധികം പേർ. അപകട സാധ്യത വകവെക്കാതെ മനുഷ്യ ജീവൻ രക്ഷിക്കാൻ വേണ്ടി പാഞ്ഞു ചെന്ന 343 അഗ്നിശമന സേനാംഗങ്ങളും ഇക്കൂട്ടത്തിലുണ്ട്. വേൾഡ് ട്രേഡ് സെന്റർ തകർന്നടിഞ്ഞു വീണ ദുരന്ത ഭൂമി പിന്നീട് ഗ്രൗണ്ട് സീറോ എന്നറിയപ്പെട്ടു. ഈ അക്രമണങ്ങൾക്കുള്ള മറുപടിയായി ഗ്ലോബൽ വാർ ഓൺ ടെറർ എന്ന പേരിൽ അമേരിക്കയുടെ പ്രതികാര ദൗത്യങ്ങൾക്കും പിന്നീട് ലോകം സാക്ഷ്യം വഹിച്ചു.

സ്വന്തം മണ്ണിലേക്ക് കടന്നുവന്ന് തങ്ങളെ ആക്രമിക്കാൻ ഒരു ശക്തിക്കും ആവില്ല എന്ന അമേരിക്കയുടെ ആത്മവിശ്വാസത്തിന്റെ നടുമ്പുറത്തേറ്റ അടിയായിരുന്നു വേൾഡ് ട്രേഡ് സെന്റർ ആക്രമണം. അതിനുപിന്നാലെ അമേരിക്കയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ തന്നെ സമഗ്രമായി പൊളിച്ചെഴുതപ്പെട്ടു. വേൾഡ് ട്രേഡ് സെന്റർ സ്മാരക ശിലയിലെ വെള്ള റോസാപ്പൂവിനെ സാക്ഷിയാക്കി, നാട്ടിലെ ജനങ്ങളെ ഇനിയൊരാക്രമണത്തിൽ നിന്ന് സംരക്ഷിച്ചു കൊള്ളാം എന്ന പ്രതിജ്ഞ പുതുക്കാൻ ജോ ബൈഡൻ ഇന്ന് ഗ്രൗണ്ട് സീറോയിൽ എത്തും.

PREV
click me!

Recommended Stories

കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ
ഏഷ്യൻ ശക്തികളുടെ ബന്ധം വഷളാകുന്നു; തങ്ങളുടെ വിമാനങ്ങള്‍ക്കുനേരെ ചൈന അപകടകരമായ രീതിയില്‍ റഡാര്‍ പ്രയോഗിച്ചെന്ന് ജപ്പാന്‍